സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനും മന്ത്രി ജി.ആർ. അനിലിനുമൊപ്പം മന്ത്രി വി. ശിവൻകുട്ടി. പി.എം ശ്രീ വിഷയത്തിൽ അനുനയ നീക്കവുമായി എം.എൻ സ്മാരകത്തിലെത്തിയ ശേഷം മന്ത്രി ശിവൻകുട്ടി ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം
തിരുവനന്തപുരം/ന്യൂഡൽഹി: പി.എം ശ്രീയിൽ ഇടതുമുന്നണിയിലെ പൊട്ടിത്തെറി കടുത്ത അനിശ്ചിതത്വങ്ങൾക്കും അസാധാരണ സാഹചര്യങ്ങൾക്കും വഴിമാറിയിരിക്കെ സി.പി.എം അനുനയ നീക്കങ്ങൾ ഫലം കണ്ടില്ല. മന്ത്രി വി. ശിവൻകുട്ടിയെ അനുരഞ്ജനത്തിനായി സി.പി.എം എം.എൻ സ്മാരകത്തിലേക്ക് അയച്ചെങ്കിലും സി.പി.ഐ അതൃപ്തിയും അമർഷവും ആവർത്തിച്ചു. തങ്ങൾ ഒത്തുതീർപ്പുകൾക്കില്ലെന്ന് സി.പി.ഐ നേതൃത്വം കട്ടായം പറഞ്ഞു.
സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയ സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, ധാരണാപത്രത്തിൽനിന്ന് പിന്മാറണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് ആവർത്തിച്ചതിനൊപ്പം ഇനി കാര്യങ്ങൾ തീരുമാനിക്കേണ്ടത് സി.പി.എം ആണെന്ന് കൂടി വ്യക്തമാക്കിയാണ് മടങ്ങിയത്. ഫലത്തിൽ പതിവ് ശൈലിയിലെ സി.പി.എം അനുനയനീക്കങ്ങൾക്ക് ചെവികൊടുക്കാനോ വഴങ്ങാനോ ഇല്ലെന്ന നിലപാടാണ് ദേശീയ തലത്തിലും സംസ്ഥാന തലത്തിലും സി.പി.ഐ സ്വീകരിക്കുന്നതെന്ന് വ്യക്തം. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടുവെന്ന ഗുരുതര ആരോപണം ഉന്നയിച്ചതിനൊപ്പം തങ്ങളുടെ മന്ത്രിമാരെ പിൻവലിക്കലടക്കം നിർണായക രാഷ്ട്രീയ തീരുമാനങ്ങൾക്കായി തിങ്കളാഴ്ച സി.പി.ഐ എക്സിക്യൂട്ടിവ് യോഗം ചേരാനിരിക്കുന്ന ഘട്ടത്തിൽ പ്രശ്നം എങ്ങനെ തണുപ്പിക്കണമെന്നതിൽ ഉത്തരമില്ലാത്ത സ്ഥിതിയിലാണ് സി.പി.എം.
മന്ത്രി വി. ശിവൻകുട്ടി ശനിയാഴ്ച എം.എൻ സ്മാരകത്തിലെത്തി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെയും മന്ത്രി ജി.ആർ. അനിലിനെയും കണ്ടെങ്കിലും അനുരഞ്ജനത്തിന്റെ യാതൊരു സൂചനയും നൽകിയില്ല. കൂടിക്കാഴ്ചക്ക് ശേഷം പുറത്തിറങ്ങിയ മന്ത്രി ജി.ആർ. അനിൽ ‘കാര്യങ്ങൾ പരസ്പരം പറഞ്ഞതല്ലാതെ മറ്റൊന്നുമില്ലെന്നും സ്വകാര്യ സംഭാഷണത്തിൽ തീരുന്ന വിഷയങ്ങളല്ലല്ലോ ഇതെല്ലാം’ എന്നും തുറന്നടിച്ചതിനൊപ്പം പാർട്ടി ഓഫിസിൽ ഒരാൾ വന്നാൽ കാണാതിരിക്കാൻ പറ്റുമോ എന്ന് കൂടി ചോദിച്ചതോടെ കൂടിക്കാഴ്ചയിലെ വികാരം വ്യക്തം. മന്ത്രിസഭയെയും മുന്നണിയെയും ഇരുട്ടിൽ നിർത്തി കരാർ ഒപ്പിട്ട ശേഷം ഇനി ചർച്ച ചെയ്യുന്നതെന്തിനെന്ന സമീപനമാണ് ബിനോയ് വിശ്വം സ്വീകരിച്ചതെന്നാണ് വിവരം. ഫണ്ട് ലഭ്യമാക്കാനുള്ള കുറുക്കുവഴിയാണ് കരാർ ഒപ്പിടൽ എന്നല്ലാതെ എൻ.ഇ.പിയോ കേന്ദ്ര അജണ്ടകളോ നടപ്പാക്കില്ലെന്ന് ശിവൻകുട്ടി വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും ധാരണാപത്രത്തിലെ ‘പി.എം ശ്രീ ഒപ്പിട്ട സംസ്ഥാനങ്ങൾ പൂർണമായും എൻ.ഇ.പി നടപ്പാക്കണമെന്ന’ ഒന്നാമത്തെ വ്യവസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതിരോധം.
ശനിയാഴ്ച ഉച്ചക്ക് സി.പി.എം ആസ്ഥാനമായ ന്യൂഡൽഹി എ.കെ.ജി ഭവനിലെത്തി പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബിയെ കണ്ട് സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ നടത്തിയ അര മണിക്കൂർ കൂടിക്കാഴ്ചക്ക് പിന്നാലെ തർക്ക പരിഹാരം ഇരു പാർട്ടികളുടെയും പരമോന്നത നേതാക്കൾ കേരള ഘടകങ്ങൾക്ക് വിടുകയാണുണ്ടായത്. കൂടിക്കാഴ്ചക്കുശേഷം ഇരു ജനറൽ സെക്രട്ടറിമാരും ഒന്നിച്ച് മാധ്യമങ്ങളെ കണ്ടപ്പോഴും ‘പി.എം ശ്രീ’യിൽ തമ്മിലുള്ള ഭിന്നത മുഴച്ചുനിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.