ബാലഭാസ്കറിൻെറ മരണം: രണ്ടു പേരെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടുവെന്ന്

കൊച്ചി/ തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കർ മരിക്കാനിടയായ കാറപകടം നടന്നയുടൻ പ്രദേശത്ത് രണ്ട് പേരെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടുവെന്ന് വെളിപ്പെടുത്തൽ. കലാഭവൻ സോബിയാണ് വെളിപ്പെടുത്തൽ നടത്തിയത്. ഇക്കാര്യം ആദ്യം ഗായകൻ മധു ബാലകൃഷ്ണനെ അറിയിച്ചിരുന്നു. മധു ബാലകൃഷ്ണൻ മാനേജർ പ്രകാശൻ തമ്പിയെ അറിയിക്കാൻ ആവശ്യപ്പെട്ടു.

എന്നാൽ, താൻ വിവരം അറിയിച്ചെങ്കിലും പ്രകാശൻ തമ്പി ഗൗനിച്ചില്ല. ഇതുസംബന്ധിച്ച് പൊലീസിന് മൊഴി നൽകാൻ തയ്യാറാണെന്നും കലാഭവൻ സോബി പറഞ്ഞു. സോബി തിരുനെൽവേലിയിലേക്ക് പോകുമ്പോഴാണ് അപകടം കണ്ടത്. തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പങ്ക് തെളിഞ്ഞതോടെ അറസ്റ്റിലാണ് പ്രകാശൻ തമ്പി. ഇതോടെ സംഗീതജ്ഞൻ ബാലഭാസ്കറിൻെറ മരണത്തിൽ ദുരൂഹതയേറി.

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ പിടിയിലായ പ്രകാശന്‍ തമ്പി ബാലഭാസ്കറിൻെറ സംഗീത പരിപാടികളുടെ സംഘാടകനും, പ്രധാന പ്രതിയെന്ന് സംശയിക്കുന്ന വിഷ്ണു സാമ്പത്തിക മാനേജരുമായിരുന്നു. നേരത്തെ, മകൻെറ മരണത്തിൽ ഇരുവരുടേയും പങ്ക് അന്വേഷിക്കണമെന്ന് ബാലഭാസ്കറിൻെറ പിതാവ് കെ.സി. ഉണ്ണി ആവശ്യപ്പെട്ടിരുന്നു. അപകടവുമായി ബന്ധപ്പെട്ട് പ്രകാശൻ തമ്പിയുടേയും വിഷ്ണുവിൻെറയും പ്രവൃത്തികളിൽ സംശയമുണ്ടെന്നും ഇത് അന്വേഷണിക്കണമെന്നുമാണ് പിതാവ് ആവശ്യപ്പെട്ടത്.

കാറപകടവുമായി ബന്ധപ്പെട്ട് പാലക്കാട്ടെ ആശുപത്രി ഉടമയുടെ പേരിലും ബന്ധുക്കൾ നേരത്തെ സംശയം ഉന്നയിച്ചിരുന്നു. ഇവരുമായി വിഷ്ണുവിനും പ്രകാശിനും അടുത്ത ബന്ധമുണ്ടെന്നാണ് പിതാവ് പറയുന്നത്. വിഷ്ണുവുമായി ബാലഭാസ്കറിന് ചെറുപ്പം മുതൽ ബന്ധമുണ്ടായിരുന്നതായി സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നുണ്ട്. സംഗീത പരിപാടികളുടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്ന സമയത്ത് ഇയാൾ സ്ഥിരമായി വിദേശയാത്ര നടത്തിയിരുന്നു. എന്നാൽ, ഇവർ ബാലഭാസ്കറിൻെറ മാനേജർമാരല്ലായിരുന്നെന്നും ചില പരിപാടികളുടെ സംഘാടകർ മാത്രമായിരുന്നെന്നുമാണ് ഭാര്യ ലക്ഷ്മിയുടെ നിലപാട്.

ഇതോടെ സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസിൽ (ഡി.ആർ.ഐ) നിന്ന് ക്രൈംബ്രാഞ്ച് വിവരങ്ങൾ ശേഖരിച്ചു. ദുരൂഹത നീക്കാൻ ഡ്രൈവർ അർജുനെ വീണ്ടും ചോദ്യം ചെയ്യും. ദൃക്സാക്ഷികളിൽനിന്നും ബന്ധുക്കളിൽനിന്നും വീണ്ടും മൊഴിയെടുത്തേക്കും.

Tags:    
News Summary - death of-balabhaskar-crime-branch-enquiry-to-gold-smugglers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.