'വേലി തന്നെ വിളവ്​ തിന്നുന്നു'; പൊലീസിനെ വിമർശിച്ച്​ സി.പി.ഐ മുഖപത്രം

തിരുവനന്തപുരം: കേരള പൊലീസിനെ രൂക്ഷമായി വിമർശിച്ച്​ സി.പി.ഐ മുഖപത്രമായ ജനയുഗം. എഡിറ്റോറിയലിലാണ്​ പൊലീസിനെ വിമർശിച്ച്​ ജനയുഗം രംഗത്തെത്തിയത്​. കേരള പൊലീസിന്‍റെ പ്രവര്‍ത്തനത്തില്‍ സംഭവിക്കുന്ന ഒറ്റപ്പെട്ട അപഭ്രംശങ്ങള്‍ വന്‍ രാഷ്ട്രീയ വിവാദമാവുകയും സംസ്ഥാനത്തെ എൽ.ഡി.എഫ്​ സര്‍ക്കാരിന്‍റെ പ്രതിഛായക്ക് മങ്ങലേൽപ്പിക്കുകയും ചെയ്യുകയാണെന്ന്​ ജനയുഗം മുഖപ്രസംഗത്തിൽ പറയുന്നു. ആലുവയിൽ നിയമവിദ്യാർഥിനി മൂഫിയ പർവീണിന്‍റെ ആത്​മഹത്യയുമായി ബന്ധപ്പെട്ട്​ പൊലീസിനെതിരെ ഉയർന്ന വിവാദങ്ങളുടെ പശ്​ചാത്തലത്തിലാണ്​ എഡിറ്റോറിയൽ.

ആലുവയില്‍ നിയമ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് ഇന്‍സ്‌പെക്ടറുടെ പേര് ആത്മഹത്യാ കുറിപ്പില്‍ സ്ഥാനംപിടിച്ചത് കേവലം യാദൃച്ഛികതയായി തള്ളിക്കളയാനാവില്ല. മുമ്പ് ഇതേ ഉദ്യോഗസ്ഥന്‍ മറ്റൊരു യുവതിയുടെ ദാരുണമായ കൊലപാതകം സംബന്ധിച്ച അന്വേഷണത്തില്‍ വിവരശേഖരണം നടത്തുന്നതില്‍ വീഴ്ചവരുത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു.

ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്ത കേസില്‍ മൃതദേഹങ്ങള്‍ സംഭവസ്ഥലത്തുനിന്നും 17 കിലോമീറ്റര്‍ അകലെയുള്ള തന്‍റെ വീട്ടില്‍ കൊണ്ടുവരുവിച്ച് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ സംഭവവും വന്‍ വിവാദമായി. ഇയാളെ ക്രമസമാധാന ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്നും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്നും ചുമതലയുണ്ടായിരുന്ന എസ്.പി റിപ്പോര്‍ട്ട് നൽകിയതായും വാര്‍ത്ത ഉണ്ടായിരുന്നു.

ഇവയടക്കം കൃത്യനിര്‍വഹണത്തില്‍ ഗുരുതര വീഴ്ചയും തൊഴില്‍പരമായ നിരുത്തരവാദിത്തവും മാത്രമല്ല അനധികൃത സ്വത്ത് സമ്പാദന ആരോപണവും ഇയാള്‍ക്കു നേരെ ഉന്നയിക്കപ്പെട്ടിരുന്നു. അത്തരം പ്രവര്‍ത്തനങ്ങള്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിലെ വീഴ്ചയ്ക്ക് അപ്പുറം കാക്കിക്കുള്ളിലെ മനുഷ്യത്വരാഹിത്യവും കുറ്റവാസനയുമാണ് തുറന്നുകാട്ടുന്നതെന്നും ജനയുഗം എഡിറ്റോറിയലിൽ പറയുന്നു.

ഇത്തരം ഉദ്യോഗസ്ഥർ കേരള പൊലീസിന്‍റെ സല്‍പേരിനു മാത്രമല്ല ജനാധിപത്യ സമൂഹത്തിനുതന്നെ അപമാനമാണ്. സമൂഹത്തില്‍ നിയമവാഴ്ച ഉറപ്പുവരുത്തേണ്ട പൊലീസ് സംവിധാനം 'വേലി വിളവു തിന്നുന്ന' സ്ഥിതിയിലേക്ക് അധഃപതിക്കാന്‍ അനുവദിച്ചുകൂടായെന്നും ജനയുഗം മുഖപ്രസംഗത്തിൽ പറയുന്നു.

Tags:    
News Summary - CPI criticizes police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.