അടവുമാറ്റി സി.പി.എം; ഡീൽ വിവാദം മറയ്ക്കാൻ വീണ്ടും ‘ജമാഅത്ത് കാർഡ്’

തിരുവനന്തപുരം: പ്രതിപക്ഷം തൊടുത്ത ‘ഡീൽ’ ആരോപണം ചർച്ചയായതോടെ ജമാഅത്തെ ഇസ്ലാമിയെ മുൻനിർത്തിയുള്ള പതിവ് പ്രചാരണതന്ത്രത്തിലേക്ക് ചുവടുമാറ്റി സി.പി.എം. ഉപതെരഞ്ഞെടുപ്പുകളിലും ലോക്സഭ-തദ്ദേശ തെരഞ്ഞെടുപ്പുകളിലും ഈ ലൈൻ ആവോളം ഉപയോഗിച്ചെങ്കിലും നിയമസഭ പോരിൽ ഇത്തരം ചർച്ചകൾ ഒഴിവാക്കിയിയായിരുന്നു എൽ.ഡി.എഫിന്റെ പ്രചാരണത്തുടക്കം. പേരാമ്പ്രയിലെ ഇടതു സ്ഥാനാർഥിയും മുന്നണി കൺവീനറുമായ ടി.പി. രാമകൃഷ്ണന്‍റെ ആദ്യ പരാമർശങ്ങൾ ഇക്കാര്യം അടിവരയിടുന്നു.

മുസ്ലിം ലീഗ് സ്ഥാനാർഥി ജമാഅത്തെ ഇസ്ലാമിയുടെ നോമിനിയാണെന്ന മുൻ മന്ത്രികൂടിയായ ഐ.എൻ.എൽ നേതാവ് അഹമ്മദ് ദേവർകോവിലിന്‍റെ പരാമർശത്തെക്കുറിച്ച് ആരാഞ്ഞപ്പോൾ ‘അത് അദ്ദേഹത്തോട് ചോദിക്കണ’മെന്നായിരുന്നു രാമകൃഷ്ണന്‍റെ പ്രതികരണം. ഇത്തരം ചർച്ചകളിലേക്ക് കടക്കാതെ വികസന-ക്ഷേമ ലൈനിലായിരുന്നു തുടക്കത്തിൽ പാർട്ടിയും മുന്നണിയും. എന്നാൽ പ്രതിപക്ഷം ഡീൽ ആരോപണം കടുപ്പിച്ചതോടെയാണ് ജമാഅത്തെ ഇസ്ലാമി-യു.ഡി.എഫ് ബന്ധം ചർച്ചയാക്കാൻ സി.പി.എം നീക്കം തുടങ്ങിയത്. ടി.പി. രാമകൃഷ്ണൻ നിഷേധിച്ച ആരോപണങ്ങളിലേക്ക് ഒരാഴ്ചക്കിപ്പുറം നേതാക്കൾ ഒന്നിനുപുറകേ ഒന്നായി എത്തുകയും ഇടതു സാംസ്കാരിക നേതാക്കളടക്കം സൈബറിടങ്ങളിൽ സമാന പരാമർശങ്ങളുമായി സജീവമാവുകയും ചെയ്തു.

ആകസ്മികമായല്ല, ആസൂത്രിത നീക്കമാണെന്ന് വ്യക്തം. കെ.എം. ഷാജിക്ക് കുഞ്ഞാലിക്കുട്ടി മത്സരിച്ച ഉറച്ച സീറ്റ് നൽകിയത് ജമാഅത്തെ ഇസ്‍ലാമിയെ തൃപ്തിപ്പെടുത്താനാണെന്ന എ.കെ. ബാലന്‍റെ പരാമർശത്തോടെയാണ് പ്രചാരണത്തിന്റെ തുടക്കം. ജമാഅത്തെ ഇസ്‍ലാമി പറഞ്ഞ ആളുകളെയാണ് യു.ഡി.എഫ് സ്ഥാനാർഥിയാക്കിയതെന്ന പരാമർശവുമായി പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനും രംഗത്തെത്തി. ജമാഅത്തെ ഇസ്ലാമിയുടെ മുദ്രാവാക്യങ്ങൾ അടുത്ത ദിവസം ലീഗിന്റേതും കോൺഗ്രസിന്റേതുമാകുമെന്ന് എം. സ്വരാജ് പറഞ്ഞു.

ജമാഅത്തെ ഇസ്ലാമിയോട് ആശയപരമായ വിയോജിപ്പ് പ്രകടിപ്പിച്ചതിനാലാണ് എം.കെ. മുനീറിനെ സ്ഥാനാർഥിയാക്കാത്തതെന്നും അവരുടെ നിയന്ത്രണത്തിലാണ് ലീഗെന്നുമായിരുന്നു എളമരം കരീമിന്‍റെ പരാമർശം.

Tags:    
News Summary - CPM changes tactics; 'Jamaat card' again to cover up deal controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.