തിരുവനന്തപുരം: നാഷനൽ എംപ്ലോയ്മെന്റ് സർവിസ് വകുപ്പിന്റെ ഡേറ്റകൾ മറ്റ് സർക്കാർ സ്ഥാപനങ്ങൾ വാങ്ങി ക്രെഡിറ്റ് അടിക്കുന്നെന്ന് വിമർശനം. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് നടത്തിയ പഠനത്തിന്റെ ഭാഗമായുള്ള കൂടിക്കാഴ്ചയിലാണ് ജീവനക്കാർ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. എംപ്ലോയ്മെന്റ് വകുപ്പിന്റെ നവീകരണവുമായി ബന്ധപ്പെട്ട് ഭരണപരിഷ്കാര വകുപ്പ് സർക്കാറിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഇക്കാര്യം പ്രത്യേകം ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട്.
വകുപ്പ് സമാഹരിച്ച് സൂക്ഷിക്കുന്ന വിവിധ തരം ഡേറ്റകൾ, പ്ലേസ്മെന്റ് വിവരങ്ങൾ എന്നിവ കെ-ഡിസ്ക് പോലുള്ള മറ്റ് സ്ഥാപനങ്ങൾക്ക് കൈമാറുന്നതായും ഇത് വകുപ്പിന് ലഭ്യമാകേണ്ട അംഗീകാരങ്ങൾ മറ്റ് ഏജൻസികൾക്ക് ലഭിക്കാനിടയാക്കുന്നതായും ജീവനക്കാർ പഠനസംഘത്തോട് വ്യക്തമാക്കി. വിഷയത്തിലെ അതൃപ്തി സർക്കാറിനെ അറിയിക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടെന്നും റിപ്പോർട്ടിലുണ്ട്.
മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറുന്നതിന് നിശ്ചിത ഫോർമാറ്റിൽ വിശദാംശങ്ങൾ ആവശ്യമാണെന്ന് കാട്ടിയാണ് കെ-ഡിസ്ക് കത്ത് നൽകിയത്. ഉദ്യോഗാർഥിയുടെ പേര്, മൊബൈൽ നമ്പർ, ഇ-മെയിൽ, വിലാസം, ശമ്പളം, ഉദ്യോഗദായകന്റെ പേര് എന്നിവയാണ് ആവശ്യപ്പെട്ടത്. ഈ നിലയിൽ വിശദാംശങ്ങൾ സൂക്ഷിച്ചിട്ടില്ലാത്തതിനാൽ 2021-22, 2022-23 സാമ്പത്തിക വർഷങ്ങളിൽ നടന്ന തൊഴിൽമേളകളുടെ വിവരങ്ങൾ ക്രോഡീകരിച്ച് നൽകിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് സ്ഥിരീകരിക്കുന്നു.
എംപ്ലോയ്മെന്റ് വകുപ്പിന് നേരിട്ടു തന്നെ മുഖ്യമന്ത്രിക്കും തൊഴിൽ മന്ത്രിക്കും ഇത്തരം വിശദാംശങ്ങൾ കൈമാറാൻ സാധിക്കുമെന്നിരിക്കെ, മറ്റൊരു ഏജൻസി വഴി ഇവ സമാഹരിക്കേണ്ടതുണ്ടോ എന്ന വിഷയം പരിശോധിക്കണമെന്ന ശുപാർശയും റിപ്പോർട്ടിലുണ്ട്. അതായത് എംപ്ലോയ്മെന്റ് വകുപ്പ് ജീവനക്കാരുടെ അഭിപ്രായം ഭരണ പരിഷ്കാരവകുപ്പ് മുഖവിലക്കെടുത്തെന്ന് വ്യക്തം.
എംപ്ലോയ്മെന്റ് സർവിസ് വകുപ്പിൽ 41 തസ്തികകൾ അധികമാണെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര കമീഷൻ റിപ്പോർട്ട്. യു.ഡി-എൽ.ഡി ക്ലർക്കുമാരുടെ 10 വീതം തസ്തികകളാണ് അധികം. എംപ്ലോയ്മെന്റ് ഓഫിസറുടെ അധികമുള്ള തസ്തികകൾ എട്ട്. ഡെപ്യൂട്ടി ഡയറക്ടർ, എംപ്ലോയ്മെൻറ് മാർക്കറ്റ് ഇൻഫർമേഷൻ ഓഫീസർ, ഇൻവെസ്റ്റിഗേറ്റർ, മലയാളം ട്രാൻസ്ലേറ്റർ, ആർട്ടിസ്റ്റ്, പ്യൂൺ എന്നിവരുടെ ഓരോ തസ്തിക വീതവും അധികമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.