പ്രതീകാത്മക ചിത്രം
തൊടുപുഴ: മൂന്നാർ ദൗത്യസംഘത്തിന്റെ നടപടിയിൽ കടുത്ത ഭാഷയിൽ പ്രതികരിച്ച് സി.പി.എം. ദൗത്യത്തിന്റെ പേരില്‍ പാവപ്പെട്ടവരെ കുടിയൊഴിപ്പിച്ചാല്‍ എതിര്‍ക്കുമെന്ന് സി.പി.എം ജില്ല സെക്രട്ടേറിയറ്റ് മുന്നറിയിപ്പ് നൽകി. ബാഹ്യശക്തികളുടെയും കപടപരിസ്ഥിതി സംഘടനകളുടെയും നിയന്ത്രണത്തിലാണ് കലക്ടറും സംഘവും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് സി.പി.എം ആരോപിച്ചു. വന്‍കിടക്കാരുമായി ഒത്തുകളിച്ച് പാവപ്പെട്ടവരെയും ചെറുകിട കര്‍ഷകരെയും ദ്രോഹിക്കാനാണ് നീക്കമെങ്കില്‍ അതിശക്തമായ ചെറുത്തുനില്‍പുണ്ടാകും.
കോടതി ഉത്തരവുകള്‍ മറയാക്കി നിവേദിത പി. ഹരന് റിപ്പോര്‍ട്ട് നടപ്പാക്കാനാണ് സംഘം ദുരൂഹനീക്കങ്ങള്‍ നടത്തുന്നത്. 28 വന്‍കിട കൈയേറ്റക്കാരെ തൊടാന്‍ ജില്ല ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. 17 വന്‍കിട കൈയേറ്റങ്ങള്‍ ആരുടേതാണെന്ന് വ്യക്തമാക്കാനും കലക്ടർ തയാറാകുന്നില്ല. വ്യക്തതയില്ലെന്ന ലിസ്റ്റിലാണ് ഈ വന്‍കിടക്കാരെ ഉള്‍പ്പെടുത്തിയത്. ഈ സ്ഥലങ്ങള്‍ കോണ്‍ഗ്രസ് നേതാക്കളായ പി.പി. തങ്കച്ചന്റെയും ബാബു കുര്യാക്കോസിന്റെയും മറ്റ് ചില യു.ഡി.എഫ് നേതാക്കളുടെയുമാണ്.
ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണ എന്നപോലെ യു.ഡി.എഫ് കാലത്ത് ഐ.എ.എസിന് ശിപാര്‍ശ ചെയ്യപ്പെട്ടതിന്റെ നന്ദി പ്രകടിപ്പിക്കുകയാണ് ചിലര്‍ ചെയ്യുന്നതെന്നും സെക്രട്ടേറിയറ്റ് ആരോപിച്ചു. കേരളീയം പരിപാടിയുടെ മാറ്റ് കുറക്കാൻ ദൗത്യസംഘം നേതൃത്വം നടത്തുന്ന ആസൂത്രിത നീക്കങ്ങളാണ് മൂന്നാറില്‍ അരങ്ങേറുന്നത്. കപട പരിസ്ഥിതിവാദികള്‍ക്ക് വേണ്ടിയുള്ള കളമൊരുക്കലാണോ ദൗത്യസംഘം നടത്തുന്നതെന്ന് സംശയിച്ചാല്‍ തെറ്റുപറയാനാകില്ല. വന്‍കിടക്കാര്‍ക്ക് ഒത്താശ ചെയ്തും നിവൃത്തിയില്ലാത്തവരെ ദ്രോഹിച്ചും മുന്നോട്ട് പോകാമെന്ന് ഉദ്യോഗസ്ഥ ലോബി കരുതേണ്ട. 60 വര്‍ഷത്തിലധികമായി ജീവിച്ചുവരുന്ന പാവപ്പെട്ടവരെ ഒഴിപ്പിക്കാനുള്ള ഏതുനീക്കത്തെയും ചെറുത്തുതോല്പിക്കുമെന്നും സി.പി.എം ജില്ല സെക്രട്ടറി സി.വി. വര്‍ഗീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.