തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ചടങ്ങിൽ പങ്കെടുത്തു. തുറമുഖത്തിന്റെ കമീഷനിങ്ങിൽ സതീശൻ പങ്കെടുത്തിരുന്നില്ല.
തുറമുഖത്തു നിന്ന് ഇറക്കുമതിയും കയറ്റുമതിയും സാധ്യമാക്കുന്ന ‘എക്സിം’ കാര്‍ഗോ സേവനങ്ങളുടെയും ദേശീയപാത ബൈപാസിലേക്ക് നിര്‍മിച്ച പുതിയ പോര്‍ട്ട് റോഡിന്റെയും ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. നാടിന്റെ വികസനത്തിന് എൽ.ഡി.എഫിന് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണുള്ളതെന്നും കേരളം മാറുന്നുവെനും അത് നമ്മുടെ അഭിമാനമാണെന്നും ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പറഞ്ഞു.
നിർമാണത്തിനിടെ പല തടസ്സങ്ങളുമുണ്ടായി. ഇതൊന്നും കേരത്തിൽ നടക്കുകയില്ലെന്ന് ചിലർ ആക്ഷേപിച്ചു. എന്നാൽ, വിഴിഞ്ഞം ഇന്ന് നാടിന് അഭിമാനമായിരിക്കുന്നുവെന്നും അടിസ്ഥാന സൗകര്യ വികസനത്തിലെ പുതിയ അധ്യായമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 10,000 കോടിരൂപയിലധികം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. വികസനം പൂര്‍ത്തിയാകുന്നതോടെ വിഴിഞ്ഞത്തിന്റെ ശേഷി പ്രതിവര്‍ഷം 57 ലക്ഷം കണ്ടെയ്നറുകളായി വര്‍ധിക്കുമെന്നാണ് പറയുന്നത്.
2028ഓടെ പദ്ധതികൾ പൂര്‍ത്തിയാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി രണ്ട്, മൂന്ന്, നാല് ഘട്ടങ്ങള്‍ ഒരേസമയം നിര്‍മിക്കാനാണ് തീരുമാനം. രണ്ടാം ഘട്ടത്തിനായി മാത്രം ഏകദേശം 9,700 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. അദാനി ഗ്രൂപ്പുമായി ഒപ്പിട്ട ഉപകരാര്‍ പ്രകാരമാണ് നിര്‍മാണം.
രണ്ടാം ഘട്ടം പൂര്‍ത്തിയാകുന്നതോടെ തുറമുഖത്തിന്റെ കണ്ടെയ്നര്‍ കൈകാര്യം ചെയ്യാനുള്ള ശേഷി 10 ലക്ഷം ടി.ഇ.യുവില്‍ നിന്ന് 50 ലക്ഷം ടി.ഇ.യു ആയി വര്‍ധിക്കും. നിലവിലുള്ള 800 മീറ്റര്‍ ബര്‍ത്ത് 2000 മീറ്ററായി ഉയര്‍ത്തും. ഇതോടെ ഒരേസമയം നാല് കൂറ്റന്‍ മദര്‍ ഷിപ്പുകളെ സ്വീകരിക്കാന്‍ വിഴിഞ്ഞത്തിന് കഴിയും. പുലിമുട്ട് മൂന്ന് കിലോമീറ്ററില്‍ നിന്ന് നാല് കിലോമീറ്ററായി വര്‍ധിപ്പിക്കും. വലിയ കപ്പലുകള്‍ക്ക് ദീര്‍ഘദൂര യാത്രക്കിടയില്‍ ഇന്ധനം നിറക്കാനുള്ള സൗകര്യവും ഒരുങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.