‘പരനാറി’യിൽനിന്ന്​ ‘ചെറ്റത്തര’ത്തിലേക്ക്;​ അതിരു​വിട്ട്​ അധിക്ഷേപ രാഷ്ട്രീയം

തിരുവനന്തപുരം: പാർട്ടി വിട്ട ജി. സുധാകരന്റെ നടപടിയെ ‘ചെറ്റത്തരം’ എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രിയുടെ പരാമർശം ‘നികൃഷ്ട ജീവി’ മുതൽ ‘പരനാറി’ വരെ സി.പി.എമ്മിനെ തിരിഞ്ഞു കൊത്തിയ അധിക്ഷേപ വിവാദങ്ങൾക്ക് സമാനമായി പാർട്ടിക്ക് മുന്നിൽ ചോദ്യചിഹ്നമാകുന്നു. പ്രതിപക്ഷം ഒന്നടങ്കം വിഷയം ആയുധമാക്കുമ്പോഴും വിശദീകരണത്തിന് പാർട്ടി തയാറായിട്ടില്ല.

വിയോജിക്കുന്നവരെ മനുഷ്യത്വപരമായ അന്തസ്സില്ലാത്തവരായി ചിത്രീകരിക്കാനുള്ള ശ്രമമാണിതെന്നാണ് വിമർശനം. പ്രേമചന്ദ്രനെ ‘പരനാറി’ എന്ന് വിളിച്ചത് അദ്ദേഹത്തിന്റെ രാഷ്ട്രീയ കൂറുമാറ്റത്തെ വ്യക്തിഹത്യ ചെയ്യാൻ ഉദ്ദേശിച്ചായിരുന്നുവെങ്കിൽ, ജി. സുധാകരനെതിരെ ‘ചെറ്റത്തരം’ പ്രയോഗിച്ചത് അദ്ദേഹം സി.പി.എം വിട്ടതോടെയാണ്.

എന്നാൽ, ഇത്തരം പ്രയോഗങ്ങൾ പലപ്പോഴും തിരിച്ചടിയുണ്ടാക്കിയെന്നാണ് മുൻകാല അനുഭവങ്ങൾ അടിവരയിടുന്നത്. പ്രേമചന്ദ്രനെതിരായ പരാമർശം അദ്ദേഹത്തിന് അപ്പോഴും പിന്നീടുണ്ടായ ലോക്സഭ തെരഞ്ഞെടുപ്പുകളും വലിയ വിജയം സമ്മാനിച്ചു. നിലവിലെ ജനറൽ സെക്രട്ടറി എം.എ. ബേബിക്കെതിരെ ലോക്സഭയിൽ മത്സരിക്കുമ്പോഴായിരുന്നു പിണറായിയുടെ പരനാറി പരാമർശം. പിന്നീട് ഇന്നേവരെ കൊല്ലം സീറ്റിൽ പ്രേമചന്ദ്രനെ പരാജയപ്പെടുത്താനായിട്ടില്ല.

പാർട്ടിയെ വിമർശിക്കുന്നവരെയും വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെയും അധിക്ഷേപിക്കുന്ന ശൈലി ഘടകകക്ഷികൾക്കിടയിലും അതൃപ്തിക്കിടയാക്കിയിട്ടുണ്ട്. ഇത്തരം പ്രയോഗങ്ങൾ വോട്ടർമാരുടെ സഹതാപം എതിർഭാഗത്തേക്ക് തിരിച്ചുവിടുന്നുവെന്ന അനുഭവങ്ങൾ തന്നെയാണ് കാരണം.

ആലപ്പുഴയിൽ ജി. സുധാകരൻ ഉയർത്തുന്ന വെല്ലുവിളി കേവലം ഒരു തെരഞ്ഞെടുപ്പ് പോരാട്ടമല്ല, മറിച്ച് സി.പിഎമ്മിന്റെ സംഘടനാ ശൈലിക്കെതിരായ പടയൊരുക്കം കൂടിയാണ്. യു.ഡി.എഫ് ഈ സാഹചര്യം വളരെ തന്ത്രപരമായി ഉപയോഗിക്കുമ്പോൾ, തങ്ങളുടെ സംഘടനാപരമായ കരുത്തിൽ മാത്രമാണ് സി.പി.എം പ്രതീക്ഷ അർപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ പരാമർശത്തെ കോൺഗ്രസും യു.ഡി.എഫും വലിയ രാഷ്ട്രീയ അവസരമായാണ് കാണുന്നത്.

മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ​; ‘ചെറ്റയെന്ന്​ വിളിച്ചതിൽ അഭിമാനം; പി. പ്രസാദ്​ കമ്യൂണിസം പഠിപ്പിക്കാൻ വരേണ്ട’

ആലപ്പുഴ: മുഖ്യമ​ന്ത്രിയുടെ ‘ചെറ്റത്തരം’ പ്രയോഗത്തിൽ രൂക്ഷവിമർശനവുമായി ജി. സുധാകരൻ. അമ്പലപ്പുഴ യു.ഡി.എഫ്​ മണ്ഡലം ജനറൽബോഡി യോഗത്തിലാണ്​​ സുധാകരൻ മുഖ്യമന്ത്രിയെ വിമർശിച്ചത്. ‘‘ചെറ്റയെന്ന്​ വിളിച്ചതിൽ ഞാൻ അഭിമാനം കൊള്ളുന്നു. ചെറ്റപ്പുരയും ചെറ്റക്കുടിലും പാവപ്പെട്ടവന്റെ വീടാണ്​. ‘ചെറ്റ’ എന്നാല്‍ അടിസ്ഥാനവര്‍ഗത്തിന്റെ പുരയാണ്​. ആ ചെറ്റപ്പുരയെയാണ്​ മുഖ്യമന്ത്രി ആക്ഷേപിച്ചത്​.

18 വയസ്സുവരെ ഞാന്‍ ഓലമേഞ്ഞ ചെറ്റപ്പുരയിലാണ് ജീവിച്ചത്. ചാണകത്തിണ്ണയിലാണ് കഴിഞ്ഞത്. മുഖ്യമന്ത്രിക്ക്​ മലയാള ഭാഷയുടെ അർഥഭേദങ്ങള്‍ അറിയില്ല. നിഘണ്ടു വായിച്ചിട്ടില്ല. ചെറ്റയെന്നല്ല, ഇനി വറ്റ മത്സ്യമെന്ന്​ വിളിച്ചാലും ഞാന്‍ ചീത്ത പറയില്ല. തനിക്ക്​ പാലർമെന്‍ററി വ്യാമോഹമാണെന്നാണ്​ ആക്ഷേപം. മുഖ്യമന്ത്രിയും അങ്ങനെ പറഞ്ഞുവെന്നാണ്​ കേട്ടത്​. ​ആരുനിന്നാലും ജയിക്കുന്ന മണ്ഡലത്തിൽനിന്ന്​ ഒമ്പത്​ തവണയാണ്​ മുഖ്യമന്ത്രി വിജയിച്ചത്​. ആലപ്പുഴ പോലെയല്ല ധർമടം. ആ മണ്ഡലത്തില്‍ ഇതുവരെ ആരും തോറ്റിട്ടില്ല. അതുകൊണ്ടാണ് മുഖ്യമന്ത്രിയും ജയിച്ചത്’’-​ ജി. സുധാകരൻ​ പറഞ്ഞു.

തനിക്കെതിരെ വിമർശനം ഉന്നയിച്ച​ സി.പി.എം പോളിറ്റ്​ ബ്യൂറോ അംഗം എ. വിജയരാഘവനെയും പി. പ്രസാദിനെയും സുധാകരൻ വിമർശിച്ചു. നേരെ പിടിച്ച്​ കമ്യൂണിസ്റ്റ്​ മാനിഫെസ്​റ്റോ വായിക്കാത്തതുകൊണ്ടാണ്​ വിജയരാഘവൻ ഇങ്ങനെയായത്​. അമ്പലപ്പുഴ എന്താണെന്ന്​ വിജരാഘവന്​ അറിയില്ല. കമ്മിറ്റികൂടാൻ വന്നിട്ടേയുള്ളൂ. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ്​ വിശ്വത്തിന്​ ഇല്ലാത്ത സൂക്കേടാണ്​ പ്രസാദിന്. ഗുരുത്വമില്ലാത്ത പ്രസാദ്​ തന്നെ കമ്യൂണിസം പഠിപ്പിക്കാൻ വരേണ്ടെന്നും ജി. സുധാകരൻ പറഞ്ഞു.

Tags:    
News Summary - CPM Politics and Elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.