കോഴിക്കോട്: പി.എം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ എൽ.ഡി.എഫ് സർക്കാർ ഒപ്പിട്ടതിനെ രൂക്ഷമായി വിമർശിച്ച് സി.പി.ഐ മുഖപത്രം ജനയുഗത്തിൽ മുഖപ്രസംഗം. പി.എം ശ്രീയിൽ ഒപ്പുവെച്ചതോടെ ചർച്ചകളുടെയും സമവായത്തിന്‍റെയും എല്ലാ സാധ്യതകളും അട്ടിമറിക്കുകയാണ് ചെയ്തതെന്നും മുന്നണി സംവിധാനത്തിന്‍റെ അടിസ്ഥാന ജനാധിപത്യ മര്യാദകളുടെ ലംഘനവുമാണെന്നും മുഖുപ്രസംഗം പറയുന്നു.
വിദ്യാഭ്യാസ മന്ത്രിയുടെ അറിവോടും അനുമതിയോടും കൂടിയാണ് പി.എം ശ്രീയിൽ ഒപ്പിട്ടത് ഗൗരവം വർധിപ്പിക്കുന്നു. പി.എം ശ്രീയോടുള്ള സി.പി.ഐയുടെയും ഇടത് പാർട്ടികളുടെയും ജനാധിപത്യ മതേതര ശക്തികളുടെയും വിമർശനം അതിന്‍റെ പ്രധാനമന്ത്രി ബ്രാൻഡിങ്ങിനോടുള്ള എതിർപ്പല്ല, മറിച്ച് അതിന്‍റെ ഉള്ളടക്കത്തോടും ലക്ഷ്യത്തോടുമുള്ള വിമർശനമാണ്. വിദ്യാഭ്യാസ രംഗത്തിന്‍റെ സ്വകാര്യവത്കരണം. ബി.ജെ.പിയുടെ ചിന്താധാരയുടെയും രാഷ്ട്രീയപദ്ധതിയുടെയും രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്‍റെ പ്രത്യയശാസ്ത്രത്തിന് അനുസൃതമായി പുതുതലമുറയെ വാർത്തെടുക്കുകയാണ് അത്യന്തിക ലക്ഷ്യം.
വിശാല അർഥത്തിലുള്ള സ്വാതന്ത്ര്യം, ജനാധിപത്യം, മതനിരപേക്ഷത, സാമ്പത്തികവും സാമൂഹികവുമായ നീതിബോധം, വിവിധ ജനവിഭാഗങ്ങൾക്കിടയിലെ സാഹോദര്യവും ദേശീയബോധവും തുടങ്ങി സാർവത്രിക മൂല്യങ്ങളെ മുളയിലേനുള്ളി സ്വേച്ഛാധികാരത്തിലും ജാതി വ്യവസ്ഥയിലും മതമേൽക്കോയ്മയിലും അധിഷ്ഠിതമായ ഒരു സമൂഹസൃഷ്ടിക്ക് വിത്തുപാകുന്ന ഒരു വിദ്യാഭ്യാസ സംവിധാനത്തെയാണ് വിഭാവനം ചെയ്യുന്നത്.
സംസ്ഥാനങ്ങൾക്ക് അർഹമായ ജനങ്ങളുടെ നികുതിപണ വിഹിതം നിക്ഷിപ്ത രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നൽകുന്നതിന് മുന്നോട്ടുവെക്കുന്ന ഉപാധികൾക്ക് വഴങ്ങിക്കൊടുക്കുന്നത് കേന്ദ്ര സർക്കാറിന്‍റെ സ്വേച്ഛാധിപത്യ പ്രവണതകൾക്ക് അടിയറവെക്കുന്ന നടപടിയാണ്. കേന്ദ്രം നിക്ഷിപ്ത രാഷ്ട്രീയ ലക്ഷ്യങ്ങളോടെ മുന്നോട്ടുവെക്കുന്ന അപ്രായോഗികവും അന്യായവും അധാർമികവുമായ നിബന്ധനകൾക്ക് വഴങ്ങി കൊടുക്കുന്നതിലൂടെ തുറന്നുകാട്ടുക രാഷ്ട്രീയ ദൗർബല്യവും അടിമമനോഭാവത്തോട് ചേർന്നു നിൽക്കുന്ന ബലഹീനതയുമാണ്.
ബി.ജെ.പി പ്രതിനിധാനം ചെയ്യുന്ന വർഗീയ ഫാഷിസ്റ്റ് സ്വേച്ഛാധിപത്യ പ്രവണയോട് സന്ധി ചെയ്യാത്ത ഇടതുപക്ഷ ജനാധിപത്യ ബദലിന്‍റെ മാതൃകയാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ടുവെക്കുന്നത്. ആ ബദലിന്‍റെ രാഷ്ട്രീയത്തെയും പ്രത്യശാസ്ത്രത്തെയും ദുർബലമാക്കുന്ന യാതൊന്നും രാജ്യത്തെ ഇടതുപക്ഷ ജനാധിപത്യ പുരോഗമന ശക്തികൽ കേരളത്തിലെ എൽ.ഡി.എഫിൽ നിന്നും അതിന്‍റെ സർക്കാറിൽ നിന്നും പ്രതീക്ഷിക്കുന്നില്ലെന്നും മുഖപ്രസംഗം വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.