മോദി തുഗ്ലക്കിന്‍റെ പുതിയ അവതാരമെന്ന് ചെന്നിത്തല

തിരുവനന്തപുരം: വീണ്ടുവിചാരങ്ങളില്ലാത്ത തീരുമാനങ്ങളിലൂടെ ജനങ്ങളെ ദുരിതത്തിലാക്കിയ ചരിത്രത്തിലെ സുല്‍ത്താന്‍ മുഹമ്മദ് ബീന്‍ തുഗ്ലക്കിന്‍റെ പുതിയ അവതാരമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്നൊരുക്കങ്ങളൊന്നുമില്ലാതെ ഒരു രാത്രി രാജ്യത്തെ നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം തുഗ്ലക്കിന്‍റെ തീരുമാനങ്ങളെയാണ് ഓര്‍മപ്പെടുത്തുന്നത്. ആയിരത്തിന്‍റെ‍യും നൂറിന്‍റെയും നോട്ടുകള്‍ പിന്‍വലിക്കുകയെന്ന വലിയ തീരുമാനം അവധാനതയോടെയും വേണ്ടത്ര മുന്നൊരുക്കങ്ങളോടെയുമാണ് നടപ്പാക്കേണ്ടിയിരുന്നത്. അതിന് പകരം ഒരു ബദല്‍ സംവിധാനവുമൊരുക്കാതെ ഒരു രാത്രി നാടകീയമായി നോട്ടുകള്‍ പിന്‍വലിക്കുകയാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കുകയാണ് ചെയ്തത്. എന്നിട്ട് അദ്ദേഹം ജപ്പാനിലേക്ക് പോവുകയും ചെയ്തു. നോട്ടുകള്‍ അസാധുവാക്കിയതോടെ ജനങ്ങള്‍ നിത്യചെലവിന് പണമില്ലാതെ നരകിക്കുമ്പോള്‍ അതെല്ലാം ചെയ്തുവെച്ച പ്രധാനമന്ത്രി ജപ്പാനില്‍ ഉല്ലാസയാത്രയിലാണെന്നും ചെന്നിത്തല പറഞ്ഞു.

ജനങ്ങളോട് ഉത്തരവാദിത്വമുള്ള ഒരു ഭരണാധികാരിക്ക് ഇങ്ങനെ പെരുമാറാന്‍ കഴിയില്ല. രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ ഇവിടെ തന്നെ ഇരുന്ന് അതിന് പരിഹാരം കാണുകയായിരുന്നു പ്രധാനമന്ത്രി ചെയ്യേണ്ടിയിരുന്നത്. നോട്ടുകള്‍ പിന്‍വലിച്ച് അഞ്ചാം ദിവസമായിട്ടും പ്രതിസന്ധിക്ക് അയവുണ്ടാവുന്നില്ല. പണത്തിനായി ജനങ്ങള്‍ ബാങ്കുകള്‍ക്ക് മുന്നില്‍ പൊരിവെയിലത്ത് ക്യൂ നില്‍ക്കുന്നു. എ.ടി.എമ്മുകളില്‍ ഇപ്പോഴും പണമില്ല. റിസര്‍വ് ബാങ്ക് ആവശ്യമായത്ര നോട്ട് എത്തിക്കാത്തതിനാല്‍ അടുത്തൊന്നും പ്രതിസന്ധി തീരില്ലെന്നാണ് ബാങ്ക് അധികൃതര്‍ തന്നെ പറയുന്നത്. ഇടപാടുകള്‍ ഓണ്‍ലൈനായി നടത്താന്‍ പറയുന്ന ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഏത് ഗ്രഹത്തിലാണ് ജീവിക്കുന്നതെന്ന് ചെന്നിത്തല ചോദിച്ചു.

നിത്യപട്ടിണിക്കരായ ഇന്ത്യയിലെ കോടിക്കണക്കിന് സാധാരണക്കാര്‍ക്ക് എവിടെയാണ് ഓണ്‍ലൈന്‍ സംവിധാനം?  മോദി അവകാശപ്പെടുന്നത് പോലെ ഇതുവഴി കള്ളപ്പണക്കാരെ കുടുക്കാന്‍ കഴിയുമോ എന്ന് കണ്ടറിയണം. വന്‍തോക്കുകള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും സ്വന്തം പാര്‍ട്ടിക്കാര്‍ക്കും വിവരം ചോര്‍ത്തിക്കൊടുത്ത ശേഷമാണ് മോദി പരിഷ്‌ക്കാരം നടപ്പാക്കിയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അത് സാധൂകരിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. മോദിയുടെ പരിഷ്‌ക്കാരം കൊണ്ട് കള്ളപ്പണക്കാരല്ല, സാധാരണ പാവങ്ങളാണ് വെള്ളത്തിലായതെന്നും ചെന്നിത്തല വാർത്താകുറിപ്പിലൂടെ ആരോപിച്ചു. 

Tags:    
News Summary - currency crisis chennithala to modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.