ന്യൂഡൽഹി: കോവിഡ് രോഗവ്യാപനത്തിൽ കുറവ് വന്ന കേരളത്തെ അഭിനന്ദിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഫെബ്രുവരി 11ന് 64,000 സജീവ കോവിഡ് രോഗികൾ ഉണ്ടായിരുന്നിടത്തുനിന്നും മാർച്ച് 11 ആയപ്പോൾ 35,000ലെത്തി. കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തിലുണ്ടായ കുറവ് ശുഭ സൂചനയാണെന്നും കോവിഡ് പ്രതിരോധമാർഗങ്ങളുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.
കഴിഞ്ഞ ഒരുമാസത്തിനിടെ കോവിഡ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരുന്ന സംസ്ഥാനങ്ങളിൽ കേരളം മുന്നിലായിരുന്നു. എന്നാൽ സ്ഥിതിഗതികൾ മാറിത്തുടങ്ങി. ഉത്തർപ്രദേശിലെയും സജീവ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. ഒരു മാസം മുമ്പ് 3,200 രോഗികളുണ്ടായിരുന്നതിൽനിന്ന് 1,600 കേസുകൾ മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മഹാരാഷ്ട്രയിലെ ചില ജില്ലകളിൽ കോവിഡ് വ്യാപനം കുറയുന്നില്ലെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. പഞ്ചാബ്, മധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന എന്നിവിടങ്ങളിലും കേസുകൾ കൂടുകയാണ്. പ്രതിരോധ മാർഗങ്ങൾ വർധിപ്പിക്കുന്നതിനൊപ്പം പരമാവധിപേർക്ക് പ്രതിരോധ കുത്തിവെപ്പ് ഉറപ്പാക്കാൻ സ്വകാര്യ ആശുപത്രികളിൽ 24 മണിക്കൂർ വാക്സിനേഷന് ആരോഗ്യ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. രണ്ടാം ഘട്ട വാക്സിനേഷനിൽ ഇതുവരെ 2.08 ലക്ഷം വാക്സിൻ ഡോസുകളാണ് കുത്തിെവച്ചതെന്നും രാജേഷ് ഭൂഷൺ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.