കോഴിക്കോട്: നാടു മുഴുവൻ പുതുവത്സര പുലരിയിലേക്ക് കൺതുറന്നപ്പോൾ ഇവിടെ ഒരുകൂട്ടം മൃതദേഹങ്ങൾ ഉറ്റവരുടെ വരവിനായി കാത്തിരിക്കുന്നു. ഒരുമാസത്തോളമായി 16 മൃതദേഹങ്ങളാണ് മെഡിക്കൽ കോളജിലും വടകര ബീച്ചാശുപത്രിയിലും ബന്ധുക്കളെത്താത്തതിനെ തുടർന്ന് സൂക്ഷിച്ചിട്ടുള്ളത്.
മെഡിക്കൽ കോളജ് മോർച്ചറിയിൽ 14 മൃതദേഹങ്ങളും മറ്റു ആശുപത്രികളിൽ ഓരോന്നുമാണ് ഉള്ളത്. ഇവിടങ്ങളിൽ സൂക്ഷിച്ച 23 മൃതദേഹങ്ങളിൽ തിരിച്ചറിഞ്ഞ ഏഴു പേരുടേത് ബന്ധുക്കൾ മുമ്പ് ഏറ്റുവാങ്ങിയിരുന്നു. ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞതായിരുന്നു ഇവ. എന്നാൽ, ഡി.എൻ.എ പരിശോധന പൂർത്തിയാവുകയോ ബന്ധുക്കളുടെ ഡി.എൻ.എയുമായി ക്രോസ്മാച്ചിങ് പൂർത്തിയാവുകയോ ചെയ്യാത്തവയാണ് മോർച്ചറിയുടെ തണുപ്പിൽ വിറങ്ങലിച്ചു കിടക്കുന്നത്. തിരിച്ചറിയാൻ പറ്റാത്തവിധം അഴുകിയും ദ്രവിച്ചുമാണ് ഇവയുള്ളത്. നവംബർ 29നാണ് ഓഖി കൊടുങ്കാറ്റ് കടലിൽ ആഞ്ഞടിച്ചത്. തുടർന്ന് കോഴിക്കോടിെൻറ വിവിധ തീരങ്ങളിലായി 23 മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു.
ബേപ്പൂർ, കൊയിലാണ്ടി, വടകര തുടങ്ങിയ തീരങ്ങളിൽനിന്ന് കണ്ടെടുത്ത മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രണ്ട് തമിഴ്നാട് സ്വദേശികളുടെയും അഞ്ച് തിരുവനന്തപുരം സ്വദേശികളുടെയും മൃതദേഹം ബന്ധുക്കൾ നാട്ടിലേക്ക് കൊണ്ടുപോയി. ബന്ധുക്കൾ ഏറ്റുവാങ്ങുന്നതുവരെ മൃതദേഹങ്ങൾ ഇവിടെ സൂക്ഷിക്കുമെന്ന് ഡെപ്യൂട്ടി കലക്ടർ പി.പി. കൃഷ്ണൻകുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.