തിരുവനന്തപുരം: സി.പി.എം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശൻ ബി.ജെ.പിയിൽ ചേർന്നു. വർക്കലയിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കും.
മുൻ സി.പി.എം നേതാവ് സുന്ദരേശന്‍റെ മകളാണ് സ്മിത. മുൻ വർക്കല ബ്ലോക്ക് പ്രസിഡന്‍റായിരുന്നു. നിലവിൽ ബ്ലോക്ക് അംഗമാണ്. ഒറ്റൂർ ഡിവിഷൻ അംഗവുമായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗമെന്ന പദവി രാജിവെച്ച ശേഷമാണ് ബി.ജെ.പിയിൽ ചേർന്നത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ച് സ്വീകരിച്ചു. നേരത്തെ, ബി.ഡി.ജെ.എസിന് നൽകിയ സീറ്റാണ് പ്രാദേശിക ബി.ജെ.പി നേതൃത്വത്തിന്‍റെ എതിർപ്പിനെ തുടർന്ന് ബി.ജെ.പി ഏറ്റെടുത്തത്.
സി.പി.എമ്മിന്റെ മൂല്യച്യുതിയാണ് പാർട്ടി വിടാൻ കാരണമെന്ന് സ്മിത പ്രതികരിച്ചു. സി.പി.എമ്മിൽ വ്യക്തി താൽപര്യവും സ്വാർഥ താൽപര്യവും ആണ് ഉള്ളതെന്നും മോദിയുടെ വികസനം ആകർഷിച്ചതുകൊണ്ടാണ് ബി.ജെ.പിയിൽ ചേരുന്നതെന്നും സ്മിത പറഞ്ഞു. സി.പി.എം മുൻ ജില്ല സെക്രട്ടറി വി. ജോയിയുടെ തട്ടകത്തിൽനിന്ന് ഉന്നത സി.പി.എം നേതാവിന്റെ മകളെത്തന്നെ അടർത്തിമാറ്റി പാർട്ടിയിലെത്തിക്കാൻ കഴിഞ്ഞത് ബി.ജെ.പി വലിയ നേട്ടമായാണ് കാണുന്നത്.
തന്റെ ബി.ജെ.പി പ്രവേശനം പെട്ടെന്നെടുത്ത തീരുമാനമല്ലെന്നും അതിന് കാരണമായത് സി.പി.എം നേതാക്കളാണെന്നും സ്മിതാ സുന്ദരേശൻ പറഞ്ഞു. ബി.ജെ.പി അംഗത്വം സ്വീകരിച്ച ശേഷം ഞായറാഴ്ച രാത്രി വർക്കലയിലെത്തിയ സ്മിത മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
തന്റേത് ഉറച്ച കമ്മ്യൂണിസ്റ്റ് പാരമ്പര്യമാണ്. പിതാവ് അഡ്വ. സുന്ദരേശൻ ദീർഘകാലം സി.പി.എമ്മിന്റെ വർക്കല ഏരിയാ സെക്രട്ടറിയായിരുന്നു. ജില്ലാ കമ്മിറ്റിയംഗവും ആയിരുന്നു. 2006ലെ തെരഞ്ഞെടുപ്പിൽ വർക്കലയിലെ എൽ.ഡി.എഫ് സ്ഥാനാർഥിയുമായിരുന്നു. ബി.ജെ.പി പ്രവേശനത്തെക്കുറിച്ച് കുറച്ചു നാളായി ആലോചിക്കുകയായിരുന്നു. അതിന് വർക്കലയിലെ സി.പി.എം നേതൃത്വമാണ് കാരണം. എന്നാൽ ഇത്രയും കാലം നിന്ന പ്രസ്ഥാനത്തെയും അതിന്റെ നേതാക്കളെയും അധിക്ഷേപിക്കാനില്ല. ഇപ്പോൾ വർക്കല നിയോജകമണ്ഡലം ബി.ജെ.പി സ്ഥാനാർഥിയാണ്. രണ്ട് വമ്പൻ സ്രാവുകൾക്കിടയിൽ നിന്നാണ് മൽസരിക്കുന്നത്. എങ്കിലും തെരഞ്ഞെടുപ്പിൽ ബി.ജെ.പി ജയിക്കും. മോഡിയുടെ കരങ്ങൾക്ക് പിന്തുണ നൽകേണ്ടതുണ്ടെന്നും അഡ്വ. സ്മിതാ സുന്ദരേശൻ പറഞ്ഞു.
മഹിള കോൺഗ്രസ് പാലക്കാട് ജില്ല സെക്രട്ടറി ജയലക്ഷ്മിയും ബി.ജെ.പിയിൽ ചേർന്നു. ഷൊർണൂരിലെ ബി.ജെ.പി സ്ഥാനാർഥി ശങ്കു ടി ദാസിന്റെ പ്രചാരണ പരിപാടിക്കിടെയാണ് ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ഫോട്ടോ സോഷ്യൽ മിഡിയയിൽ പങ്കുവെച്ചതിന്റെ പേരിൽ കോൺഗ്രസ് നേതാക്കൾ തന്നെയും കുടുംബത്തെയും അധിക്ഷേപിച്ചെന്ന് ജയലക്ഷ്മി ആരോപിച്ചു. കോൺഗ്രസിൽനിന്ന് തനിക്ക് വളരെ മോശം അനുഭവം നേരിട്ടെന്നും പലരും വരും ദിവസങ്ങളിൽ ബി.ജെ.പിയിലേക്ക് വരുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.