ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് പ്രസവശേഷം നവജാത ശിശുവുമായെത്തിയ യുവതിയേയും മാതാവിനേയും 12 വയസുള്ള മകളേയും കോവിഡ് ഭീതിമൂലം താമസസ്ഥലത്ത് പ്രവേശിപ്പിച്ചില്ല. തുടർന്ന് ശ്രീ മൂലനഗരം ഗ്രാമപഞ്ചായത്ത് വാർഡംഗം ഇടപെട്ട് രാത്രിയോടെ ഗവ. എൽ.പി സ്കൂളിൽ പാർപ്പിച്ചു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
ആലുവ ശ്രീ മൂലനഗരം പഞ്ചായത്തിലെ കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളിയാണ് യുവതി. ഇവർ പ്രസവചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജിൽ എത്തി. ഇതിനിടയിൽ ഭർത്താവ് ഉപേക്ഷിച്ചു പോവുകയും ചെയ്തു. കഴിഞ്ഞ ദിവസം ഇവർ ആൺ കുഞ്ഞിന് ജന്മം നൽകി. മൂന്നു ദിവസം മുമ്പ് മെഡിക്കൽ കോളജിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്തെങ്കിലും നാട്ടിലേക്ക് മടങ്ങുവാൻ മാർഗമില്ലാതായി.
വിവരമറിഞ്ഞ ഗൈനക്കോളജി അധികൃതർ നവജീവൻ ട്രസ്റ്റി പി.യു. തോമസിനെ വിവരമറിയിച്ചു. അദ്ദേഹം തിങ്കളാഴ്ച മെഡിക്കൽ കോളജിലെത്തി, അരിയും പലവ്യജ്ഞനങ്ങളും, കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ നിന്ന് മരുന്നും വാങ്ങി വൈകുന്നേരത്തോടെ ഇവർ താമസിക്കുന്ന ലയത്തിലെത്തിച്ചു. എന്നാൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നെത്തിയവരാണ് എന്ന പേരിൽ ഇവരെ ലയത്തിൽ താമസിപ്പിക്കുവാൻ മറ്റുള്ളവർ തയാറായില്ല.
വിവരമറിഞ്ഞ് ഫാക്ടറി ഉടമസ്ഥലത്തെത്തുകയും വാർഡംഗം കെ.പി.അനൂപിനെ സംഭവം അറിയിക്കുകയും ചെയ്തു. അനൂപ് ആരോഗ്യ പ്രവർത്തകരെ വിവരമറിയിച്ച് ശ്രീ മൂലനഗരം സർക്കാർ എൽ.പി.സ്കൂളിൽ രാത്രി കഴിയാൻ അവസരം ഒരുക്കുകയായിരുന്നു. ഹെൽത്ത് ഇൻസ്പെക്ടർ അടക്കമുള്ളവരെ വിവരമറിയിച്ചിട്ടുണ്ടെന്നും അധികൃതരുടേയും ഫാക്ടറി ഉടമയുടേയും സഹായത്തോടെ ഇവർക്ക് വാടക വീട് ഒരുക്കുമെന്നും അനൂപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.