ക്രെയിൻ കേടായി ട്രാക്കിൽ കുടുങ്ങി; ട്രെയിനുകൾ വൈകി

ഷൊർണൂർ: നടപ്പാലം നിർമാണത്തിനായി കൊണ്ടുവന്ന ക്രെയിൻ കേടായി ട്രാക്കിൽ കുടുങ്ങിയത് ട്രെയിൻ ഗതാഗതത്തെ ബാധിച്ചു. മണിക്കൂറുകൾ പിന്നിട്ടിട്ടും ക്രെയിൻ നന്നാക്കി മാറ്റാൻ കഴിയാതെ വന്നതോടെ ഭൂരിഭാഗം ട്രെയിനുകളും മണിക്കൂറുകളോളം വൈകി.

ഷൊർണൂർ ജങ്ഷനിൽനിന്ന് പാലക്കാട് ഭാഗത്തേക്കുള്ള റൂട്ടിൽ തൊട്ടടുത്ത സ്റ്റേഷനായ മാന്നനൂർ സ്റ്റേഷനിലെ പ്രധാന ട്രാക്കിലാണ് ക്രെയിൻ കുടുങ്ങിയത്‌. ചൊവ്വാഴ്ച രാവിലെ ആറുമുതൽ പത്തുവരെ ഇതിലൂടെ പാലക്കാട്ടേക്കുള്ള 'അപ്' ട്രാക്കിൽ ട്രെയിൻ ഗതാഗതം നിർത്തിവെച്ചിരുന്നു.

നടപ്പാലത്തിന്റെ നിർമാണത്തിനായിരുന്നു ഇത്. രാവിലെ പത്തോടെ പ്രവൃത്തി നിർത്താനിരിക്കെയാണ് ക്രെയിൻ തകരാറിലായത്. ട്രാക്കിലൂടെയുള്ള വൈദ്യുതി പ്രവാഹം നിർത്തിവെച്ചാണ് പ്രവൃത്തി നടത്തിയിരുന്നത്. ക്രെയിൻ കുടുങ്ങിയതോടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനും പറ്റാതായി. കുറേ സമയം കഴിഞ്ഞിട്ടും നന്നാക്കാൻ കഴിയാതായതോടെ ഒരു ട്രാക്കിലൂടെ മാത്രം ട്രെയിൻ കടത്തിവിടാൻ സംവിധാനമൊരുക്കി. എട്ട് മണിക്കൂർ പിന്നിട്ടിട്ടും ക്രെയിൻ ശരിയാക്കാൻ കഴിയാത്തതിനാൽ വൈകീട്ടും ഗതാഗതം സാധാരണ ഗതിയിലേക്ക് എത്തിയില്ല. പ്രശ്നം പരിഹരിക്കാൻ കഴിയാതായതോടെ യാത്രക്കാർ ഏറെ വലഞ്ഞു.

Tags:    
News Summary - Crane damaged and stuck on railway track; Trains are late

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.