അടിമാലി (ഇടുക്കി): ദുബൈയിൽ ജോലി നോക്കിയിരുന്ന കമ്പനിയിൽനിന്ന് 3.25 കോടി അപഹരിച്ചെന്ന പരാതിയിൽ അടിമാലി സ്വദേശി അറസ്റ്റിൽ. അടിമാലി കുരിശുപാറ ചെറുവാഴത്തോട്ടം ജയപ്രസാദിനെയാണ് (36) അറസ്റ്റ് ചെയ്തത്. ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജർമൻ കമ്പനിയായ ദ എമിഡിൽ ഇൗസ്റ്റ് കമ്പനിയിലെ അക്കൗണ്ടൻറായിരുന്നു ഇയാൾ. കണക്കിൽ കൃത്രിമംകാട്ടി 3.25 കോടി തട്ടിയെടുത്തതായാണ് കേസെന്ന് അടിമാലി സി.ഐ പി.കെ. സാബു അറിയിച്ചു. 7500 ദിർഹം ശമ്പളത്തിൽ 2007ലാണ് കമ്പനിയിൽ ജോലിക്ക് കയറിയത്. ആഡംബരജീവിതവും വിലകൂടിയ കാറുകൾ അടക്കം സ്വന്തമാക്കിയതും പിന്നീട് ബിസിനസ് തുടങ്ങിയതും കമ്പനിയിൽ സംശയമുണ്ടാക്കി. ഇതോടെ കണക്ക് പരിശോധിച്ച കമ്പനി ക്രമക്കേട് കണ്ടെത്തി.
തുടർന്ന് വിശദീകരണം ചോദിച്ചത് കൂടാതെ കൃത്യമായ കണക്ക് ഹാജരാക്കണമെന്ന് നിർദേശിച്ച് 2016 സെപ്റ്റംബറിൽ നോട്ടീസും നൽകി. എന്നാൽ, പിറ്റേന്ന് തന്നെ കുടുംബസമേതം ആഡംബരകാറുകളും ബിസിനസും ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു. ജയപ്രസാദ് നാട്ടിലെത്തിയതായി വിവരം ലഭിച്ച മലയാളിയായ കമ്പനി മാനേജർ സന്തോഷ് കുറുപ്പ് എറണാകുളം റേഞ്ച് ഐ.ജിക്ക് പരാതി നൽകി. ഐ.ജിയുടെ നിർദേശപ്രകാരം അടിമാലി പൊലീസ് കേസെടുത്തു. തുടർന്ന് ജയപ്രസാദ് മുൻകൂർ ജാമ്യത്തിനു ഹൈകോടതിയെ സമീപിച്ചു. എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാൻ നിർദേശിക്കുകയായിരുന്നു കോടതി. തുടർന്നായിരുന്ന അറസ്റ്റ്. നിരവധിയിടങ്ങളിൽ ഭൂമി വാങ്ങിയതായി അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. കമ്പനിയിൽനിന്ന് വെട്ടിച്ച പണം വാഹനം വാങ്ങുന്നതിനും ആഡംബര ജീവിതം നയിക്കുന്നതിനുമാണ് ഉപയോഗിച്ചത്. ഓട്ടോ സ്പെയർ പാർട്സ് മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതാണ് ദുബൈയിെല കമ്പനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.