മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണം; വിജിലൻസ് കോടതി തള്ളിയ സാഹചര്യത്തിൽ ആരോപണ മുന്നയിച്ചവർ മാപ്പ് പറയണമെന്ന് സി.പി.എം

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയതോടെ പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും കേന്ദ്രസർക്കാരിൻ്റെ സഹായത്തോടെ നടത്തിയ ഗൂഢാലോചനയാണ് തുറന്ന് കാട്ടപ്പെട്ടിരിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്ര​േട്ടറിയറ്റ് വാർത്താകുറിപ്പിൽ കുറ്റ​പ്പെടുത്തി.

കമ്പനികൾ നിയമപരമായി നടത്തിയ ഇടപാടിൽ മുഖ്യമന്ത്രിയെ വലിച്ചിഴച്ച് അപകീർത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഉണ്ടാക്കിയ തിരക്കഥകൾ വിജിലൻസ് കോടതിയുടെ വിധിയോടെ തുറന്ന് കാട്ടപെട്ടിരിക്കുകയാണ്.

സർക്കാരിനും സി.പി.എമ്മിനും എതിരെ മറ്റൊന്നും പറയാനില്ലാത്ത സാഹചര്യത്തിലാണ് കേന്ദ്രത്തിൻ്റെ കൂടി സഹായത്തോടെ ഇത്തരം ഒരു കഥമെനയുകയും അതിൻ്റെ പിന്നാലെ വാർത്തകളും ഹർജികളും കൊണ്ടുവരികയും ചെയ്‌തത്. മുഖ്യമന്ത്രിയും സി.പി.എമ്മും ഇക്കാര്യത്തിൽ സംശയരഹിതമായ നിലപാടാണ് ആദ്യം മുതൽ എടുത്തത്. ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നതോടൊപ്പം ഇതിലെ രാഷ്ട്രീയ ലക്ഷ്യം ഏവരും മനസിലാക്കണമെന്നതായിരുന്നു ആ നിലപാട്. അതുതന്നെയാണ് ഇപ്പോൾ കോടതി വിധിയും വ്യക്തമാക്കുന്നത്.

രണ്ടു കമ്പനികൾ നിയമപ്രകാരം ഏർപ്പെട്ട കരാർ എന്നതിലപ്പുറം മറ്റൊന്നും ഇക്കാര്യത്തിൽ കണ്ടെത്താൻ ആർക്കുമായിട്ടില്ല. സർക്കാർ എന്തെങ്കിലും വഴിവിട്ട സഹായം സി.എം.ആർ.എൽ ഉൾപ്പെടെ ആർക്കെങ്കിലും ചെയ്തുകൊടുത്തതായിട്ടും തെളിയിക്കാനായില്ല. തെളിവിന്റെ കണിക പോലുമില്ലാതെയാണ് ഹർജിയുമായി കുഴൽനാടൻ സമീപിച്ചതെന്ന് കോടതി വ്യക്തമാക്കിയിരിക്കുന്നു.

രാഷ്ട്രീയ താൽപര്യങ്ങൾ ഹർജിയുടെ പിന്നിലുണ്ടെന്ന പരാമൾശം പോലും വിധിയുടെ ഭാഗമായി വന്നിട്ടുണ്ടെന്നത് ഏറെ ഗൗരവത്തോടെ കാണണം. വിജിലൻസ് അന്വേഷണത്തിനോ കുഴൽനാടൻ ആവശ്യപ്പെട്ടതുപോലെ കോടതിയുടെ നേരിട്ടുള്ള അന്വേഷണത്തിനോ ആവശ്യമായ കാരണങ്ങളും തെളിവുകളും നിരത്താനാണ് വേണ്ടത്ര സമയം കോടതി നൽകിയത്. ഹർജിയിൽ ആവശ്യപ്പെടുന്ന കാര്യങ്ങൾ സാധൂകരിക്കുന്നതിന് മതിയായ തെളിവല്ല കുഴൽനാടൻ ഹാജരാക്കിയ രേഖകളെന്നും വിധിയിൽ പറയുന്നു.

മുഖ്യമന്ത്രിയേയും അതുവഴി സിപിഐ എമ്മിനെയും അപഹസിക്കലാണ് ആരോപണത്തിൻ്റെ വ്യാജവാർത്തകളുടേയും ഹർജിയുടേയും ലക്ഷ്യമെന്ന് ഇതിലൂടെ വ്യക്തമാണ്. പാർലമെൻ്റ് തെരഞ്ഞെടുപ്പ് വരെ ഇതുസംബന്ധിച്ച കൽപിത കഥകൾ മെനയുന്നതിന് കാരണങ്ങൾ ഉന്നയിച്ച് വിധി നീട്ടി വയ്പിക്കുകയായിരുന്നു ലക്ഷ്യം. തെളിവുകൊണ്ടുവരു എന്ന് കോടതി നിരന്തരം ആവശ്യപ്പെട്ടപ്പോഴൊക്കെ ആവശ്യങ്ങൾ മാറ്റിക്കൊണ്ടിരുന്നത് അതിനാണ്. വിജിലൻസ് അന്വേഷിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടയാൾ പിന്നീട് കോടതി നേരിട്ട് അന്വേഷിക്കണം എന്ന് മാറ്റി പറഞ്ഞു.

ഒരു ശല്യക്കാരനായ വ്യവഹാരിയായി കുഴൽനാടൻ മാറുകയാണ്. പൊതു സമുഹത്തിനുമുന്നിൽ പുകമറ സൃഷ്ടിച്ച് ചർച്ച കൊഴുപ്പിക്കലും രാഷ്ട്രീയ മുതലെടുപ്പ് നടത്തലും മാത്രമായിരുന്നു കുഴൽനാടൻ്റെ ലക്ഷ്യം. അതോടൊപ്പം ഭൂമി ഇടപാടും മറ്റുമായി ബന്ധപ്പെട്ട് കുഴൽനാടനെതിരെ വന്നിരിക്കുന്ന അന്വേഷണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണിതെന്നും പകൽ പോലെ ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്.

രാഷ്ട്രീയ വിരോധം മുലം മുഖ്യമന്ത്രിയേയും കുടുംബത്തേയും വിവാദങ്ങളിലേക്കും കേസുകളിലേക്കും വ്യാജവാർത്തകളിലേക്കും വലിച്ചിഴക്കുന്നത് ഇതാദ്യമല്ല. അത്തരത്തിൽ ഒന്നായി ഇതും മാറിയിരിക്കുകയാണ്. യാഥാർത്ഥ്യം തെളിഞ്ഞ സാഹചര്യത്തിൽ ആരോപണ മുന്നയിച്ചവർ സമൂഹത്തിനുമുന്നിൽ കാര്യങ്ങൾ തുറന്നു പറഞ്ഞ് മാപ്പ് പറയാൻ തയ്യാറാകണമെന്ന് സി.പി.എം വാർത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു. 

Tags:    
News Summary - CPM State Secretariat Newsletter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.