അവസാന കനലും എരിഞ്ഞടങ്ങി; ഒറ്റസംസ്ഥാനത്തും മുഖ്യമന്ത്രിയില്ലാതെ സി.പി.എം

തിരുവനന്തപുരം: കേരളത്തിൽ സമ്പൂർണ പതനവുമായി ​അധികാരത്തിന് പുറത്തേക്ക് വഴി ഉറപ്പിച്ച സി.പി.എം ദേശീയ രാഷ്ട്രീയത്തിൽ മുഖാമുഖം നിൽക്കുന്നത് പതിറ്റാണ്ടുകൾക്കിടെ ഏറ്റവും വലിയ വെല്ലുവിളിക്ക്.

നിരവധി സംസ്ഥാനങ്ങളിൽ വലിയ സ്വാധീനം ചെലുത്തിയിരുന്ന പാർട്ടിക്ക് കേരളം കൂടി നഷ്ടമാകുന്നതോടെ എവിടെയും അധികാരമില്ലാതാകും. മുഖ്യമന്ത്രി കസേരയിൽ ഒരാൾ പോലും ഇല്ലാതെ ആദ്യമായാകും സി.പി.എം പിറകോട്ടുപോകുന്നത്.തുടർച്ചയായ രണ്ടു തവണ അധികാരം നിലനിർത്തി ഉഗ്രപ്രതാപത്തോടെ നിലയുറപ്പിച്ച സംസ്ഥാനത്താണ് തിങ്കളാഴ്ച ഫലം വരുമ്പോൾ പാർട്ടി ചിത്രത്തിന് പുറത്താകുന്നത്.

ആദ്യ സൂചനകളിൽ മുഖ്യമന്ത്രിയടക്കം ഒട്ടുമിക്ക മന്ത്രിമാരും പിറകിലാണ്. സി.എച്ച് അബ്ദുൽ റശീദ് എന്ന അത്ര പ്രമുഖനല്ലാത്ത സ്ഥാനാർഥിക്കെതിരെയാണ് പിണറായി വിജയൻ വിയർക്കുന്നത്. എൽ.ഡി.എഫ് കോട്ടകളായ പഞ്ചായത്തുകളിലാണ് ആദ്യ റൗണ്ട് വോട്ടെണ്ണലെന്നത് കൂടി പരിഗണിക്കുമ്പോൾ ഇത് മുഖ്യമന്ത്രിക്ക് വൻതിരിച്ചടിയാകുമെന്നുറപ്പ്. നിരവധി പ്രമുഖർ തോൽവി ഉറപ്പിച്ചുകഴിഞ്ഞു. പാർട്ടി കോട്ടകളെന്ന് കരുതിയ മണ്ഡലങ്ങൾ യു.ഡി.എഫിനെ വലിയ മാർജിനിൽ വിജയിപ്പിക്കാനൊരുങ്ങുകയാണ്.

മറ്റു സംസ്ഥാനങ്ങളിലും സമാനമാണ് സ്ഥിതി. കഴിഞ്ഞ തവണ സംപൂജ്യരായ പശ്ചിമ ബംഗാളിൽ ഇത്തവണ ഒരു സീറ്റിൽ ലീഡ് ചെയ്യുന്നുണ്ട്. തമിഴ്നാട്ടിൽ സി.പി.എം രണ്ടിടത്തും സി.പി.ഐ ഒരിടത്തുമാണ് ലീഡ് ചെയ്യുന്നത്.

Tags:    
News Summary - CPM without a Chief Minister in a single state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.