വിഴിഞ്ഞം സമരക്കാർക്കെതിരെ കൈ കോർത്ത് സി.പി.എമ്മും ബി.ജെ.പിയും

തിരുവനന്തപുരം: വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരത്തിനെതിരെയും തുറമുഖം യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടുമുള്ള പ്രദേശിക സമരസമിതിയുടെ ലോങ്​ മാർച്ചിൽ കൈകോർത്ത്​ സി.പി.എമ്മും ബി.ജെ.പിയും. ​ബി.ജെ.പിയോട്​ ഒരു നീക്കുപോക്കും പാടില്ലെന്നും യോജിക്കാനാവില്ലെന്നും നഖശിഖാന്തം എതിർക്കണമെന്നുമുള്ള നിലപാട്​ സി.പി.എം ആവർത്തിക്കു​മ്പോഴാണ്​ സെക്രട്ടേറിയറ്റിനു മുന്നിൽ ലോങ്​ മാർച്ച്​ സമാപന ചടങ്ങിൽ പാർട്ടി ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പനും ബി.ജെ.പി ജില്ല ​പ്രസിഡന്‍റ്​ വി.വി രാജേഷും വേദി പങ്കിട്ടത്​.

സിൽവർലൈനടക്കം ജനകീയസമരങ്ങളുടെ പൊതുസമര പ്ലാറ്റ്​ഫോമുകളിൽ യു.ഡി.എഫ്​ നേതാക്കൾക്കൊപ്പം ബി.ജെ.പി പ​​​​ങ്കെടുക്കുന്നതിനെ ​രൂക്ഷമായി വിമർശിക്കുകയും നിയമസഭയിലടക്കം ആയുധമാക്കുകയും ചെയ്യുമ്പോഴാണ്​ സെക്രട്ടേറിയറ്റിനു​ മുന്നിൽ വിശ്വഹിന്ദു പരിഷത്ത്​ നേതാക്കളടക്കം ഉൾപ്പെട്ട വേദിയിൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്​ അംഗത്വത്തിന്‍റെ പങ്കാളിത്തം.

സമരലക്ഷ്യം പൊതുവാണെങ്കിലും സാധാരണ സി.പി.എം, ബി.ജെ.പി നേതാക്കൾ വേദി പങ്കിടാറില്ല. വിഴിഞ്ഞം വിഷയത്തിൽ ഇരുപാർട്ടികൾക്കും സമാന നിലപാടാണെങ്കിലും വിരുദ്ധ ആശയ ധ്രുവങ്ങളിലുള്ള പാർട്ടികൾ എന്നനിലയിൽ ഒരേ വേദിയിലെത്തിയിട്ടില്ല. ഇതാണ്​ ചൊവ്വാഴ്ച വഴിമാറിയത്​.

സമരക്കാരുടെ പ്രധാന ലക്ഷ്യം സംഘർഷമുണ്ടാകു​കയും കലാപത്തി​ലേക്ക്​ കാര്യങ്ങൾ കൊണ്ടുപോകുകയുമാണെന്നും മത്സ്യത്തൊഴിലാളി താൽ​പര്യങ്ങൾക്ക്​ ഉപരിയായി മറ്റു താൽ​പര്യങ്ങളുണ്ടെന്നും ആനാവൂർ ആരോപിച്ചു. തുറമുഖത്തിന്‍റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ ഇനി അവർക്ക്​ അധികകാലമാവില്ല. ഹൈകോടതിയും സർക്കാറും ജനങ്ങളും അവർക്ക്​ അനുകൂലമല്ല. ഈ സാഹചര്യത്തിൽ വിഴിഞ്ഞം തുറമുഖ പ്രവർത്തനങ്ങൾ കൂടുതൽ ദിവസം തടസ്സപ്പെടണമെങ്കിൽ കലാപം ഉണ്ടാവണം. അതിനുള്ള​ ​ശ്രമങ്ങൾ പ്രാദേശിക സമിതി കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രശ്നങ്ങളുണ്ടാകുമ്പോൾ ചെറുതും വലുതുമായ സമരങ്ങളുണ്ടാകാറുണ്ടെന്നും പക്ഷേ, അതിനൊക്കെ പരിധിയുണ്ടാകണമെന്നും വി.വി. രാജേഷ്​ പറഞ്ഞു. കോൺഗ്രസ്​ കൗൺസിലർ ഓമനയും മാർച്ചിൽ പ​ങ്കെടുത്തു. എൻ.എസ്​.എസ്​ താലൂക്ക്​ യൂനിയൻ പ്രസിഡന്‍റ്​ എസ്​. സംഗീത്​ കുമാർ ആയിരുന്നു ഉദ്​ഘാടകൻ. വി.എച്ച്​.പി സംസ്ഥാന സെക്രട്ടറി രാജശേഖരൻ, വിഷ്​ണുപുരം ചന്ദ്രശേഖരൻ, ​സഫറുല്ല ഖാൻ, ശാസ്തമംഗലം മോഹനൻ തുടങ്ങിയവർ പ​ങ്കെടുത്തു.

Tags:    
News Summary - CPM and BJP join hands against Vizhinjam protesters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.