തൃശൂർ: ജില്ലയിൽ സി.പി.എം സ്ഥാനാർഥികളുടെ സാധ്യത പട്ടികയായി. സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവെൻറ സാന്നിധ്യത്തിൽ ബുധനാഴ്ച ചേർന്ന ജില്ല സെക്രട്ടേറിയറ്റ് യോഗത്തിൽ സാധ്യത പട്ടിക അംഗീകരിച്ചു. മൂന്ന് ഊഴം പൂർത്തിയാക്കിയവരെ മത്സരിപ്പിക്കേണ്ടതില്ലെന്ന തീരുമാനം നടപ്പാക്കാൻ കടുംപിടിത്തവും പരീക്ഷണവും വേണ്ടെന്ന അഭിപ്രായവുമുണ്ട്. സിറ്റിങ് എം.എൽ.എമാരിൽ പുതുക്കാട് മന്ത്രി സി. രവീന്ദ്രനാഥ്, ഇരിങ്ങാലക്കുട പ്രഫ. കെ.യു. അരുണൻ, ഗുരുവായൂരിൽ കെ.വി. അബ്ദുൾഖാദർ എന്നിവർ രംഗത്തുണ്ടാവില്ല.
കുന്നംകുളം- എ.സി. മൊയ്തീൻ, ചേലക്കര- യു.ആർ. പ്രദീപ്, മണലൂർ- മുരളി പെരുനെല്ലി, ഗുരുവായൂർ- ബേബി ജോൺ, ചാലക്കുടി- ബി.ഡി. ദേവസി, യു.പി. ജോസഫ്, പുതുക്കാട്- കെ.കെ. രാമചന്ദ്രൻ, ഇരിങ്ങാലക്കുട- മഞ്ജുള അരുണൻ, അഡ്വ. കെ.ആർ. വിജയ, പ്രഫ. ആർ. ബിന്ദു, വടക്കാഞ്ചേരി- സേവ്യർ ചിറ്റിലപ്പിള്ളി എന്നിവരാണ് പട്ടികയിലുള്ളത്. മന്ത്രി രവീന്ദ്രനാഥ് ഇനി മത്സരിക്കാനില്ലെന്ന് പാർട്ടിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. തുടർഭരണം ലക്ഷ്യമിടുന്നതിനാൽ മണ്ഡലങ്ങളിൽ പുതുമുഖങ്ങളെ പരീക്ഷിക്കുന്നതിൽ സംസ്ഥാന കമ്മിറ്റിയുടെ അഭിപ്രായം വേണ്ടിവരും.
ഗുരുവായൂർ, പുതുക്കാട്, ഇരിങ്ങാലക്കുട, വടക്കഞ്ചേരി മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ കാര്യത്തിൽ സംസ്ഥാന കമ്മിറ്റി അന്തിമ തീരുമാനമെടുക്കും. എൽ.ജെ.ഡിയും കേരള കോൺഗ്രസ് ജോസ് വിഭാഗവും ജില്ലയിൽ സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അനുവദിക്കേണ്ടതില്ലെന്നാണ് സെക്രട്ടേറിയറ്റിലെ ധാരണ. യോഗത്തിൽ സെക്രട്ടറി എം.എം. വർഗീസാണ് സാധ്യത പട്ടിക അവതരിപ്പിച്ചത്. മണ്ഡലം സാധ്യതകളിൽ പ്രാഥമിക ചർച്ചയും സെക്രട്ടേറിയറ്റിൽ ഉണ്ടായി. സെക്രട്ടേറിയറ്റ് യോഗം അംഗീകരിച്ച സാധ്യത പട്ടിക വ്യാഴാഴ്ച ജില്ല കമ്മിറ്റിയിൽ അവതരിപ്പിക്കും. അതിന് ശേഷം സംസ്ഥാന കമ്മിറ്റിക്ക് അയക്കും. അന്തിമ തീരുമാനം സംസ്ഥാന കമ്മിറ്റിയിലാണെന്നതിനാൽ ജില്ല കമ്മിറ്റിയുടെ പട്ടികയിൽ ഭേദഗതിയുണ്ടാവുമെന്നാണ് നേതാക്കൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.