തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ഡി.സി.സി പുനഃസംഘടന നടപടികൾക്ക് ധാരണയായെങ്കിലും എങ്ങനെ വേണമെന്നതിൽ നേതൃത്വത്തിന് രണ്ടഭിപ്രായം. പ്രകടനം മോശമായ ഡി.സി.സികൾ മാത്രം അഴിച്ചുപണിയുകയും മറ്റുള്ളവരെ തുടരാൻ അനുവദിക്കുകയും ചെയ്യണമെന്നതാണ് ഒരുവിഭാഗത്തിന്റെ നിലപാട്. അതേസമയം, പുനഃസംഘടനയെങ്കിൽ ‘മാർക്കും മെറിറ്റും’ നോക്കാതെ തൃശൂർ ഒഴികെ എല്ലാ ഡി.സി.സികൾക്കും ബാധകമാക്കണമെന്നും അല്ലാത്തപക്ഷം എല്ലാവരെയും തുടരാൻ അനുവദിക്കണമെന്നുമാണ് മറുവാദം.
ഇക്കാര്യത്തിൽ സമവായത്തിൽ എത്താനാകാത്തത് കീറാമുട്ടിയാണ്. അടുത്ത കാലത്താണ് തൃശൂരിൽ ഡി.സി.സി പ്രസിഡന്റിനെ തെരഞ്ഞെടുത്ത് എന്നതിനാലാണ് ജില്ലയെ ഒഴിവാക്കിയത്. തദ്ദേശ തെരഞ്ഞെടുപ്പ് ആസന്നമായ പശ്ചാത്തലത്തിൽ പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കേണ്ട ഡി.സി.സികളെ ശക്തമാക്കണമെന്നാണ് ഹൈകമാന്റ് നിർദേശം. പ്രധാന നേതാക്കളെ തന്നെ പ്രസിഡന്റുമാരാക്കണമെന്നത് അഹ്മദാബാദ് എ.ഐ.സി.സി സമ്മേളന തീരുമാനമാണ്. മണ്ഡലം, ബ്ലോക്ക് ഭാരവാഹികളെയും ഡി.സി.സി ഭാരവാഹികളെയും കൂടിയാലോചനകളിലൂടെ തീരുമാനിക്കാനുള്ള അധികാരമടക്കം ഇനി ഡി.സി.സി പ്രസിഡന്റുമാർക്കാണ്.
ലോക്സഭ-നിയമസഭ സ്ഥാനാർഥി നിർണയത്തിലും ഇവർക്ക് പങ്കുണ്ട്. തെരഞ്ഞെടുപ്പിൽ മത്സരിക്കാനുമാവില്ല. ഇത്തരത്തിൽ സംഘടനാപരമായ സുപ്രധാന റോളിലേക്കാണ് ഡി.സി.സി പ്രസിഡന്റുമാർ മാറുക. കെ.പി.സി.സി നേതൃത്വവുമായി ഹൈകമാൻഡ് ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലും ഡി.സി.സികളെ ശാക്തീകരിക്കാനാണ് നിർദേശിച്ചത്. എന്നാൽ, പുനഃസംഘടന വിഷയത്തിലെ രണ്ട് അഭിപ്രായം കെ.പി.സി.സി നേതൃത്വം ചൂണ്ടിക്കാട്ടിയപ്പോൾ അക്കാര്യം കേരളത്തിൽ ധാരണയിലെത്തണമെന്നായിരുന്നു ഹൈകമാൻഡ് നിലപാട്. നിലവിലെ ഡി.സി.സി പ്രസിഡന്റുമാർ ചുമതലയേറ്റിട്ട് നാലുവർഷം പൂർത്തിയായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.