സി.പി.ഐ മാർച്ചിൽ സംഘർഷം, ലാത്തിച്ചാർജ്​; എൽദോ എബ്രഹാം എം.എൽ.എക്ക്​ പരിക്ക്​

കൊച്ചി: എറണാകുളം ഡി.ഐ.ജി ഓഫിസിലേക്ക്​ സി.പി.ഐ നടത്തിയ മാർച്ച്​ സംഘർഷത്തിൽ കലാശിച്ചു. സമരക്കാരെ പിരിച്ചുവിടാൻ പൊലീസ്​ ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിച്ചാർജ്​ നടത്തുകയും ചെയ്​തു. മൂവാറ്റുപുഴ എം.എൽ.എ എൽദോ എബ്രഹാം അടക്കം 15 സി.പി.ഐ പ്രവർത്തകർക്കും അസി. കമീഷണർ ഉൾ​പ്പെടെ മൂന്ന്​ പൊലീസുകാർക്കും പരിക്കേറ്റു. കൈയൊടിഞ്ഞ എൽദോ എബ്രഹാം, കൊച്ചി അസി. കമീഷണർ കെ. ലാൽജി, സെൻട്രൽ എസ്​.ഐ വിപിൻദാസ്​ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി പി. രാജുവി​​െൻറ തലക്ക്​ നിസ്സാര പരിക്കേറ്റു.

വൈപ്പിൻ സർക്കാർ കോളജിൽ എസ്​.എഫ്​.ഐ പ്രവർത്തകരുമായുള്ള സംഘർഷത്തിൽ പരിക്കേറ്റ എ.ഐ.എസ്​.എഫുകാരെ കാണാൻ ബുധനാഴ്​ച രാത്രി ആശുപത്രിയിലെത്തിയ പി. രാജുവിനെ ഡി​.വൈ.എഫ്​.ഐ പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ നിഷ്​ക്രിയത്വം പാലിച്ച ഞാറക്കൽ സി.ഐ ഉൾപ്പെടെ പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു മാർച്ച്​. രാവിലെ 11.30ന്​ ഹൈകോടതി ജങ്ഷനിൽനിന്ന് ആരംഭിച്ച മാർച്ച് ഡി.ഐ.ജി ഓഫിസിന് 50 മീറ്റർ അകലെ പൊലീസ് തടഞ്ഞു. പി. രാജുവി​​െൻറ ഉദ്ഘാടന പ്രസംഗം കഴിഞ്ഞ ഉടൻ എൽദോ എബ്രഹാം ഉൾപ്പെടെ സമരക്കാർ ബാരിക്കേഡിലേക്ക്​ തള്ളിക്കയറിയതോടെ, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായതിനെത്തുടർന്നാണ്​ ലാത്തിവീശിയത്​. സംഘർഷത്തിൽപെട്ട എം.എൽ.എയുടെ ഇടതുകൈ ഒടിയുകയും തലക്കും പുറത്തും പരിക്കേൽക്കുകയും ചെയ്തു. ഇദ്ദേഹത്തെ വിദഗ്​ധ ചികിത്സക്ക്​ എറണാകുളം ജനറൽ ആശുപത്രിയിൽനിന്ന്​ പിന്നീട്​ സ്വകാര്യ ആശുപത്രിയിലേക്ക്​ മാറ്റി.

സി.പി.ഐ ജില്ല അസി. സെക്രട്ടറി കെ.എൻ. സുഗതൻ, എക്സിക്യൂട്ടിവ് അംഗം ടി.സി. സൻജിത്ത് എന്നിവർക്കും മർദനമേറ്റതായി പറയുന്നു. പരിക്കേറ്റ സിവിൽ പൊലീസ്​ ഓഫിസർ സുബൈർ, ജില്ല പഞ്ചായത്ത് അംഗവും സി.പി.ഐ ജില്ല കൗൺസിൽ അംഗവുമായ അസ്‌ലഫ് പാറേക്കാടൻ, ചൂർണിക്കര പഞ്ചായത്ത്​ അംഗവും ലോക്കൽ സെക്രട്ടറിയുമായ പി.കെ. സതീഷ്‌കുമാർ, ഉദയംപേരൂർ ലോക്കൽ സെക്രട്ടറി ആൽവിൻ സേവ്യർ, എ.ഐ.എസ്.എഫ് ജില്ല ജോയൻറ് സെക്രട്ടറി എൻ.എം ജയരാജ്, എ.ഐ.വൈ.എഫ് തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറി വി.വി. വിനു, പറവൂർ മണ്ഡലം ജോയൻറ് സെക്രട്ടറി എം.എ. സിറാജ്, കൊച്ചി മണ്ഡലം വൈസ് പ്രസിഡൻറ് അഫ്സൽ, ജില്ല കമ്മിറ്റി അംഗം കെ.വി. മുരുകേഷ്, പ്രവർത്തകരായ ജോൺ മുക്കത്ത്​, കെ.കെ. പ്രദീപ്കുമാർ എന്നിവരും ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്​. കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്​.

എറണാകുളത്ത്​ സി.പി.എം-സി.പി.ഐ ബന്ധം വീണ്ടും ഉലയുന്നു
കൊച്ചി: എറണാകുളം ജില്ലയിൽ സി.പി.എം-സി.പി.ഐ ബന്ധത്തിൽ വീണ്ടും ഉലച്ചിൽ. സി.പി.എമ്മിലെ അസംതൃപ്​തരെ ഇരുകൈയും നീട്ടി സ്വീകരിച്ച സി.പി.ഐ നടപടിയെ ചൊല്ലി മൂന്നുവർഷം മുമ്പാണ്​ പാർട്ടികൾക്കിടയിൽ അസ്വാരസ്യം ഉടലെടുത്തത്​. ഒളിഞ്ഞും തെളിഞ്ഞും അത്​ തുടർന്നു. സി.പി.ഐ ജില്ല സെക്രട്ടറി പി. രാജുവിനെ ഡി​.വൈ.എഫ്​.ഐ തടഞ്ഞതും സംഭവത്തിൽ ​സി.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട്​ ചൊവ്വാഴ്​ച പാർട്ടി നടത്തിയ ഡി.ഐ.ജി ഓഫിസ്​ മാർച്ചിന്​ നേരെയുള്ള പൊലീസ്​ നടപടിയുമാണ്​​ ഒടുവിൽ ഇരുപാർട്ടിയും തമ്മി​െല ഏറ്റുമുട്ടലിന്​ വഴിവെച്ചത്​. ​

എസ്​.എഫ്​.ഐ മർദനത്തിൽ പരി​ക്കേറ്റ എ.ഐ.എസ്​.എഫ്​ പ്രവർത്തകരെ കാണാൻ കഴിഞ്ഞ ബുധനാഴ്​ച രാത്രി ഞാറക്കൽ ആശുപത്രിയിലെത്തിയ തന്നെ ഡി.വൈ.എഫ്​.ഐ പ്രവർത്തകർ തടയുകയും കാറിലിടിച്ച്​ സംസാരിക്കുകയും​ ചെയ്​തെന്നാണ്​ രാജുവി​​െൻറ ആരോപണം. സ്​ഥലത്തുണ്ടായിരുന്ന ഞാറക്കൽ സി.ഐ ഇടപെട്ടില്ലെന്നും അദ്ദേഹം പറയുന്നു. ഇതിലുള്ള പ്രതി​ഷേധം സി.പി.എം ജില്ല സെക്രട്ടറി സി.എൻ. മോഹനനെ അറിയിച്ച രാജു, സി.ഐക്കെതിരെ മുഖ്യമന്ത്രി, ഡി.ജി.പി എന്നിവർക്ക്​ പരാതി നൽകിയിരുന്നു. എന്നാൽ, നടപടിയെടുക്കുകയോ സി.പി.എം ജില്ല നേതൃത്വം പ്രതികരിക്കുകയോ ചെയ്​തില്ല. ഇതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്​.

സി.പി.എം വിട്ടവരെ സി.പി.ഐ സ്വീകരിച്ചതോടെയാണ്​ മൂന്നുവർഷം മുമ്പ്​ നേതാക്കൾ തമ്മിലെ വാക്​പോരിന്​ തുടക്കം. ഇവർക്ക്​ അംഗത്വം നൽകിയ സി.പി.ഐ സംസ്​ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ അന്നത്തെ സി.പി.എം ജില്ല സെക്രട്ടറി പി. രാജീവ്​ രൂക്ഷമായാണ്​ വിമർശിച്ചത്​. സി.പി.ഐയിലെ അസംതൃപ്തരെ സി.പി.എമ്മിലേക്ക് വിളിക്കാന്‍ തീരുമാനിച്ചാല്‍ ജില്ലയില്‍ ഒരു ഘടകകക്ഷിതന്നെ ഇല്ലാതാകുമെന്നും വർഗശത്രുക്കളെ സഹായിച്ചതിന്​ പുറത്താക്കിയ​വരെ മാലയിട്ട്​ സ്വീകരിച്ച കാനത്തി​​െൻറ നടപടി​ ഇടത്​ ഐക്യത്തെ തകർക്കുമെന്നുമായിരുന്നു രാജീവി​​െൻറ മുന്നറിയിപ്പ്​.

ഉദയംപേരൂരിൽ സി.പി.എം വിമതരെ ചേർത്ത്​ ലയനസമ്മേളനം നടത്തിയ സി.പി​.ഐക്ക്​ ശക്​തിപ്രകടനത്തിലൂടെ സി.പി.എം മറുപടി നൽകി​. രണ്ട്​ വർഷം മുമ്പ്​ മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്​തിപരമായി ആക്ഷേപിച്ച്​ പി. രാജു എറണാകുളത്ത്​ നടത്തിയ പ്രസംഗവും പടലപ്പിണക്കങ്ങൾക്ക്​ ആക്കം കൂട്ടി. ഇടക്കിടെ പേടിച്ച്​ പനി വരുന്ന ആളാണ്​ പിണറായി എന്നായിരുന്നു ആക്ഷേപം. ഇതിന്​ സി.പി.ഐ സംസ്​ഥാന നേതൃത്വം രാജുവിനോട്​ വിശദീകരണം തേടുകയും ചെയ്​തു. തനിക്കെതിരായ രാജുവി​​െൻറ പ്രസ്​താവനയെ വിമർശിച്ച്​, പച്ചക്കള്ളം പറയാൻ മടിയില്ലാത്തവരാണ് ജില്ലയിൽ സി.പി.ഐയെ നയിക്കുന്നതെങ്കിൽ ദേശീയ ജനാധിപത്യ വിപ്ലവം ഉടൻ നടക്കാനിടയുണ്ടെന്ന എം. സ്വരാജ്​ എം.എൽ.എയു​െട പരിഹാസവും വിവാദമായിരുന്നു.


Tags:    
News Summary - CPI Kochi IG Office March Eldo Abraham MLA-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.