പത്തനാപുരത്ത് പണിമുടക്ക് അനുകൂലികൾ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് തടഞ്ഞപ്പോൾ പിന്തുണച്ചെത്തിയ പൊലീസുകാരൻ
കൊല്ലം: കെ.എസ്.ആർ.ടി.സി ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കില്ലെന്ന മന്ത്രി കെ.ബി. ഗണേഷ് കുമാറിന്‍റെ വാക്ക് വെറുതെയായി. അദ്ദേഹത്തിന്‍റെ മണ്ഡലമായ പത്തനാപുരത്ത് നിന്ന് ഒരു സർവീസും നടത്താൻ കഴിഞ്ഞില്ല.
രാവിലെ മൂന്നു സർവീസുകൾ നടത്താൻ ശ്രമം നടന്നുവെങ്കിലും സി.പി.എം, സി.ഐ.ടി.യു പ്രവർത്തകർ ഇടപ്പെട്ട് തടഞ്ഞു. മൂന്ന് ഓർഡിനറി സർവീസുകൾ നടത്താനായിരുന്നു അധികൃതരുടെ ശ്രമം. കുന്നിക്കോട്-കൊട്ടാരക്കര റൂട്ടിലേക്ക് ബോർഡ് വച്ച് ബസ്, സ്റ്റാൻഡിൽ നിന്നും പുറത്തേക്കിറങ്ങുന്ന വഴിയാണ് ബസ് തടഞ്ഞത്. ഇതിനിടെ എ.ടി.ഒയും ഒരു മുതിർന്ന സി.പി.എം നേതാവും തമ്മിൽ പരസ്പരം അസഭ്യവർഷം നടത്തുകയും ചെയ്തു.
പത്തനാപുരം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ താൽകാലിക -സ്ഥിരം ജീവനക്കാരുൾപ്പെടെ 81 പേർ ജോലിക്കെത്തിയിരുന്നു. ദേശീയതലത്തിൽ ഇടത് ട്രേഡ് യൂണിയനുകൾ ഉൾപ്പെടെ നടത്തുന്ന പണിമുടക്കിനെ തള്ളി പറയും വിധം, കഴിഞ്ഞ ദിവസം മന്ത്രി ഗണേഷ്‌കുമാർ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. കെ.എസ്.ആർ.ടി.സി ജീവനക്കാർ പണി മുടക്കില്ലെന്നും അവർ ഇപ്പോൾ 'ഹാപ്പി' യാണെന്നുമായിരുന്നു മന്ത്രിയുടെ വാദം.
എന്നാൽ. ഇതിനെ തിരുത്തി എൽ.ഡി.എഫ് കൺവീനർ രംഗത്ത് വന്നതോടെ ഫലത്തിൽ കെ.എസ്.ആർ.ടി.സി സർവീസുകൾ സ്തംഭിപ്പിക്കുവാൻ സി.ഐ.ടി.യുവും സി.പി.എമ്മും തീരുമാനിച്ചതിന്റെ നേർചിത്രമായി മന്ത്രിയുടെ മണ്ഡലത്തിൽ തന്നെ സർവീസുകൾ പൂർണമായും നിലപ്പിച്ച് മന്ത്രിക്ക് പരോക്ഷമായി മറുപടി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.