ചെറുതോണി: കാമാക്ഷി പഞ്ചായത്തിലെ ഉദയഗിരി സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പ്. സംഭവത്തിൽ രണ്ട് ജീവനക്കാരെ ബാങ്ക് ഭരണ സമിതി സസ്പെൻഡ് ചെയ്തു. 2013 മുതൽ അഡ്മിനിസ്ട്രേറ്റിവ് ഭരണം നിലനിൽക്കുന്ന ബാങ്കിൽ രണ്ട് മാസം മുമ്പ് അധികാരത്തിലെത്തിയ എൽ.ഡി.എഫ് ഭരണ സമിതി നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. ബാങ്ക് സെക്രട്ടറി സനോജ് തൊണ്ടുവേലിൽ, സീനിയർ ക്ലർക്ക് സുരേഷ് ആലുങ്കൽ എന്നീ ജീവനക്കാരെ അന്വേഷണ വിധേയമായി ഭരണ സമിതി സസ്പെൻഡ് ചെയ്തു.
ബാങ്കിൽ 2021ൽവെച്ച സ്വർണപ്പണയം പുതുക്കാനായി കഴിഞ്ഞ ദിവസം ഉദയഗിരിയിലെ വ്യാപാരി അഭിലാഷ് ബാങ്കിൽ എത്തിയപ്പോഴാണ് പണയംവെച്ച് ഒരു മാസത്തിനുള്ളിൽ സ്വർണ ഉരുപ്പടി തിരിച്ചെടുത്തതായി രേഖകളിൽ കാണുന്നതായി ജീവനക്കാർ അറിയിച്ചത്. ഇതോടെ ഭരണ സമിതിക്ക് അഭിലാഷ് പരാതി നൽകി.
തുടർന്ന് പുതിയ ഭരണസമിതി അന്വേഷണം നടത്തുകയും പ്രാഥമിക അന്വേഷണത്തിൽ ബാങ്ക് ജീവനക്കാർ ഇടപാടുകളിൽ ക്രമക്കേട് നടത്തിയതായി ബോധ്യപ്പെടുകയും ചെയ്തു. തുടർന്ന് സഹകരണ ജോയന്റ് രജിസ്റ്റാർക്ക് ഭരണ സമിതി പരാതി നൽകി. അന്വേഷണത്തിൽ ക്രമക്കേട് നടന്നതായി കണ്ടെത്തിയതായി ബാങ്ക് പ്രസിഡന്റ് അനീഷ് മാളിയേക്കൽ പറഞ്ഞു.
ഉദയഗിരി സഹകരണ ബാങ്ക്, കൊച്ചുകാമാക്ഷിയിലെ ബാങ്ക് ശാഖ എന്നിവിടങ്ങളിലാണ് തട്ടിപ്പ് നടന്നത്.കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് ജീവനക്കാർ ബാങ്കിൽ നടത്തിയിട്ടുള്ളതായാണ് പുറത്ത് വരുന്ന വിവരം. ഇടപാടുകാർക്ക് സ്വർണവും നിക്ഷേപിച്ച പണവും നഷ്ടമാകില്ലെന്ന് ബാങ്ക് ഭരണ സമിതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.