ചിറ്റൂർ (പാലക്കാട്): ചിറ്റൂർ റേഞ്ചിൽ എക്സൈസ് വകുപ്പ് പരിശോധനക്കയച്ച കള്ളിന്റെ സാമ്പിളിൽ ചുമ മരുന്നിന്റെ സാന്നിധ്യം കണ്ടെത്തി. കാക്കനാട് ലാബിൽനിന്ന് ലഭിച്ച റിപ്പോർട്ടിലാണ് ചുമ മരുന്നിലെ ബനാട്രിൽ എന്ന രാസപദാർഥം കള്ളിൽ കണ്ടെത്തിയ വിവരമുള്ളത്. വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ള പദാർഥമാണിത്. ലൈസൻസിക്കും രണ്ട് വിതരണക്കാർക്കുമെതിരെ കേസെടുത്തു. വിശദമായ അന്വേഷണം നടത്തിവരുകയാണെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
വീര്യം കൂടാനാണ് കള്ളിൽ കഫ് സിറപ്പ് ചേർക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ചിറ്റൂർ റേഞ്ച് ഗ്രൂപ്പ് നമ്പർ 9ലെ വണ്ണാമട, കുറ്റിപ്പള്ളം ഷാപ്പുകളിൽ നിന്നുള്ള കള്ള് പരിശോധനക്കയച്ചത്. പാലക്കാട് ജില്ലയിലെ മറ്റ് ഷാപ്പുകളിലും ബനാട്രിലിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതിനെതിരെ പൊലീസ് നടപടി സ്വീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഒരേ ലൈസൻസിക്ക് കീഴിലെ രണ്ട് ഷാപ്പുകളിലെ കള്ളിൽ ബനാട്രിലിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. കാലാവധി കഴിഞ്ഞ കഫ് സിറപ്പുകളാകാം കലർത്തിയതെന്നാണ് എക്സൈസ് നിഗമനം.
അതേസമയം, ഫലം ലഭിക്കാൻ മാസങ്ങളെടുക്കുന്നതാണ് അധികൃതർക്ക് വെല്ലുവിളിയാകുന്നത്. സെപ്റ്റംബറിൽ നൽകിയ സാമ്പിൾ ഫലമാണ് കഴിഞ്ഞയാഴ്ച ലഭിച്ചത്. അബ്കാരി നിയമം അനുസരിച്ച് റിപ്പോർട്ട് പ്രതികൂലമായാൽ ലൈസൻസ് റദ്ദാക്കി ഷാപ്പുകൾ പൂട്ടണമെന്നാണ് വ്യവസ്ഥ. എന്നാൽ, അഞ്ചുദിവസം കഴിഞ്ഞിട്ടും ഷാപ്പുകൾ പ്രവർത്തിക്കുകയാണ്. കള്ളിൽ സ്പിരിറ്റ്, സ്റ്റാർച്ച് സാക്രിൻ, സോപ്പ് ലായനി, ഷാംപൂ എന്നിവ മുമ്പ് കണ്ടെത്തിയിരുന്നു. എന്നാൽ, കഫ് സിറപ്പ് എന്തിന് ചേർത്തെന്നത് ദുരൂഹമാണ്. സാധാരണ ചുമക്ക് കഴിച്ചാൽ തന്നെ മയക്കം പതിവാണ്. കൂടുതൽ അകത്തുചെന്നാൽ അപകടകരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.