മണ്ണാർക്കാട്: സി.പി.എം പാലക്കാട് ജില്ല സമ്മേളനത്തോടനുബന്ധിച്ച മറുപടിയിൽ ജില്ലയിലെ പാർട്ടി നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. ജില്ലയിൽ ഇപ്പോഴും വിഭാഗീയതയുടെ കനലടങ്ങിയിട്ടില്ലെന്നും ഇത്തരം പ്രവണതകൾ വെച്ചുപൊറുപ്പിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം തുറന്നടിച്ചു. തെറ്റ് തിരുത്താൻ തയാറാവാത്തവർ കനത്ത വില നൽകേണ്ടിവരും. ജില്ലയിലെ പല നേതാക്കളുടെയും പ്രവർത്തനം വ്യക്ത്യാധിഷ്ഠിതമാണ്. ഈ രീതി അനുവദിക്കില്ല. നേതാക്കൾ പാർട്ടിക്ക് വിധേയരാണെന്ന ഓർമ വേണമെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തിൽ പ്രതിനിധികളുടെ ചർച്ചക്കുള്ള മറുപടി പ്രസംഗത്തിലാണ് പിണറായി വിമർശനമുന്നയിച്ചത്.
ജില്ല സമ്മേളനത്തിെൻറ രണ്ടാം ദിവസത്തെ പ്രതിനിധി സമ്മേളനത്തിൽ വി.എസ്. അച്യുതാനന്ദന് എതിരെ പ്രതിനിധികളുടെ രൂക്ഷ വിമർശനമുയർന്നു. തെരഞ്ഞെടുപ്പ് സമയത്തെ വി.എസിെൻറ പ്രവർത്തനം അംഗീകരിക്കാൻ സാധിക്കില്ല. സ്വന്തം ഇഷ്ടപ്രകാരം നിയോജക മണ്ഡലം സെക്രട്ടറിയെ മാറ്റിയത് ശരിയല്ല. വി.എസിന് എന്താണ് പ്രത്യേകതയെന്നും പ്രതിനിധികൾ ചോദിച്ചു. പുതുശ്ശേരി ഏരിയയാണ് വി.എസിനെതിരെ കടുത്ത വിമർശനവുമായി രംഗത്തുവന്നത്.
പി.കെ. ശശി എം.എൽ.എക്കെതിരെയും വിമർശനം ഉയർന്നു. വ്യക്ത്യാധിഷ്ഠിതമായാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി. പി. ഉണ്ണിക്കെതിരെയും രൂക്ഷവിമർശനമുയർന്നു. പലപ്പോഴും പാർട്ടിയുമായി യോജിക്കാത്ത തരത്തിലാണ് ഉണ്ണിയുടെ പ്രവർത്തനമെന്ന് കുറ്റപ്പെടുത്തി. കളി ഗാലറിയിലിരുന്ന് കാണുന്ന സമീപനമാണ് ഉണ്ണിയുടേതെന്ന് റിപ്പോർട്ടിൽ പറയുന്നു. ജില്ല നേതൃത്വം ദുർബലമാണെന്ന് പ്രചരിപ്പിക്കുന്നതിൽ മുഖ്യപങ്കു വഹിക്കുന്നുവെന്നും കുറ്റപ്പെടുത്തലുണ്ട്.
ജില്ല കമ്മിറ്റിയിൽ യുവാക്കളുടെ പ്രാതിനിധ്യം കുറയുന്നതിനെതിരെയും വിമർശനമുയർന്നു. 40 വയസ്സിൽ താഴെയുള്ള പ്രതിനിധികളുടെ എണ്ണം വിരലിലെണ്ണാവുന്നതിൽ മാത്രമാണെന്നും ഈ രീതി മാറണമെന്നും അഭിപ്രായമുയർന്നു. പുതിയ കമ്മിറ്റിയെ ഞായറാഴ്ച തെരഞ്ഞെടുക്കും. നിലവിലെ സെക്രട്ടറി സി.കെ. രാജേന്ദ്രൻ തുടരുമെന്നാണ് ലഭിക്കുന്ന സൂചന. സമ്മേളനം ഞായറാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.