തൃശൂർ: അന്താരാഷ്ട്ര ചലച്ചിത്രോത്സവവും സ്കൂൾ കലോത്സവവും സംഗീത നാടക അക്കാദമിയുടെ അന്താരാഷ്ട്ര നാടകോത്സവവും സംഘടിപ്പിക്കാൻ സമ്മർദം. ആഘോഷ പൊലിമ കുറച്ച് നടത്താൻ സാംസ്കാരിക പ്രവർത്തകർ മന്ത്രി എ.കെ. ബാലനെ നേരിൽ കണ്ട് നിർദേശമുന്നയിച്ചു. നടത്തിപ്പിനായി സർക്കാർ ഫണ്ട് വിനിയോഗിക്കാതെ മറ്റ് ധനാഗമ മാർഗങ്ങൾ സ്വീകരിക്കാമെന്നാണ് മന്ത്രിക്ക് മുന്നിൽ വെച്ച നിർദേശം. എന്നാൽ സർക്കാർ തീരുമാനം പുറത്തുവരാൻ വൈകും.
ചികിത്സ കഴിഞ്ഞ് അമേരിക്കയിൽ നിന്ന് മുഖ്യമന്ത്രിയെത്തുമ്പോൾ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തി സാധ്യമാക്കുമെന്നാണ് മന്ത്രി എ.കെ. ബാലനോടടുത്ത സാംസ്കാരിക പ്രവർത്തകർ പറയുന്നത്.
പൊതുഭരണവകുപ്പിെൻറ ആഘോഷങ്ങളൊഴിവാക്കാനുള്ള നിർദേശത്തിൽ മന്ത്രിമാർ തന്നെ പരസ്യമായി എതിർപ്പുയർത്തി രംഗത്ത് വന്നിരുന്നു. പ്രളയത്തിൽ തളർന്നവരെ തിരികെയെത്തിക്കുന്നതിൽ കലാ-സാംസ്കാരിക മേഖലക്ക് വലിയ പങ്കുണ്ടെന്നതിനാൽ ഇത്തരം മേളകൾ ഒഴിവാക്കരുതെന്നാണ് സാംസ്കാരിക പ്രവർത്തകരുടെയും വാദം. ചലച്ചിത്രോത്സവത്തിനുള്ള നടപടികൾ എല്ലാം പൂർത്തിയായിരിക്കെ കൂടിയാലോചനയോ അഭിപ്രായം തേടലോ ഇല്ലാതെ ഉത്തരവിറക്കിയതിലും എതിർപ്പുണ്ട്.
ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ കമൽ അടക്കമുള്ളവർ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മന്ത്രി ബാലനെ കമൽ നേരിൽ കാണുകയും ചെയ്തു. സ്കൂൾ കലോത്സവത്തിെൻറ കാര്യത്തിലും ഇത് തന്നെയാണ് നിർദേശം.
കുട്ടികൾ കലോത്സവങ്ങളെ കാത്തിരിക്കുന്നുണ്ടെന്നും മേളയൊഴിവാക്കുന്നത് ശരിയല്ലെന്നുമാണ് വിലയിരുത്തുന്നത്. മാത്രവുമല്ല, മത്സരാർഥികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കുന്നതാണ് സ്കൂൾ കലോത്സവം. വലിയ ആഘോഷങ്ങളൊഴിവാക്കി മത്സര ഇനങ്ങളായി മേള സംഘടിപ്പിക്കാമെന്നാണ് വിദ്യാഭ്യാസ വകുപ്പും പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.