വിവാഹത്തിന് മുമ്പ് കുഞ്ഞ് ജനിച്ചു, മാനഹാനി ഭയന്ന് കഴുത്തുഞെരിച്ച് ​കൊന്നു; ഇടുക്കിയിൽ അറസ്റ്റിലായ കമിതാക്കളുടെ വെളിപ്പെടുത്തൽ

നെടുങ്കണ്ടം: കമ്പംമെട്ടിൽ നവജാതശിശുവിനെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ദുരഭിമാനക്കൊലയെന്ന് അറസ്റ്റിലായ അവിവാഹിതരായ കമിതാക്കളുടെ വെളിപ്പെടുത്തൽ. ഒരുമിച്ച് താമസിച്ചിരുന്ന അന്തർസംസ്ഥാന തൊഴിലാളികളായ മധ്യപ്രദേശ് മാണ്ഡ്ല ജില്ലയിൽ ബഹ്റടോള വാർഡ് നമ്പർ 16ൽ സാഥുറാം (23), വാർഡ് നമ്പർ 13ൽ മാലതി (21) എന്നിവരെയാണ് കമ്പംമെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.

കമിതാക്കളായ ഇവർ കുഞ്ഞ് ജനിച്ച ഉടൻ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഏഴിനാണ് സംഭവം. മാസങ്ങൾക്ക് മുമ്പ് കമ്പംമെട്ട് ശാന്തിപുരം സ്വദേശിയുടെ കൃഷിയിടത്തിൽ ജോലിക്കെത്തിയതായിരുന്നു ഇരുവരും. ദമ്പതികൾ എന്ന വ്യാജേന സമീപത്തെ ഷെഡിലായിരുന്നു താമസം. പ്രസവത്തോടെ കുഞ്ഞ് മരിച്ചെന്നാണ് ഇവർ നാട്ടുകാരെ ധരിപ്പിച്ചത്. തുടർന്ന്, നാട്ടുകാർ പൊലീസിലും ആരോഗ്യ വകുപ്പിലും അറിയിച്ചു.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ, കുട്ടിയുടെ മരണത്തിൽ അസ്വാഭാവികത ശ്രദ്ധയിൽപെട്ടതോടെ പൊലീസ് വിശദമായി അന്വേഷിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു. പ്രസവിച്ചയുടൻ മാലതി കുഞ്ഞിനെ ശുചിമുറിയിൽ എത്തിച്ച് സാഥുറാമിന്‍റെ സഹായത്തോടെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. കുട്ടിയുടെ കഴുത്തിൽ മൂന്ന് മുറിവും നഖത്തിന്റെ പാടുകളും ചങ്കിൽ മർദിച്ച പാടുകളും കണ്ടെത്തി. വിവാഹിതരാകുംമുമ്പ് കുഞ്ഞ് ജനിച്ചതായി ബന്ധുക്കൾ അറിഞ്ഞാലുള്ള മാനഹാനി ഭയന്നാണ് കൊലപ്പെടുത്തിയതെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞു.

ശുചിമുറിയിൽവെച്ച് കൊലനടത്തിയ ശേഷം കുട്ടി മരിച്ചെന്ന ധാരണയിൽ ഇവർ താമസിക്കുന്ന ഷെഡിൽ കൊണ്ടുപോയി കിടത്തി. പ്രസവിച്ചപ്പോൾതന്നെ കുട്ടി ശുചിമുറിയിലെ ക്ലോസറ്റിൽ വീണ് മരിച്ചെന്ന് ഇവർ വീട്ടുടമയെ അറിയിച്ചു. സ്ഥലത്തെത്തിയ ആരോഗ്യ പ്രവർത്തകർ കുഞ്ഞിന് നേരിയ ശ്വാസോച്ഛാസം കാണുകയും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് കുഞ്ഞ് മരിച്ചു. പ്രസവത്തെ തുടർന്ന് ദേഹാസ്വാസ്ഥ്യമുണ്ടായ മാലതിയെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

വെള്ളിയാഴ്ചയാണ് ഇരുവരുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. കമ്പംമെട്ട് സി.ഐ വി.എസ്. അനിൽകുമാർ, പൊലീസ് ഓഫിസർമാരായ സണ്ണി, ഷാജി, സാബു, ഏലിയാമ്മ, വി.എം. ജോസഫ്, ജെറിൻ ടി. വർഗീസ്, സുധീഷ്, ജോസിമോൾ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

Tags:    
News Summary - Couple strangles newborn to death in Idukki, arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.