വടകര: സംഘടന സംവിധാനത്തിലെ വളർച്ചക്കൊത്ത് ജില്ലയിലെ വോട്ട് ഷെയറിൽ കാര്യമായ ഉയർച്ചയുണ്ടാവുന്നില്ലെന്ന് സി.പി.എമ്മിൽ വിമർശനം. പാർലമെന്റ് തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കളെ രംഗത്തിറക്കിയിട്ടും പ്രതീക്ഷിച്ച വോട്ട് പോലും നേടാൻ കഴിയാത്തത് ഗൗരവത്തോടെ കാണണം. ഇതുസംബന്ധിച്ച് ആവശ്യമായ തിരുത്തലുകൾ തുടരണമെന്നും ജില്ല സമ്മേളനത്തിൽ സെക്രട്ടറി പി. മോഹനൻ അവതരിപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. നിയമസഭ തെരഞ്ഞെടുപ്പിലും, തദ്ദേശ തെരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കുമ്പോഴാണ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ തുടർച്ചയായി പിന്നാക്കം പോകുന്നത് എന്നത് കാണാതിരുന്നുകൂടാ.
പാർട്ടി അംങ്ങളുടെ എണ്ണത്തിൽ മൂന്നുവർഷത്തിനിടെ 4.037 പേരുടെ വർധനയുണ്ടായത് നേട്ടമാണ്. അംഗങ്ങളുടെ വർധനക്കനുസരിച്ച് 135 ബ്രാഞ്ചും, ആറ് ലോക്കൽ കമ്മിറ്റികളും കൂടി. മുൻകാലങ്ങളെ അപേക്ഷിച്ച് വനിതളെയും കൂടുതലായി സംഘടനരംഗത്തേക്ക് ആകർഷിക്കാനായി. നേതൃനിരയിലേക്ക് കൂടുതൽ വനിതകളെ എത്തിക്കാൻ ബോധപൂർവ ഇടപെടലുണ്ടാവണം. ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ എന്നിവയുടെ പ്രവർത്തനം വേണ്ടത്ര സജീവമല്ല. കാമ്പസുകളിൽ എസ്.എഫ്.ഐ ശക്തമാണെങ്കിലും പ്രാദേശിക തലങ്ങളിൽ പ്രവർത്തനം നിർജീവമാണ്. ഡി.വൈ.എഫ്.ഐയുടെ യൂനിറ്റുകൾ പലയിടത്തും നിർജീവമായതിനാൽ പാർട്ടിയിലേക്ക് പുതിയ സഖാക്കളെ റിക്രൂട്ട് ചെയ്യുന്നതിനും ചിലയിടങ്ങളിൽ പ്രതിസന്ധിയുണ്ട്.
സഹകരണ രംഗത്ത് ജില്ലയിൽ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ജില്ല കമ്മിറ്റി ഓഫിസിലെ എ.കെ.ജി ഹാൾ പുതുക്കി പണിതതും കോഴിക്കോട് നോർത്ത്, സൗത്ത്, കുന്ദമംഗലം, പയ്യോളി, താമരശ്ശേരി ഏരിയ കമ്മിറ്റികൾക്കും ജനാധിപത്യ മഹിള അസോസിയേഷൻ ജില്ല കമ്മിറ്റിക്കും മികച്ച ഓഫിസ് ഒരുക്കാനായത് നേട്ടമായും പറയുന്നു. ഗ്രാമപ്രദേശങ്ങളിൽ പാർട്ടിയുടെ ശക്തിക്ക് കാര്യമായ കോട്ടമില്ല. നഗരമേഖലയിൽ ബി.ജെ.പി വലിയ തോതിൽ ശക്തിപ്രാപിക്കുന്നുണ്ട്.
ന്യൂനപക്ഷ വിഭാഗങ്ങൾ പാർട്ടിയുമായി മുമ്പത്തേക്കാൾ കൂടുതലായി സഹകരിക്കുന്നുണ്ട്. ജില്ലയിൽനിന്നുള്ള മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രൻ എന്നിവരുടെ പ്രവർത്തനം മെച്ചമെന്ന് വിലയിരുത്തിയ റിപ്പോർട്ട് സർക്കാറിന്റെ മുന്തിയ പരിഗണന ജില്ലക്ക് ലഭിച്ചതായും വിലയിരുത്തി. എം.എൽ.എമാർ കൂടുതൽ ജനങ്ങൾക്കിടയിലേക്കിറങ്ങിച്ചെന്ന് പ്രവർത്തിക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു. റിപ്പോർട്ടിനെ അടിസ്ഥാനമാക്കി സമ്മേളന പ്രതിനിധികളുടെ ഏരിയ തിരിഞ്ഞുള്ള ഗ്രൂപ് ചർച്ച ബുധനാഴ്ച പൂർത്തിയായി. പൊതുചർച്ച വ്യാഴാഴ്ചയും തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.