‘ശൃംഗാരിപ്പെണ്ണിനോടുള്ള പെരുമാറ്റം വിശുദ്ധന് ചേർന്നതായി തോന്നിയില്ല’; ബഹാഉദ്ദീൻ നദ്‍വിക്കെതിരെ ഗുരുതര ആരോപണവുമായി സി.പി.എം നേതാവ്

മലപ്പുറം: സമസ്ത നേതാവ് ഡോ. ബഹാഉദ്ദീൻ നദ്‍വിക്കെതിരെ ഗുരുതര ആരോപണവുമായി സി.പി.എം നേതാവും തിരുവമ്പാടി ഏരിയാ കമ്മിറ്റിയംഗവുമായ നാസർ കൊളായി.

കാക്കനാടന്‍ എഴുതിയ കുടജാദ്രിയിലെ സംഗീതമെന്ന പൂര്‍ണ പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ പുസ്തകത്തെ ഉദ്ധരിച്ചായിരുന്നു നാസറിന്റെ വിവാദ പരാമര്‍ശം. ബസിലുള്ള സ്ത്രീയോട് മോശമായി പെരുമാറിയെന്ന പുസ്തകത്തിലെ ഭാഗം വായിച്ചാണ് നദ്‌വിക്കെതിരെ നാസര്‍ ഗുരുതര ആരോപണമുന്നയിക്കുന്നത്. നദ്‍വി ലഹരി ഉപയോഗിക്കുന്ന ആളാണെന്നും പറയുന്നു. ദാറുൽ ഹുദക്കെതിരെ മലപ്പുറം ചെമ്മാട് സി.പി.എം നടത്തിയ പ്രതിഷേധ പരിപാടിയിലായിരുന്നു നാസര്‍ കൊളായിയുടെ പരാമർശം.

ചെമ്മാട് ദാറുൽ ഹുദക്കെതിരെ സി.പി.എം നേരത്തെയും വിവിധ ആരോപണങ്ങളുമായി രംഗത്തുവന്നിരുന്നു. നാസർ കൊളായി പ്രസംഗത്തിൽ പറയുന്നത് ഇങ്ങനെ; ‘പൂർണ പബ്ലിക്കേഷനിൽ കിട്ടുന്നൊരു പുസ്തകമുണ്ട്. പുസ്തകത്തിന്റെ പേര് 'കുടജാദ്രിയിൽ'. ഇത് എഴുതിയാളുടെ പേര് കാക്കനാടൻ. അതില്‍ കുറെയുണ്ട്. അതില്‍ പ്രസക്തമായത് മാത്രം വായിക്കുകയാണ്. ബസ് വീണ്ടും നീങ്ങി. ഒരു ബസിലുളള യാത്രയാണ്. ആര്, കാക്കനാടൻ ബസിൽ യാത്ര ചെയ്യുന്നു. ബസിൽ കുറെ യാത്രക്കാരുണ്ട്’.

‘ബസ് വീണ്ടും നീങ്ങിയപ്പോഴേക്കും നമ്മുടെ ശൃംഗാരിപ്പെണ്ണ് ഏറെ ശ്രദ്ധയാകർഷിച്ചു. അടുത്ത സീറ്റിലിരുന്ന പുരുഷനോട്, അപരിചിതനായ പുരുഷനോട് അവൾ സംസാരിക്കുകയും ഉച്ചത്തിൽ ചിരിക്കുകയും ചെയ്തു. അവൾ ബസിൽ നിറയാൻ തുടങ്ങി. അവളിൽ നിന്ന് എന്റെ ശ്രദ്ധ പിടിച്ചെടുത്തത് മുൻ സീറ്റിലിരുന്ന മധ്യവയസ്‌കനായൊരു മുസ്‌ലിമാണ്. വട്ടമുഖം, നരവീണ് തുടങ്ങിയ താടി, തലപ്പാവ്, ജുബ്ബ, മുണ്ട്. എന്റെ കൈവശമുണ്ടായിരുന്ന ചില ലഘുഗ്രന്ഥങ്ങൾ അദ്ദേഹം വാങ്ങിനോക്കി.

അങ്ങനെയാണ് ഞങ്ങൾ തമ്മിൽ ആദ്യ സമ്പർക്കമുണ്ടായത്. സംസാരിച്ച് തുടങ്ങിയപ്പോൾ അദ്ദേഹം ഇസ്‌ലാമിനെക്കുറിച്ചും സന്മാർഗത്തെക്കുറിച്ചുമൊക്കെ പറഞ്ഞു. ഒരു വിശുദ്ധനെപ്പോലെ അഭിനയിച്ചു. പക്ഷേ പ്രവൃത്തിയിൽ അത്ര വിശുദ്ധനല്ലെന്ന ധാരണയാണ് എനിക്കുണ്ടായത്. അയാളുടെ മുൻസീറ്റിലിരുന്ന ശൃംഗാരിപ്പെണ്ണിനോടുള്ള പെരുമാറ്റം, വിശുദ്ധന് ചേർന്നതായി തോന്നിയില്ല.

ചിലപ്പോൾ എന്റെ നോട്ടപ്പിശക് ആകാം. വിശുദ്ധന്റെ നാവ് കുഴയുന്നുണ്ടായിരുന്നു. ഏതോ ലഹരി പദാർഥം പുള്ളിയുടെ ഉള്ളിൽകിടന്ന് കളിക്കുന്നുണ്ടെന്ന് വ്യക്തമായിരുന്നു. അതോ ഇനി വിശ്വാസത്തിന് നാവ് കുഴക്കാൻ വേണ്ടത്ര ലഹരിയുണ്ടോ? ഇസ്‌ലാമും ക്രിസ്തുമതവും എന്നൊരു പുസ്തകം അദ്ദേഹം എനിക്ക് തന്നു. സ്വന്തം രചനയാണെന്ന് അവകാശപ്പെട്ടു. അങ്ങനെയാണ് അദ്ദേഹത്തിന്റെ പേര് ഞാൻ കണ്ടുപിടിച്ചത്. ഗ്രന്ഥകർത്താവിന്റെ പേര് ബഹാഉദ്ദീൻ കൂരിയാട്’.

ഇത് താന്‍ പറയുന്നതല്ലെന്നും തന്റെ തലയില്‍ കയറാന്‍ വരണ്ടെന്നും നാസര്‍ സൂചിപ്പിച്ചു. പൂര്‍ണ പബ്ലിക്കേഷനില്‍ പുസ്തകം കിട്ടും. പുസ്തകമെഴുതിയത് കാക്കനാടന്‍ ആണ്. വായിച്ചറിവേ എനിക്കുള്ളുവെന്നും നാസര്‍ കൂട്ടിച്ചേർത്തു. മന്ത്രിമാര്‍ക്കും എം.എൽ.എമാര്‍ക്കുമെതിരായ ‘വൈഫ് ഇൻ ചാര്‍ജ്’ പരാമര്‍ശത്തിൽ ബഹാഉദ്ദീൻ നദ്‍വിക്കെതിരെ സി.പി.എം ശക്തമായി രംഗത്തുവന്നിരുന്നു.

Tags:    
News Summary - CPM leader makes serious allegations against Bahauddin Nadvi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.