എല്ലാം ഘടക കക്ഷികൾക്ക്​; വടകര താലൂക്കിൽ സി.പി.എമ്മിന് മത്സരിക്കാൻ സീറ്റില്ല !

നാദാപുരം: മേഖലയിലെ പ്രബല ശക്തിയായിട്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റുകിട്ടാതെ സി.പി.എം. മറ്റ് പാർട്ടി സ്ഥാനാർഥികളെ വിജയിപ്പിക്കാനുള്ള ദൗത്യം ഏറ്റെടുത്ത് ഇത്തവണയും സി.പി.എം പ്രചാരണത്തി​‍െൻറ അമരക്കാരാകും. വടകര, നാദാപുരം, കുറ്റ്യാടി, മണ്ഡലം ഉൾപ്പെടുന്ന വടകര താലൂക്കിൽ സി.പി.എമ്മിന് ഇത്തവണയും സ്ഥാനാർഥികളുണ്ടാവില്ല. കുറ്റ്യാടി കൂടി ഘടകകക്ഷികൾക്ക് വിട്ടുനൽകാൻ മുന്നണിതീരുമാനം വന്നതോടെ പാർട്ടി മത്സരിച്ച കുറ്റ്യാടിയും കൈവിട്ടു. ഒഞ്ചിയം ഉൾപ്പെടുന്ന സി.പി.എം രക്തസാക്ഷികേന്ദ്രങ്ങൾ ഉൾപ്പെടുന്ന വടകര മണ്ഡലം നേരെത്തെതന്നെ ജനതാദളി​‍െൻറ കൈവശമാണ്. ഇവിടെ നിയമസഭയിലേക്ക് സ്ഥിരമായി ജനതാദൾ ആണ് മത്സരിക്കുന്നത്.

നാദാപുരത്ത് 1962വരെ സി.പി.എം മത്സരിച്ചുവിജയിച്ച സീറ്റായിരുന്നു. എന്നാൽ, പാർട്ടിയിലെ പിളർപ്പോടെ സി.പി.ഐ സീറ്റ് സ്വന്തമാക്കുകയായിരുന്നു. തുടർച്ചയായി സി.പി.ഐ സ്ഥാനാർഥിയാണ് ഇവിടെ മത്സരിച്ച്​ വിജയിക്കുന്നത്. പാർട്ടി ശക്തികേന്ദ്രമായിട്ടും നാദാപുരത്ത് മത്സരിക്കാൻ ഇതുവരെ അവസരം ലഭ്യമായിട്ടില്ല. സി.പി.എം അണികൾക്കിടയിൽ വൻ സ്വാധീനംചെലുത്തിയ നേതാക്കൾപോലും മറ്റ് മണ്ഡലങ്ങൾ ആശ്രയിച്ചാണ് വിജയിച്ചത്. പരേതനായ എ. കണാരൻ എം.എൽ.എയും മുൻ എം.എൽ.എ കെ.കെ. ലതികയും കുറ്റ്യാടിയുടെ പഴയ രൂപമായ മേപ്പയൂരിൽനിന്ന് മത്സരിച്ച് വിജയിക്കുകയായിരുന്നു.

കുറ്റ്യാടി മണ്ഡലം നിലവിൽ മുന്നണി സീറ്റ് വിഭജനത്തി​‍െൻറ ഭാഗമായി ഘടകകക്ഷിയായ കേരള കോൺഗ്രസ് മാണി വിഭാഗത്തിന് വിട്ടുനൽകാൻ ധാരണയായതോടെ താലൂക്കിൽ മത്സരിക്കാൻ ഉണ്ടായിരുന്ന ഏക സീറ്റുകൂടി സി.പി.എമ്മിന്​ നഷ്​ടമായിരിക്കുകയാണ്. പാർട്ടി ശക്തികേന്ദ്രത്തിൽ മത്സരിക്കാൻ സീറ്റില്ലാത്തത് അണികളിൽ നിരാശപടർത്തിയിട്ടുണ്ട്. ഇവിടെ സി.പി.എം സ്ഥാനാർഥി മത്സരിക്കാനുള്ള അവസാന തയാറെടുപ്പുകൾ നടക്കുന്നതിനിടെയാണ് സീറ്റ് വിട്ടുനൽകിയ പ്രഖ്യാപനം വരുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.