േകാഴിക്കോട്/കൊടുവള്ളി: വാഹന നികുതി വെട്ടിച്ചുവെന്ന കേസില്‍ കൊടുവള്ളി നഗരസഭ കൗണ്‍സിലർ കാരാട്ട് ഫൈസലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. വാഹനം പുതുച്ചേരിയിൽ രജിസ്ട്രേഷൻ നടത്തി നികുതി വെട്ടിച്ചുവെന്ന പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. ട്രാൻസ്പോർട്ട് കമീഷണറുടെ നിർദേശപ്രകാരമാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ചോദ്യംചെയ്യുന്നതിനായി ഫൈസലിനെ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഒാഫിസിലേക്ക് വിളിപ്പിക്കുമെന്നാണ് സൂചന. പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്ത കാർ നികുതി അടക്കാതെ കേരളത്തിൽ ഓടിക്കുക വഴി നികുതിവെട്ടിപ്പ് നടത്തിയതായി കാണിച്ച് കൊടുവള്ളി നഗരസഭ ഡെപൂട്ടി ചെയർമാൻ എ.പി. മജീദ് മാസ്റ്ററാണ് ആർ.ടി.ഒ ഉൾപ്പെടെയുള്ളവർക്ക് ഒക്ടോബർ 28ന് പരാതി നൽകിയത്.
തുടർന്ന് കാരാട്ട് ഫൈസലിെൻറ ഉടമസ്ഥതയിലെ പുതുച്ചേരി രജിസ്ട്രേഷനിലുള്ള മിനി കൂപ്പറിെൻറ രേഖകള്‍ ഹാജരാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇതിന് കാരാട്ട് ഫൈസല്‍ തയാറായില്ല. തുടര്‍ന്നായിരുന്നു വാഹനം കേരളത്തിലാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയതിെൻറ അടിസ്ഥാനത്തില്‍ പിഴ ഈടാക്കാനുള്ള മോട്ടോര്‍ വാഹന വകുപ്പിെൻറ തീരുമാനം. ഡിസംബര്‍ 20ന് 7,74,800 രൂപ നികുതി അടക്കണമെന്ന് കാട്ടി ഫൈസലിന് നോട്ടീസ് നല്‍കി. നോട്ടീസ് കൈപ്പറ്റിയെങ്കിലും പിഴ അടക്കാന്‍ തയാറായില്ല. വാഹനം കേരളത്തിലാണ് ഉപയോഗിക്കുന്നതെന്ന കണ്ടെത്തല്‍ തെറ്റാണെന്നും രണ്ടോ മൂന്നോ ദിവസം മാത്രമാണ് കേരളത്തില്‍ ഉപയോഗിച്ചതെന്നുമായിരുന്നു മറുപടി. അതിനാല്‍, നികുതി അടക്കണമെന്ന നിര്‍ദേശം നിയമപ്രകാരമല്ലെന്നും കാരാട്ട് ഫൈസല്‍ നോട്ടീസിന് മറുപടി നല്‍കി.
ഇതോടെ ആർ.ടി.ഒ തുടര്‍ നടപടി സ്വീകരിക്കുന്നതിന് ട്രാന്‍സ്പോര്‍ട്ട് കമീഷണറോട് മാര്‍ഗനിര്‍ദേശം തേടി. കാരാട്ട് ഫൈസല്‍ പുതുച്ചേരിയില്‍ രജിസ്ട്രേഷന്‍ നടത്തിയ വിലാസം വ്യാജമാണെന്നും മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിരുന്നു. വ്യക്തമായ തെളിവുകളുണ്ടായിട്ടും ഫൈസലിൽനിന്ന് നികുതി അടപ്പിക്കുന്നതിന് നടപടിയുണ്ടാവാത്ത സാഹചര്യത്തിൽ പരാതിക്കാരനായ മജീദ് മാസ്റ്റർ മുഖ്യമന്ത്രി, ഗതാഗത കമീഷണർ എന്നിവർക്ക് വീണ്ടും പരാതി നൽകുകയായിരുന്നു. തുടർന്നാണ് കേസ് അന്വേഷിക്കുന്നതിനായി ഗതാഗത വകുപ്പ് അധികൃതർ ക്രൈംബ്രാഞ്ചിന് കൈമാറിയത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിച്ച ജനജാഗ്രത യാത്രക്ക് കൊടുവള്ളിയിൽ നൽകിയ സ്വീകരണത്തിനിടെ കാരാട്ട് ഫൈസലിെൻറ മിനി കൂപ്പറിൽ യാത്ര ചെയ്തത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.