രമണൻ

കായംകുളം: ജീവിച്ചിരിക്കെ മരിച്ചെന്ന് വിധിയെഴുതിയ രമണൻ ഒടുവിൽ യഥാർഥ മരണത്തിന് കീഴടങ്ങി. ഭരണിക്കാവ് പള്ളിക്കൽ നടുവിലേമുറി കോയിക്കൽ മീനത്തേതില്‍ പരേതരായ ദാമോദരൻ-കാർത്യായനി ദമ്പതികളുടെ മകൻ രമണനാണ് (47) കോവിഡ് ബാധിതനായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.

ഞായറാഴ്ച രാത്രിയായിരുന്നു മരണം. തിങ്കളാഴ്ച രാവിലെ 11.30ഓടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി രമണൻ മരിച്ചെന്ന സന്ദേശം മെഡിക്കൽ കോളജിൽ നിന്നും വീട്ടുകാർക്ക് നൽകിയത് വിവാദമായിരുന്നു. മൃതദേഹം ഏറ്റുവാങ്ങാനായി ശനിയാഴ്ച രാവിലെ ബന്ധുക്കൾ ആംബുലൻസുമായി എത്തിയപ്പോഴാണ് രമണൻ അത്യാഹിത വിഭാഗത്തിൽ ജീവനോടെയുണ്ടെന്ന് കണ്ടെത്തുന്നത്. സമാന പേരുകാരനായ കൃഷ്ണപുരം സ്വദേശി മരിച്ചത് വിലാസം മാറി അറിയിച്ചതാണ് അന്ന് പ്രശ്നമായത്.

കോവിഡ് ബാധിതനായ രമണനെ കഴിഞ്ഞ 26നാണ്  ആശുപത്രിയിലെത്തിച്ചത്. മൂന്ന് ദിവസത്തിന് ശേഷം നില വഷളായതോടെ അത്യാഹിതത്തിലേക്കും തുടർന്ന് വെന്‍റിലേറ്ററിലേക്കും മാറ്റുകയായിരുന്നു. ജനറൽ വാർഡിൽ നിന്നും അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുന്നതുവരെ ബന്ധുക്കൾ ആശുപത്രിയിലുണ്ടായിരുന്നു. തുടർന്ന് വിവരങ്ങൾ യഥാസമയം ഫോണിലൂടെ അറിയിക്കുമെന്ന അധികൃതരുടെ ഉറപ്പിലാണ് ഇവർ വീട്ടിലേക്ക് മടങ്ങിയത്.

നില വഷളായിരുന്നതിനാൽ വെള്ളിയാഴ്ച മരണ വിവരം വിശ്വസിച്ച വീട്ടുകാർ സംസ്കാര ചടങ്ങിനുള്ള ഒരുക്കം നടത്തിയിരുന്നു. തെറ്റായ അറിയിപ്പ് കാരണം മരിക്കാത്ത രമണന്‍റെ പേരിൽ ആദരാഞ്ജലി അർപ്പിച്ചുള്ള പോസ്റ്ററുകൾ വരെ അന്ന് പുറത്തിറങ്ങി.

സംഭവത്തിൽ മെഡിക്കൽ കോളജ് അധികൃതരുടെ നിരുത്തരവാദ സമീപനം പ്രതിഷേധത്തിനിടയാക്കിയിരുന്നു. മനുഷ്യാവകാശ കമീഷൻ വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്.

സഹോദരങ്ങളായ രത്നമ്മക്കും ശ്രീധരനും ഒപ്പം കഴിഞ്ഞിരുന്ന രമണൻ അവിവാഹിതനാണ്. മറ്റ് സഹോദരങ്ങൾ: സരസ്വതി, വിജയമ്മ. 

Tags:    
News Summary - covid death ramanan alappuzha medical college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.