തിരുവനന്തപുരം: നേതാക്കളുടെ ഗൃഹ സന്ദർശന പരിപാടിക്ക് പെരുമാറ്റച്ചട്ടവുമായി സി.പി.എം. ജനങ്ങളുമായി തർക്കിക്കാൻ നിൽക്കരുതെന്നും ഇടക്ക് കയറി സംസാരിക്കരുതെന്നും ക്ഷമാപൂർവം ഇടപെടണമെന്നും പാർട്ടി സംസ്ഥാന കമ്മിറ്റി കീഴ്ഘടകങ്ങൾക്ക് അയച്ച സർക്കുലറിൽ പറയുന്നു.
ശബരിമല സ്വർണക്കൊള്ളയിൽ പത്മകുമാറിനെതിരെ ഉചിതമായ സമയത്ത് നടപടി എടുക്കുമെന്ന് ജനങ്ങളെ അറിയിക്കണം. ആർ.എസ്.എസിനെതിരായ വിമർശനം ഹിന്ദു വിശ്വാസികൾക്കെതിരല്ലെന്നും ജമാഅത്തെ ഇസ്‍ലാമിയെയും ലീഗിനെയും വിമർശിക്കുന്നത് ഇസ്ലാം വിമർശനമല്ലെന്നും വീട്ടുകാരോട് പറയണമെന്നും സർക്കുലറിലുണ്ട്. 10 പേജുള്ള സർക്കുലറിലാണ് വീടുകളിൽ ചൊല്ലുന്ന നേതാക്കൾക്കുള്ള നിർദേശങ്ങളുള്ളത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ നിന്നുള്ള പാഠമുൾക്കൊണ്ടും നിയമസഭ തെരഞ്ഞെടുപ്പിൽ വിജയം ലക്ഷ്യമിട്ടുമാണ് സി.പി.എം നേതാക്കൾ ഗൃഹ സന്ദർശനം നടത്തുന്നത്. സി.പി.എം നേതാക്കളും പ്രവർത്തകരും പങ്കെടുക്കുന്ന ഗൃഹസന്ദർശന പരിപാടി ഈ മാസം 22വരെയാണ് നിശ്ചയിച്ചത്. പാർട്ടി ജനറൽ സെക്രട്ടറി എം.എ ബേബിയടക്കം ഗൃഹസന്ദർശനത്തിന്‍റെ ഭാഗമായി വീടുകൾ സന്ദർശിച്ചിരുന്നു. തിരുവനന്തപുരം മണ്ണന്തല ചെഞ്ചേരി പ്രദേശത്തെ വീടുകളാണ് ബേബി സന്ദർശിച്ചത്.
ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാറിനെതിരെ എന്തുകൊണ്ടു നടപടിയെടുക്കുന്നില്ല എന്ന ചോദ്യത്തിന് നൽകേണ്ട മറുപടിയും സർക്കുലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിഷയം ചർച്ച ചെയ്യുമ്പോൾ പത്മകുമാറിന്‍റെ തെറ്റിന്‍റെ സ്വഭാവം വ്യക്തമായിരുന്നില്ല. അത് വ്യക്തമാകുന്ന ഘട്ടത്തിൽ ഉചിത തീരുമാനം പാർട്ടി സ്വീകരിക്കുമെന്നാണ് സർക്കുലറിലുള്ളത്. വീട്ടുകാരുമായി പരിചയമുള്ളവർ സ്ക്വാഡിൽ വേണം. വീടിനകത്തിരുന്ന് സംസാരിക്കണം. സർക്കുലറിലെ എല്ലാ കാര്യങ്ങളും എല്ലായിടത്തും പറയരുത്. സാഹചര്യത്തിനനുസരിച്ച് ആവശ്യമുള്ളത് ഉപയോഗിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
ഗൃഹസന്ദർശനത്തിന് പുറമെ വാർഡ് തലത്തിൽ കുടുംബയോഗങ്ങളും ലോക്കൽ തലങ്ങളിൽ പൊതുയോഗങ്ങളും സംഘടിപ്പിക്കുന്നുണ്ട്. സർക്കാറിന്റെ വികസന, ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ചാണ് ഗൃഹസന്ദർശനത്തിലെ മുഖ്യ വിശദീകരണം. മതനിരപേക്ഷത സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം, സംസ്ഥാനത്ത് എൽ.ഡി.എഫിന് തുടർഭരണം ലഭിക്കേണ്ടതിന്‍റെ അനിവാര്യത തുടങ്ങിയ വിഷയങ്ങളും ജനങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമമുണ്ട്. ഇതോടൊപ്പം സർക്കാറിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്തേണ്ടതുണ്ടെങ്കിൽ അതിനുള്ള നിർദേശങ്ങളും കേൾക്കും.
ശബരിമല വിഷയം ഉൾപ്പെടെ സർക്കാറിനെ പ്രതിരോധത്തിലാക്കുന്ന വിഷയങ്ങളിൽ വസ്തുത ബോധ്യപ്പെടുത്തമെന്ന നിർദേശവും നേതൃത്വം നൽകിയിട്ടുണ്ട്. ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിരോധിക്കാൻ ഇടതുപക്ഷത്തിന് മാത്രമെ കഴിയൂവെന്ന വസ്‌തുതയും ബോധ്യപ്പെടുത്തും. വികസന പദ്ധതികളും ക്ഷേമ പെൻഷനടക്കം അനൂകൂല്യങ്ങളും മാത്രംകൊണ്ട് വിജയിക്കാനാവില്ലെന്ന് സി.പി.എമ്മിനെ ബോധ്യപ്പെടുത്തുന്നതായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പ് ഫലം.
പാർട്ടിയിൽനിന്ന് ജനം അകലുന്ന സാഹചര്യം ഒഴിവാക്കണമെന്ന അഭിപ്രായം, തെരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്ത വിവിധ തലങ്ങളിലെ യോഗങ്ങളിൽ ഉയരുകയും ചെയ്തിരുന്നു. ജനഹിതം അറിയാനും തിരുത്താനും ഗൃഹസന്ദർശനം ഗുണം ചെയ്യുമെന്നാണ് പാർട്ടി വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.