പ്രിയദർശിനി പദ്ധതിയിൽ ബസ് വ്യവസായം നഷ്ടത്തിൽ; മിനിമം ചാർജ് 20 രൂപയാക്കണം, വിദ്യാർഥികളുടെ കൺസഷൻ കൂട്ടണം, സർക്കാരിനെതിരെ സമരം ശക്തമാക്കാൻ ബസുടമകൾ
തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിയിൽ ബസ് വ്യവസായം നഷ്ടത്തിലാണെന്നും സർക്കാറിൽ സമ്മർദം ശക്തമാക്കാൻ സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ. ചൊവ്വാഴ്ച മുതൽ സ്വകാര്യ ബസുടമകൾ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. യു.ഡി.എഫ് സർക്കാറിന്റെ പ്രിയദർശിനി പദ്ധതി കാരണം സ്വകാര്യ ബസ് വ്യവസായം കടുത്ത നഷ്ടത്തിലാണെന്നാണ് ബസുടമകളുടെ പരാതി. വിഷയത്തിൽ മുഖ്യമന്ത്രിയെ അടക്കം നേരിട്ട് കണ്ടിട്ടും അനുകൂല നിലപാടുണ്ടായില്ലെന്നും ബസുടമകൾ പറയുന്നു. ഈ സാഹചര്യത്തിലാണ് നിരാഹാര സമരത്തിത് തയാറെടുക്കുന്നത്.
മിനിമം ചാർജ് 20 രൂപയാക്കുക, വിദ്യാർഥികളുടെ കൺസഷൻ ചാർജ് വർധിപ്പിക്കുക, പ്രിയദർശിനി കാരണം ദുരിതം അനുഭവിക്കുന്ന ബസുടമകളെയും ജീവനക്കാരെയും സംരക്ഷിക്കുക തുടങ്ങിയവയാണ് ബസുടമകളുടെ ആവശ്യം. പ്രിയദർശിനി പദ്ധതി നടപ്പാക്കിയ റൂട്ടുകളിൽ സ്വകാര്യ ബസുകൾക്ക് ഡീസലടിക്കാനോ വേതനം നൽകാനോയുള്ള വരുമാനം ലഭിക്കുന്നില്ലെന്നാണ് ഉടമകൾ പറയുന്നത്. വിഷയത്തിൽ നേരത്തേ ബസുടമകൾ സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാരസമരം ആരംഭിക്കുന്നത്. പരിഹാരമുണ്ടായില്ലെങ്കിൽ നവംബർ ആദ്യവാരം മുതൽ അനിശ്ചിതകാലത്തേക്ക് സ്വകാര്യ ബസ് സമരം ആരംഭിക്കുമെന്നും ബസുടമകൾ പറഞ്ഞിരുന്നു.
അതേസമയം, ടിക്കറ്റ് വരുമാനത്തിൽ വർധനയുമായി കെ.എസ്.ആർ.ടി.സി. ശബരിമല സീസണൊഴികെയുള്ള ദിവസങ്ങളിൽ ടിക്കറ്റ് വരുമാനത്തിൽ കെ.എസ്.ആർ.ടി.സിക്ക് വലിയ നേട്ടമാണുണ്ടായത്. 22ന് 10.64 കോടി രൂപയുടെ വരുമാനമാണ് കോർപറേഷൻ സ്വന്തമാക്കിയത്. ഇതിൽ പ്രിയദർശിനി സർവിസുകളുടെ വരുമാനം മാറ്റിയാലും മറ്റു സർവിസുകളിൽ നിന്നായി മാത്രം 7.33 കോടി രൂപ നേടാൻ കോർപറേഷന് കഴിഞ്ഞു. ഉത്സവ സീസണുകൾ ഫലപ്രദമായി ഉപയോഗപ്പെടുത്തിയതാണ് വരുമാനത്തിന് കാരണമായത്.
വെറ്റ് ലീസ് ബസുകൾ ഉൾപ്പെടുത്തി അന്തർസംസ്ഥാന സർവിസുകൾ പരമാവധി ഓപ്പറേറ്റ് ചെയ്യാൻ കഴിഞ്ഞു. ഇതിലൂടെയാണ് ശരാശരി 5.77 കോടി രൂപയായിരുന്ന പ്രിയദർശിനി ഇതര സർവിസുകളുടെ വരുമാനം 7.33 കോടിയിലേക്ക് ഉയർന്നത്. കഴിഞ്ഞ വർഷം ഇതേ പൂജാ അവധിക്കാലത്തിന് ശേഷമുള്ള സമാന ദിവസത്തിൽ 9.41 കോടി രൂപയായിരുന്നു ആകെയുള്ള ടിക്കറ്റ് വരുമാനം. ഇക്കുറി ടിക്കറ്റ് വിൽപ്പനയിൽ 1.24 കോടി രൂപയിലധികം വർധനവ് ഉണ്ടായിട്ടുണ്ട്. പ്രിയദർശിനി സർവിസുകളെ മാറ്റി നിർത്തിയാലും മികച്ച വരുമാനം നേടാനായത് സാധാരണ സർവിസുകളിലുൾപ്പെടെ കെ.എസ്.ആർ.ടി.സി നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളുടെ നേട്ടമായാണ് കോർപറേഷൻ വിലയിരുത്തുന്നത്.
വ്യാഴാഴ്ച 4,612 ബസുകൾ ഉപയോഗിച്ച് 16.02 ലക്ഷം കിലോമീറ്ററാണ് കെ.എസ്.ആർ.ടി.സി സർവിസ് നടത്തിയത്. ഒരു കിലോമീറ്ററിന് ശരാശരി വരുമാനം കഴിഞ്ഞ വർഷത്തെ 58.80 രൂപയിൽ നിന്ന് 66.44 രൂപയായി ഉയർന്നു. അതുപോലെ ഒരു ബസിൽ നിന്നുള്ള ശരാശരി വരുമാനവും 20,094 രൂപയിൽ നിന്ന് 23,215 രൂപയായി വർധിച്ചു. ഒറ്റ ദിവസം കൊണ്ട് 30.61 ലക്ഷം യാത്രക്കാരാണ് കെ.എസ്.ആർ.ടി.സി ബസുകളെ ആശ്രയിച്ചത്. യാത്രക്കാരുടെ ആവശ്യകത മനസ്സിലാക്കി കൂടുതൽ സർവിസുകൾ ക്രമീകരിക്കാനും ലഭ്യമായ ബസുകൾ കാര്യക്ഷമമായി ഉപയോഗിച്ച് വരുമാനം വർധിപ്പിക്കാനുമുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് കോർപറേഷന്റെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.