കടിഞ്ഞാണ്‍ കൈവിടുന്നു; ജനവും കരുതലില്‍

തൃശൂര്‍: നിക്ഷേപത്തുകയില്‍ ആവശ്യപ്പെട്ടത്  നല്‍കാന്‍ പോലും ബാങ്കുകളിലില്ളെന്ന അവസ്ഥ വന്നതോടെ ജനവും കരുതലില്‍. പുതിയ കറന്‍സി ഉള്‍പ്പെടെ ലഭിക്കാവുന്ന പരമാവധി പണം പിന്‍വലിക്കുന്ന ഇടപാടുകാര്‍ അതത്രയും ‘പൂഴ്ത്തുക’യാണ്. രണ്ട് ദിവസമായി ബാങ്കുകളില്‍ വായ്പാ തിരിച്ചടവും മറ്റുമായി അടക്കേണ്ടവരാരും പുതിയ രണ്ടായിരത്തിന്‍െറ നോട്ട് പുറത്തെടുത്തിട്ടില്ല. ചെക്കും മറ്റുമായി ക്രമീകരിക്കുകയാണ്. കിട്ടിയ പണം തീര്‍ന്നാല്‍ നാളെ കിട്ടിയില്ളെങ്കിലോ എന്ന ആശങ്ക പ്രകടമാണ്. ഇതേ ചോദ്യം ഇടപാടുകാര്‍ ഉയര്‍ത്തുന്നുണ്ടെന്ന് ബാങ്ക് ജീവനക്കാര്‍ പറയുന്നു.

രാജ്യത്ത് പ്രചാരത്തിലുള്ള പണത്തിന്‍െറ (മണി ഇന്‍ സര്‍ക്കുലേഷന്‍) 86 ശതമാനം വരുന്ന അഞ്ഞൂറ്, ആയിരം നോട്ടുകള്‍ പിന്‍വലിച്ച് പകരം 2000 ഇറക്കിയെങ്കിലും അത് എത്രത്തോളം അച്ചടിച്ചുവെന്ന് വ്യക്തമല്ല. ബാങ്കുകളില്‍ രണ്ടായിരത്തിന്‍െറ നോട്ടിനു  ക്ഷാമമുണ്ട്. സേവിങ്സ് അക്കൗണ്ടില്‍നിന്ന് ആഴ്ചയില്‍ പരമാവധി 24,000 രൂപയും കറന്‍റ് അക്കൗണ്ടില്‍ അര ലക്ഷവും പിന്‍വലിക്കാമെന്ന് റിസര്‍വ് ബാങ്ക് പറയുന്നുണ്ടെങ്കിലും ഭൂരിഭാഗം ബാങ്കുകളിലും ഒറ്റയടിക്ക് അത്ര കൊടുക്കാനുള്ള രണ്ടായിരത്തിന്‍െറ കറന്‍സിയില്ല.

2001ല്‍ റിസര്‍വ് ബാങ്ക് പിന്‍വലിക്കാന്‍ തീരുമാനിച്ച 100ന്‍െറ കീറിപ്പറിഞ്ഞ നോട്ടുകള്‍ ഏതാണ്ട് മുഴുവനായും പുറത്തെടുത്ത് വിതരണം കഴിഞ്ഞു. 50, 20 രൂപയുടെ നോട്ടുകള്‍ വിരളമായി. പോയ നോട്ടുകളൊന്നും തിരിച്ച്  വരുന്നില്ളെന്നിരിക്കെ, ബാങ്കുകള്‍ നിശ്ചലാവസ്ഥയിലേക്ക് നീങ്ങുകയാണ്.
കഴിഞ്ഞ പത്തുദിവസമായി നോട്ടുമാറ്റല്‍ തിരക്കായതിനാല്‍ മുടങ്ങിയ മറ്റു ജോലികള്‍ തീര്‍ക്കാനാണ് ശനിയാഴ്ച നോട്ടുമാറ്റത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതെങ്കിലും ‘മറ്റു ജോലികള്‍’ കാര്യമായി നടന്നില്ളെന്ന് ബാങ്ക് ജീവനക്കാര്‍ പറയുന്നു.

നിക്ഷേപം സ്വീകരിക്കലും വായ്പ നല്‍കലുമാണ് പ്രധാന ഇടപാട്. നിക്ഷേപം സ്വീകരിക്കല്‍ നോട്ടുമാറ്റത്തിന് മാത്രമായി ചുരുങ്ങി. വായ്പ അനുവദിക്കാന്‍ പണവുമില്ല. പിന്നെയുള്ളത് ഇന്‍ഷുറന്‍സ്, മ്യൂച്വല്‍ ഫണ്ട് തുടങ്ങിയ ഇതര ഉല്‍പന്ന വില്‍പനയാണ്. അത് ബാങ്കുകളുടെ വരുമാന വര്‍ധനക്കുള്ള ഉപാധിയുമാണ്. എന്നാല്‍, ഇന്നലെ അതൊന്നും നടന്നില്ല. ഡിമാന്‍റ് ഡ്രാഫ്റ്റ് എടുക്കല്‍, പരീക്ഷാഫീസുകള്‍ ഉള്‍പ്പെടെ ചലാന്‍ ഒടുക്കല്‍, അക്കൗണ്ട് മാറ്റല്‍ തുടങ്ങിയ ഇടപാടുകള്‍ കഴിഞ്ഞ 10 ദിവസങ്ങളില്‍ നടന്ന അതേ രീതിയിലാണ് ഇന്നലെയും ഉണ്ടായത്. ചുരുക്കത്തില്‍ ബാങ്കുകള്‍ പണം കൊടുക്കുന്നത് കുറഞ്ഞ അതേ അനുപാതത്തില്‍ വരുമാനവും കുറഞ്ഞു.

ഇതിനിടക്ക്, തിരുവനന്തപുരത്ത് ആര്‍.ബി.ഐയില്‍ ആറുകോടിയുടെ അഞ്ഞൂറിന്‍െറ നോട്ടുകള്‍ വന്നതായി വിവരമുണ്ട്. എ.ടി.എമ്മില്‍ നിക്ഷേപിക്കാനാണെന്നും പറയപ്പെടുന്നു. എന്തിനായാലും ഒന്നോ രണ്ടോ ചെറുകിട ബാങ്കുകളിലെ ഒറ്റ ദിവസത്തെ ഇടപാടിനു പോലും തികയാത്ത തുകയാണിത്. എ.ടി.എമ്മില്‍ നിക്ഷേപിച്ചാല്‍ നിമിഷങ്ങള്‍ക്കകം തീരും. മാത്രമല്ല, പുതിയ നോട്ടുകള്‍ക്കും ക്ഷാമമാണെന്ന് വരുമ്പോള്‍ അതും കിട്ടുന്നവര്‍ പൂഴ്ത്തുമെന്ന അവസ്ഥയുണ്ട്.

 

Tags:    
News Summary - currency ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.