മഞ്ചേരി: ലുഖ്മാനുൽ സബക്ക് ഈ റമദാൻ അവിസ്മരണീയം മാത്രമല്ല, പുതിയൊരു അനുഭവം കൂടിയാണ്. ലക്ഷദ്വീപില്‍നിന്ന് പഠനാവശ്യത്തിനായി മഞ്ചേരിയിലെത്തിയ ഈ 19കാരിക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാൽ വീടണയാനായില്ല. വിദ്യാഭ്യാസ സ്ഥാപനത്തിലെ ഹോസ്റ്റലിന് മുന്നില്‍ സങ്കടത്തോടെ നിന്ന അവൾക്ക് മുന്നിൽ കൂട്ടുകാരി മാളവികയെത്തി.
കൂട്ടുകാരിയുടെ കൈപിടിച്ച് മഞ്ചേരി കോവിലകംകുണ്ടിലെ വീട്ടിലേക്ക് അവൾ നടന്നു. മഞ്ചേരി പൂക്കൊളത്തൂരിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ എന്‍ട്രന്‍സ് പരിശീലനത്തിനെത്തിയതാണ് ലക്ഷദ്വീപ് അഗത്തി ദ്വീപ് സ്വദേശിനിയായ ലുഖ്മാനുല്‍ സബ. പൊതുഗതാഗതം നിര്‍ത്തിയതോടെ ഹോസ്റ്റലിൽ ഒറ്റപ്പെട്ടു. ഇതോടെയാണ്, യു.ഡി ക്ലര്‍ക്കായ കോവിലകംകുണ്ട് വടക്കേതൊടി വീട്ടില്‍ പ്രദീപിെൻറയും മഞ്ചേരി ബോയ്സ് ഹൈസ്കൂൾ അധ്യാപികയായ ബിന്ദുവിെൻറയും മൂത്തമകള്‍ മാളവിക മാര്‍ച്ച് 23ന് കൂട്ടുകാരിയെ വീട്ടിലേക്ക് കൊണ്ടുവന്നത്. ഇതോടെ കുടുംബത്തിന് മറ്റൊരു മകളെ കൂടി ലഭിച്ച പ്രതീതിയായി. റമദാനിൽ സബ നോമ്പ് എടുക്കാൻ ആരംഭിച്ചതോടെ പ്രദീപിെൻറ കുടുംബം മുഴുവൻ ആ പാത പിന്തുടർന്നു.
ഒരാള്‍ ഭക്ഷണം കഴിക്കാതെ നോമ്പ് എടുക്കുമ്പോള്‍ എങ്ങനെ ഭക്ഷണം കഴിക്കുമെന്ന ബുദ്ധിമുട്ടാണ് ഇതിന് േപ്രരിപ്പിച്ചത്. പുലര്‍ച്ച നാലിന് എഴുന്നേറ്റ് ഒരുമിച്ച് അത്താഴം കഴിക്കും. നോമ്പ് തുറക്കാനുള്ള വിഭവങ്ങളെല്ലാം ഒരുമിച്ചുണ്ടാക്കും.
തരിക്കഞ്ഞിയും പത്തിരിയും ദ്വീപിലെ പലഹാരമായ ദ്വീപുണ്ടയുമെല്ലാം ഇതിലുൾപ്പെടും. എല്ലാത്തിനും സഹായവുമായി മാളവികയുടെ അനിയത്തി കീര്‍ത്തനയും കൂട്ടിനുണ്ട്.
ഇതിനിടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതോടെ ഇരുവരും പഠനവും തുടരുന്നുണ്ട്. വീട്ടിലെത്താനായില്ലെങ്കിലും സ്വന്തം വീട്ടിലെ സ്നേഹവും പരിചരണവുമാണ് ഇവിടെ ലഭിക്കുന്നതെന്ന് ലുഖ്മാനുൽ സബ പറഞ്ഞു. ഇവരുടെ മണ്ഡലത്തിലെ എം.പി മുഹമ്മദ് ഫൈസൽ പ്രദീപിനെ ഫോണിൽ അഭിനന്ദിച്ചു. സഹായവും വാഗ്ദാനം ചെയ്തു. മകൾ സുരക്ഷിതസ്ഥലത്ത് കഴിയുന്നതിൽ സബയുടെ കുടുംബവും സന്തോഷത്തിലാണ്. ലക്ഷദ്വീപിൽ ആയുർവേദ ഡോക്ടറായ അബ്ദുൽ റഹ്മാൻ-മറിയം ദമ്പതികളുടെ മകളാണ്. ലുഖ്മാനുൽ ഹക്കീം സഹോദരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.