തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ മരുന്ന് വാങ്ങലിനുള്ള ബജറ്റ് വിഹിതം മെലിഞ്ഞത് കേരള മെഡിക്കൽ സർവിസസ് കോർപറേഷന്റെ (കെ.എം.എസ്.സി.എൽ) മരുന്ന് വാങ്ങലിൽ സൃഷ്ടിക്കുന്നത് വലിയ പ്രതിസന്ധി. ആവശ്യമായ തുകയുടെ മൂന്നിലൊന്ന് മാത്രമാണ് ബജറ്റിൽ അനുവദിക്കുന്നത്. ആശുപത്രികളിലെ മരുന്നുക്ഷാമം കൂടുതൽ രോഗികൾ ആശ്രയിക്കുന്നത് മൂലമാണെന്നാണ് ആരോഗ്യവകുപ്പിന്റെ വാദം.
അതേ സമയം ആവശ്യമായ അളവിൽ മരുന്ന് സംഭരിക്കാത്തതാണ് ക്ഷാമം സൃഷ്ടിക്കുന്നതെന്നാണ് കണക്കുകൾ അടിവരയിടുന്നത്. ആശുപത്രികളിൽ നിന്നുള്ള ഇൻഡന്റ് പ്രകാരം ഈ വർഷം (2025-26) 1014.92 കോടി രൂപയുടെ മരുന്ന് വേണം. എന്നാൽ ബജറ്റിൽ അനുവദിച്ചത് 356.4 കോടി മാത്രമാണ്. അതായത് ആവശ്യമായ മരുന്നിന്റെ 30 ശതമാനം വാങ്ങാനുള്ള പണം മാത്രമാണ് ഈ വർഷം കൈവശമുള്ളത്.
കഴിഞ്ഞ വർഷം കുടിശ്ശിക വരുത്തിയതിനെ തുടർന്ന് വിതരണക്കമ്പനികൾ വില കൂട്ടിയതോടെ കൈയിലുള്ള പണം വെച്ച് വാങ്ങാവുന്ന മരുന്നുകളുടെ അളവ് വീണ്ടും കുറയും. ഇതിനോടകം കെ.എം.എസ്.സി.എൽ വഴി മരുന്നുവാങ്ങിയ ഇനത്തിൽ കമ്പനികൾക്ക് നൽകാനുള്ള കുടിശ്ശിക 693.78 കോടി കഴിഞ്ഞു.
കഴിഞ്ഞവർഷവും (2024-25) സ്ഥിതി വ്യത്യസ്തമായിരുന്നില്ല. 934.28 കോടി രൂപയുടെ മരുന്ന് സംഭരിക്കണമെന്നതായിരുന്നു ആരോഗ്യവകുപ്പിന്റെ കണക്ക്. എന്നാൽ, മെഡിക്കൽ സർവിസസ് കോർപറേഷന് ബജറ്റിൽ അനുവദിച്ചത് 356.4 കോടി രൂപ മാത്രവും. അധികമായി 150 കോടി കൂടി അനുവദിച്ചെങ്കിലും അപ്പോഴും 427 കോടി കുറവായിരുന്നു. ഇതാണ് മരുന്ന് കമ്പനികൾക്ക് നൽകാനുള്ള തുക കുടിശ്ശികയാകാനും പുതിയ വാങ്ങലുകൾക്ക് അധികവില ഏർപ്പെടുത്താനും കാരണമായത്.
സർക്കാർ ആശുപത്രികൾ നേരിടുന്ന മരുന്നുക്ഷാമത്തിൽ സാമ്പത്തിക വിഹിതത്തിലെ കുറവ് പ്രധാനഘടകമാണ്. പണം തികയാത്തതിനാൽ വിലകൂടിയ മരുന്നുകൾ വെട്ടലാണ് രീതി. ഇവയെല്ലാം പുറത്തുനിന്ന് വാങ്ങാനാകും മെഡിക്കൽ കോളജുകളിലടക്കമെത്തുന്ന രോഗികൾ നിർബന്ധിതമാകുക.
സർക്കാർ ആശുപത്രികളിലെ മരുന്ന് സംഭരണ കാര്യത്തിൽ ഗുരുതര വീഴ്ചയുണ്ടാകുന്നുവെന്ന് ആരോഗ്യമേഖല സംബന്ധിച്ച സി.എ.ജിയുടെ ഒടുവിലെ റിപ്പോർട്ടും ചൂണ്ടിക്കാട്ടുന്നു. മരുന്നുക്ഷാമം ഒഴിവാക്കുകയാണ് കെ.എം.എസ്.സി.എൽ രൂപവത്കരിച്ചതിന്റെ പ്രധാന ഉദ്ദേശമെങ്കിലും ഇൻഡെന്റ് ചെയ്ത അളവിൽ മരുന്നുകൾ സംഭരിക്കാനാകാത്തത് മൂലം ആശുപത്രികളിൽ മരുന്ന് ക്ഷാമത്തിന് ഇടയാക്കിയെന്നാണ് പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.