കോഴിക്കോട് നാല് സീറ്റിൽ ഒതുങ്ങുമോ? ആശങ്കയിൽ സി.പി.എം

കോഴിക്കോട് : തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കോഴിക്കോട് ജില്ലയിൽ സി.പി.എമ്മിന് ആശങ്ക. ജില്ലയിലെ നാല് മണ്ഡലങ്ങളിൽ മാത്രമാണ് പാർട്ടിക്ക് ഉറച്ച വിജയപ്രതീക്ഷയുള്ളത്. ബേപ്പൂർ, ബാലുശ്ശേരി, കോഴിക്കോട് നോർത്ത്, എലത്തൂർ എന്നിവിടങ്ങളിൽ ജയം ഉറപ്പാണെന്ന് വിലയിരുത്തുമ്പോഴും അഞ്ച് മണ്ഡലങ്ങളിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. വടകര, കൊടുവള്ളി, കോഴിക്കോട് സൗത്ത്, നാദാപുരം എന്നിവിടങ്ങളിൽ തോൽവി സംഭവിക്കാമെന്ന വിലയിരുത്തലും പാർട്ടിക്കുള്ളിലുണ്ട്. വടകരയിൽ എസ്.ഡി.പി.ഐ സ്ഥാനാർത്ഥി പിടിക്കുന്ന വോട്ടുകൾ ഇടത് മുന്നണിയുടെ വിധി നിർണ്ണയിക്കും. പേരാമ്പ്രയിലും കുറ്റ്യാടിയിലും സ്ഥാനാർത്ഥികളുടെ വ്യക്തിപ്രഭാവത്തിൽ വോട്ട് കൂടുമെന്നും ജയിച്ചുകയറാമെന്നുമാണ് കണക്കുകൂട്ടൽ. തിരുവമ്പാടി, കുന്നമംഗലം, കൊയിലാണ്ടി മണ്ഡലങ്ങൾ പ്രവചനാതീതമാണ്.

കോഴിക്കോട് ആശങ്കയുണ്ടെങ്കിലും പാലക്കാട് ജില്ലയിൽ സി.പി.എം വലിയ ആത്മവിശ്വാസത്തിലാണ്. പത്ത് മണ്ഡലങ്ങളിലും ജയം ഉറപ്പാണെന്ന് ജില്ലാ സെക്രട്ടേറിയറ്റ് വിലയിരുത്തുന്നു. മന്ത്രി എം.ബി. രാജേഷും വി.ടി. ബൽറാമും നേർക്കുനേർ വന്ന തൃത്താലയിൽ വിജയം ഉറപ്പാണെന്നാണ് പാർട്ടി നിലപാട്. അതേസമയം പാലക്കാട്, മണ്ണാർക്കാട് മണ്ഡലങ്ങളിൽ കാര്യങ്ങൾ അത്ര എളുപ്പമല്ല. പാലക്കാട് ജയിക്കാൻ 15,000 വോട്ടുകൾ അധികമായി വേണ്ടിവരുമെന്നും എൻ.എം.ആർ റസാഖ് രണ്ടാമതെത്തുമെന്നുമാണ് വിലയിരുത്തൽ. കോങ്ങാട് ബി.ജെ.പി കോൺഗ്രസിനെയും, മലമ്പുഴയിൽ കോൺഗ്രസ് ബി.ജെ.പിയെയും സഹായിച്ചതായി സി.പി.എം ആരോപിക്കുന്നു. വോട്ട് കച്ചവടം നടന്നുവെന്ന് വിലയിരുത്തുമ്പോഴും ഈ രണ്ട് മണ്ഡലങ്ങളിലും വിജയിക്കാനാകുമെന്ന പ്രതീക്ഷ നേതൃത്വത്തിനുണ്ട്.

Tags:    
News Summary - CPM Post-Poll Analysis: Confidence in Palakkad but Concerns Over Kozhikode Seat Tally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.