പേവിഷബാധയെ തുടർന്നുള്ള മരണം: അന്വേഷണ സംഘത്തെ നിയോഗിക്കണം -മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: പേവിഷബാധയെ തുടർന്ന് സമീപദിവസങ്ങളിലുണ്ടായ മരണങ്ങളുടെ കാരണങ്ങൾ അന്വേഷിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ ഒരു മെഡിക്കൽ സംഘത്തെ നിയോഗിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.

പേവിഷബാധ കാരണം മരിച്ചവർ പ്രതിരോധ വാക്സിൻ എടുത്തിട്ടുണ്ടോ, വാക്സിൻ പ്രോട്ടോക്കോൾ പാലിച്ചിട്ടുണ്ടോ, ഇവർക്ക് കുത്തിവച്ച വാക്സിന്റെ കാര്യക്ഷമത, വാക്സിനുകൾ കേടുവരാതെ സൂക്ഷിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് മെഡിക്കൽ സംഘം അന്വേഷിക്കേണ്ടതെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ദാരുണ സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കുന്ന നടപടികളും അന്വേഷണ റിപ്പോർട്ടിൽ രേഖപ്പെടുത്തണം. ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് കമ്മീഷനിൽ സമർപ്പിക്കണം.

സർക്കാർ ആശുപത്രികളിൽ ഉപയോഗിക്കുന്ന വാക്സിന്റെ കാര്യക്ഷമത പരിശോധിച്ച് ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുളള നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻ. സി. ഡി. സി) അനുശാസിക്കുന്ന ഗുണനിലവാരം കേരളത്തിൽ ഉപയോഗിക്കുന്ന പേവിഷ പ്രതിരോധ വാക്സിനുകൾക്കുണ്ടോ എന്നും പരിശോധിക്കണം. പേവിഷ പ്രതിരോധ വാക്സിന്റെ ഗുണനിലവാരം പരിശോധിക്കാനും പഠിക്കാനും പ്രാപ്തമായ ഏജൻസി ഏതാണെന്നും റിപ്പോർട്ടിൽ അറിയിക്കണം.

സമീപകാല സംഭവങ്ങളെ കുറിച്ച് പഠിക്കാനും പ്രതിരോധ മാർഗങ്ങൾ നിർദ്ദേശിക്കാനുമായി എൻ. സി. ഡി. സി നിർദേശിക്കുന്ന ഒരു ഏജൻസിയെ നിയോഗിക്കുന്നത് സർക്കാർ പരിഗണിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു. നിർദേശങ്ങൾ നടപ്പിലാക്കിയത് സംബന്ധിച്ച് ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.

ജൂൺ ഒമ്പതിന് രാവിലെ 10 ന് കമീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ ഡപ്യൂട്ടി ഡി.എം.ഇയും ആരോഗ്യ സെക്രട്ടറിയുടെ പ്രതിനിധിയും ഹാജരാകണം. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. 

Tags:    
News Summary - Death due to rabies: An investigation team should be appointed - Human Rights Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.