കോഴിക്കോട്: അംഗൻവാടി ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ സി.പി.എം വാർഡ് മെംബർക്കെതിരെ പരാതി. പെരുവയൽ പഞ്ചായത്ത് അംഗവും സി.പി.എം പൂവാട്ടുപറമ്പ് മുൻ ലോക്കൽ സെക്രട്ടറിയുമായ എം.എം. പ്രസാദിനെതിരെയാണ് കുന്ദമംഗലം പൊലീസിൽ പരാതി ലഭിച്ചത്. സംഭവം വിവാദമായതിന് പിന്നാലെ പ്രസാദിനെ സി.പി.എം പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. മെംബർ സ്ഥാനം രാജിവെക്കാനും പാർട്ടി നേതൃത്വം ഇയാളോട് നിർദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ മേയ് ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം . അംഗൻവാടിയിൽ വെച്ച് പ്രസാദ് ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് പരാതി. എന്നാൽ, ഗുരുതരമായ ആരോപണം ഉയർന്നിട്ടും പൊലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായിട്ടില്ലെന്ന് ആക്ഷേപമുണ്ട്.
മെമ്പർ സ്ഥാനം പ്രസാദ് അടിയന്തരമായി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പെരുവയൽ പഞ്ചായത്ത് ഓഫിസിന് മുന്നിൽ അംഗൻവാടി ജീവനക്കാർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് അധികൃതർ സ്വീകരിക്കുന്നതെന്ന് ആരോപിച്ചായിരുന്നു ജീവനക്കാരുടെ പ്രതിഷേധം.
അതേസമയം, സംഭവത്തിൽ പ്രതിഷേധിച്ച് യു.ഡി.വൈ.എഫ് പ്രവർത്തകർ പെരുവയൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ജനപ്രതിനിധി തന്നെ സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ച സംഭവം അതീവ ഗുരുതരമാണെന്നും കുറ്റക്കാരനായ മെംബറെ അറസ്റ്റ് ചെയ്യുന്നത് വരെ സമരം തുടരുമെന്നും യു.ഡി.വൈ.എഫ് നേതൃത്വം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.