തിരുവനന്തപുരം: കോവിഡിന്‍റെ രണ്ടാം തരംഗം സംസ്ഥാനത്ത് രൂക്ഷമാകുന്ന സാഹചര്യത്തിൽ പരിശോധനകൾ വർധിപ്പിക്കുമെന്ന് ചീഫ് സെക്രട്ടറി വി.പി ജോയ്. ശനി, ഞായർ ദിവസങ്ങളിലായി രണ്ടര ലക്ഷത്തോളം പേർക്ക് ടെസ്റ്റിങ് നടത്തും. ഹൈ റിസ്ക് വിഭാഗത്തിൽ പെടുന്നവരേയായിരിക്കും പരിശോധനക്ക് വിധേയമാക്കുക. വാക്സിനേഷൻ കാമ്പയിൻ സംഘടിപ്പിക്കും. 50 ലക്ഷത്തോളം പേർക്ക് ഇതുവരെ വാക്സിൻ നൽകിയിട്ടുണ്ട്. ഏഴ് ലക്ഷത്തോളം പേർക്ക് നൽകാനുള്ള വാക്സിൻ ബാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ടെസ്റ്റിങ് വാക്സിനേഷൻ കാമ്പയിനൊപ്പം എൻഫോഴ്സ്മെന്റ് കാമ്പയിനും നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടിച്ചിട്ട സ്ഥലങ്ങളിൽ നടക്കുന്ന പൊതു പരിപാടികളിൽ പരമാവധി 75 പേരെയും തുറന്ന സ്ഥലങ്ങളിൽ 150 പേരെയും പങ്കെടുപ്പിക്കാമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. വിദ്യാർഥികൾക്ക് പരീക്ഷക്കെത്താൻ കൂടുതൽ സൗകര്യമൊരുക്കും. കടകൾ ഓൺലൈൻ ഡെലിവറി കൂട്ടണം. ട്യൂഷൻ ക്ലാസുകളിൽ കോവിഡ് മാനദണ്ഡം കർശനമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കല്യാണ ചടങ്ങൾക്ക് മുൻകൂർ അനുമതി വേണ്ട. പക്ഷേ ചടങ്ങ് നടക്കുന്ന വിവരം മുൻകൂട്ടി അറിയിക്കണം. തൃശൂർ പൂരം മുൻ നിശ്ചയിച്ച പ്രകാരം നിയന്ത്രണങ്ങളോടെ നടക്കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
ബസുകളിൽ നിന്നുള്ള യാത്ര അനുവദിക്കില്ല. ഒമ്പത് മണിക്ക് ശേഷം സ്ഥാപനങ്ങൾ അടക്കണമെന്ന് ഉത്തരവ് തിയറ്ററുകൾക്കും ബാറുകൾക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. സംസ്ഥാനത്ത് നിലവിൽ ലോക്ഡൗണിന്റെ സാഹചര്യമില്ല. നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കിയാൽ രണ്ടാഴ്ച കൊണ്ട് കോവിഡ് നിയന്ത്രിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.