തിരുവനന്തപുരം: ഇപ്പോൾ സ്വീകരിക്കുന്ന സംശുദ്ധമായ രീതികൾ തുടരണമെന്നും ഏതെങ്കിലും തരത്തിലെ തെറ്റുകൾ സംഭവിക്കരുതെന്നും എസ്.എഫ്.ഐക്ക് മുഖ്യമന്ത്രിയുടെ ഉപദേശം. തെറ്റിനെതിരെ നല്ല തോതിൽ പടപൊരുതുന്ന നിലയുണ്ടാകണം. സംഘടനയുടെ പ്രത്യേകതകൾ സൂക്ഷിക്കാൻ കഴിയണം. എസ്.എഫ്.ഐക്കെതിരെ എന്തെങ്കിലും ചെറിയ തോതിലെ പ്രശ്നം കിട്ടിയാൽ വലതുപക്ഷ മാധ്യമങ്ങൾ പർവതീകരിച്ച് വാർത്ത കൊടുക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായുള്ള പൊതുസമ്മേളനം സെൻട്രൽ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരുകാലത്ത് പല കാമ്പസുകളിലും സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യം സംഘടനക്കുണ്ടായിരുന്നു. ഒട്ടേറെ ത്യാഗങ്ങൾ അനുഭവിക്കേണ്ടിവന്ന പ്രസ്ഥാനവുമാണിത്. അതേ സമയം മർദനങ്ങൾക്കുമുന്നിൽ പതറാതെ, മുന്നോട്ടുപോയ ചരിത്രമാണ് എസ്.എഫ്.ഐക്കുള്ളത്. ഭയപ്പെടുത്തി വിദ്യാർഥികളെ പിന്തിരിപ്പിക്കാമെന്ന ധാരണകളെ ഈ സംഘം തിരുത്തിയിട്ടുണ്ട്.
വിവിധ ഘട്ടങ്ങളിൽ സർക്കാറിന്‍റെ വേട്ടയാടലുകൾക്ക് സംഘടന ഇരയായി. ഇതിനിടെ, രക്തസാക്ഷികളായവരുമുണ്ട്. ഇതിനിടയിലെല്ലാം രാജ്യത്തിന്‍റെ പൊതുവായ പ്രശ്നങ്ങളിൽ കൃത്യതയാർന്ന നിലപാട് സംഘടനക്കായെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി വി. ശിവൻകുട്ടി, ദേശീയ പ്രസിഡന്‍റ് വി.പി. സാനു, ദേശീയ ജനറൽ സെക്രട്ടറി മയൂഖ് വിശ്വാസ്, തമിഴ്നാട് സംസ്ഥാന സെക്രട്ടറി അരവിന്ദ്, സി.പി.എം ജില്ല സെക്രട്ടറി വി. ജോയി, നീതിഷ് നാരായണൻ, ആദർഷ് എം. സജി, പി.എം. ആർഷോ, കെ. അനുശ്രീ, എസ്.കെ. ആദർശ് എന്നിവർ സംബന്ധിച്ചു.
പൊതുസമ്മേളനത്തിന് മുന്നോടിയായി യൂനിവേഴ്സിറ്റി കോളജിൽ നിന്ന് സെൻട്രൽ സ്റ്റേഡിയത്തിലേക്ക് വിദ്യാർഥി മാർച്ചും നടന്നു. ഉച്ചക്കുശേഷം എ.കെ.ജി സെന്‍റർ ഹാളിൽ പ്രതിനിധി സമ്മേളനം ആരംഭിച്ചു. 503 പ്രതിനിധികളും 71 സംസ്ഥാന കമ്മിറ്റി അംഗങ്ങളും ലക്ഷ്വദീപില്‍നിന്നുള്ള മൂന്ന് പ്രതിനിധികളുമാണ് പങ്കെടുക്കുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ പ്രതിനിധി സമ്മേളനം തുടരും. വെള്ളിയാഴ്ച പുതിയ സംസ്ഥാന കമ്മിറ്റിയെയും ഭാരവാഹികളെയും തെരഞ്ഞെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.