പ്രതിയുടെ മരിച്ച സഹോദരനെ പ്രതിയാക്കി; എ.എസ്.ഐയെ പ്രതിചേര്‍ത്ത് പുനരന്വേഷണം 

മുക്കം നീലേശ്വരം മാങ്ങാപൊയില്‍ സ്വദേശി ജലീലാണ് 15 വര്‍ഷം മുമ്പ് മരിച്ച സഹോദരന്‍ ജാഫറിന്‍െറ വിലാസം നല്‍കി മുങ്ങിയത് 
കോഴിക്കോട്: ആക്രമണക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന്, മരിച്ചുപോയ സഹോദരന്‍െറ പേരും വിലാസവും നല്‍കിയ മുക്കം നീലേശ്വരം മാങ്ങാപൊയില്‍ സ്വദേശി ജലീലിനെ സഹായിച്ച കേസില്‍ ഇടുക്കി വെള്ളത്തൂവല്‍ എ.എസ്.ഐ ബെന്നി സ്കറിയയെ പ്രതിചേര്‍ത്ത് പുനരന്വേഷണം നടത്താന്‍ കൊച്ചി റേഞ്ച് ഐ.ജി എസ്. ശ്രീജിത്ത് ഉത്തരവിട്ടു. 

2013 ഡിസംബര്‍ 27ന് കുഞ്ചിത്തണ്ണിയില്‍ ഗൃഹനാഥനെ കമ്പിവടികൊണ്ട് ആക്രമിച്ച കേസില്‍ വെള്ളത്തൂവല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് 15 വര്‍ഷം മുമ്പ് മരിച്ച സഹോദരന്‍ ജാഫറിന്‍െറ വിലാസം നല്‍കി ജലീല്‍ മുങ്ങിയത്. ജാഫറിന്‍െറ പാസ്പോര്‍ട്ടില്‍ ഫോട്ടോ മാറ്റി ഒട്ടിച്ച് ജലീല്‍ വിദേശയാത്ര നടത്തുകയും ചെയ്തു. വിദേശയാത്ര കേസാവുകയും ജലീല്‍ തടവുശിക്ഷ അനുഭവിക്കുകയും ചെയ്തു. മുക്കം പൊലീസ് രജിസ്റ്റര്‍ ചെയ്ത പാസ്പോര്‍ട്ട് കേസില്‍ കഴിഞ്ഞമാസമാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്. 

വെള്ളത്തൂവല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എ.എസ്.ഐ ബെന്നി സ്കറിയ അര ലക്ഷം രൂപ കൈക്കൂലി വാങ്ങി മരിച്ചയാളുടെ വിലാസത്തില്‍ കുറ്റപത്രം തയാറാക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടത്തെി. മൂന്നാറിനടുത്ത് കുഞ്ചിത്തണ്ണിയില്‍ റിസോര്‍ട്ടിലെ ജീവനക്കാരനായ ജലീല്‍ സമീപത്തെ വീട്ടില്‍ രാത്രി ഒന്നരയോടെ അതിക്രമിച്ച് കയറാന്‍ ശ്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് ഉണര്‍ന്ന ഗൃഹനാഥനെയും കുടുംബത്തെയും ജലീല്‍ കമ്പി വടികൊണ്ട് ആക്രമിച്ചു. 
ഈ കേസില്‍ മൊഴിയെടുത്ത എ.എസ്.ഐ ബെന്നി, ജലീലിനെ രക്ഷപ്പെടുത്താന്‍ മരിച്ച സഹോദരന്‍െറ പേരില്‍ കുറ്റപത്രം തയാറാക്കുകയായിരുന്നു. ദുര്‍ബല വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജലീല്‍ ജോലി ചെയ്യുന്ന റിസോര്‍ട്ട് അധികൃതരും കുറ്റപത്രത്തിലെ ജാഫറിന്‍െറ പേര് തന്നെയാണത്രെ പറഞ്ഞത്. 

2014 ജനുവരി 31ന് അടിമാലി ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചപ്പോഴും യഥാര്‍ഥ പ്രതിയായ ജലീലിന് പകരം മരിച്ച ജാഫറിന്‍െറ പേരായിരുന്നു ഉണ്ടായിരുന്നത്. ജാഫറിനുവേണ്ടി കോടതി പുറപ്പെടുവിച്ച സമന്‍സ് കൈമാറാന്‍ വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ ശശികുമാര്‍ ഏപ്രില്‍ 20ന് നീലേശ്വരത്തുള്ള പ്രതിയുടെ വീട്ടിലത്തെിയപ്പോഴാണ് ജാഫര്‍ 1998ല്‍ മരിച്ചതായി ഉമ്മ ആയിഷയില്‍നിന്ന് അറിയുന്നത്. ഇതാണ് കേസില്‍ നടന്ന അട്ടിമറി പുറത്തറിയാന്‍ ഇടയാക്കിയതെന്ന് ഇടുക്കി സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി വി.എന്‍. സജി പറഞ്ഞു. 
പാസ്പോര്‍ട്ട് കേസില്‍ ജാമ്യത്തിലിറങ്ങിയ ജലീല്‍ മുത്തേരി സ്കൂളിന് സമീപത്തെ ഒരു കടയില്‍ ഡ്രൈവറായി ജോലിനോക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 

Tags:    
News Summary - crime

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.