മുഖ്യമന്ത്രിയുടെ മലപ്പുറം വിരുദ്ധ പരാമര്‍ശം ചര്‍ച്ചയാകുന്നതിനെ സി.പി.എം ഭയക്കുന്നു -സണ്ണി ജോസഫ്

നിലമ്പൂര്‍: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി ഉന്നയിച്ചതിലൂടെ മുഖ്യമന്ത്രിയുടെ മലപ്പുറം വിരുദ്ധ പരാമര്‍ശം വീണ്ടും ചര്‍ച്ചയാകുന്നതിനെ സി.പി.എം ഭയക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ. സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ജനവഞ്ചനയാണ് വേണുഗോപാല്‍ ചൂണ്ടിക്കാട്ടിയത്. മുഖ്യമന്ത്രി ദ ഹിന്ദു ദിനപത്രത്തിലെ ലേഖനത്തിലൂടെ നടത്തിയ മലപ്പുറം വിരുദ്ധ പരാമര്‍ശത്തിന് മറുപടി പറയാന്‍ സി.പി.എം തയാറായിട്ടില്ല. അതാണ് വേണുഗോപാല്‍ കഴിഞ്ഞ ദിവസം ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ മലപ്പുറം വിരുദ്ധ പരാമര്‍ശം വീണ്ടും ചര്‍ച്ചയാകുന്നതിനെ സി.പി.എം ഭയക്കുന്നുവെന്നും എത്ര ശ്രമിച്ചാലും അത് മറക്കാന്‍ സി.പി.എമ്മിനാകില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

നിയമസഭയില്‍ പോലും ഇത് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറായില്ല. മലപ്പുറം ജില്ലയെ ഒന്നാകെ ആക്ഷേപിക്കുന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം ചര്‍ച്ച ചെയ്യണമെന്ന് നിയമസഭയില്‍ ഉന്നയിച്ചത് താനാണ്. അടിയന്തര പ്രമേയത്തിന് അനുമതി തേടി. അവതരാണാനുമതി തേടിയുള്ള പ്രസംഗത്തെ പോലും മുഖ്യമന്ത്രിയും സര്‍ക്കാരും ഭയന്നിരുന്നു. മുഖ്യമന്ത്രിയുടെ നേരത്തെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മലപ്പുറം ജില്ലയെ കുറിച്ച് ഉന്നയിച്ച ആക്ഷേപമാണ് അദ്ദേഹത്തിന്റെ പി.ആര്‍. ഏജന്‍സിയുടെ നിര്‍ബന്ധപ്രകാരം പത്രം അഭിമുഖത്തില്‍ ഉള്‍പ്പെടുത്തിയത്. ഇക്കാര്യങ്ങളാണ് കെ.സി. വേണുഗോപാല്‍ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് ശക്തമായി ഉന്നയിച്ചത്. സി.പി.എം നേതാക്കള്‍ നിരന്തരമായി മലബാറിലെ ജനങ്ങളെ അവഹേളിക്കുകയാണ്. പി. ജയരാജന്‍ പുസ്തകത്തിലൂടെയും എ. വിജയരാഘന്‍ വര്‍ഗീയ പരാമര്‍ശത്തിലൂടെയും അതാവര്‍ത്തിച്ചെന്നും സണ്ണി ജോസഫ് പറഞ്ഞു.

കോണ്‍ഗ്രസിന്റെ ദേശീയ രാഷ്ട്രീയത്തിന് കേരളം നല്‍കിയ സംഭാവനയാണ് കെ.സി. വേണുഗോപാല്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെക്കും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കുമൊപ്പം ജനാധിപത്യവും മതേതരവും സംരക്ഷിക്കാന്‍ അതിശക്തമായ പോരാട്ടത്തിന് നേതൃത്വം നല്‍കുന്ന പൊതുപ്രവര്‍ത്തകനാണ് അദ്ദേഹം. രാഹുല്‍ ഗാന്ധിയോടൊപ്പം ഭാരത് ജോഡോ യാത്രയിലൂടെ മതേതര ശക്തികളെ മടങ്ങിവരവിന് നേതൃത്വം നല്‍കി. മണിപ്പൂരിലെ കലാപ പ്രദേശത്തും രാജ്യത്ത് ഭീകരാക്രമണം ഉണ്ടായപ്പോഴുമെല്ലാം ഏറ്റവും ശക്തമായ സാന്നിധ്യമായി വേണുഗോപാല്‍ ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും കപട മതേതര നിലപാട് തുറന്നുകാട്ടിയതിന്റെ പേരില്‍ വേണുഗോപാലിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാമെന്ന് കരുതണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

മലപ്പുറം ജനതയോട് ഏറെ സ്‌നേഹമുള്ള നേതാവാണ് എ.കെ. ആന്റണിയെന്നും അദ്ദേഹം പറയാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി സണ്ണി ജോസഫ് പറഞ്ഞു. തിരൂരങ്ങാടിയില്‍ നിന്ന് എം.എൽ.എയും അതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുമായ വ്യക്തിയാണ് അദ്ദേഹം. തിരൂരങ്ങാടിക്കും നിലമ്പൂരിനും രണ്ട് താലൂക്കുകള്‍ അനുവദിച്ചതും എ.കെ. ആന്റണിയുടെ സര്‍ക്കാരാണെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.

Tags:    
News Summary - CPM fears Pinarayi Vijayan's anti-Malappuram remarks will be discussed - Sunny Joseph

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.