തൃശൂർ: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ച വിദ്യാർഥിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തൃശൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർഥിയെ പുലർച്ചെ ആറരയോടെയാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. പ്രത്യേകം തയാറാക്കിയ ഐസൊലേഷൻ വാർഡിലാണ് പെൺകുട്ടി ഇപ്പോഴുള്ളത്.
കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു. വൈറസ് ബാധ സംബന്ധിച്ച പുണെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രാഥമിക പരിശോധനാ ഫലമാണ് പുറത്തുവന്നത്. വീണ്ടും സാമ്പിളുകൾ പരിശോധന നടത്തുമെന്നും അധികൃതർ പറഞ്ഞു.
പെൺകുട്ടിക്കൊപ്പം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മറ്റ് മൂന്നു പേരെ വ്യാഴാഴ്ച തന്നെ മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. ഇവരുടെ സാമ്പിളുകൾ നെഗറ്റീവ് ആയിരുന്നു.
24 പേർ ഒരേസമയം ചികിത്സ തേടാനുള്ള സൗകര്യം മെഡിക്കൽ കോളജിൽ ഒരുക്കിയിട്ടുണ്ട്. അഞ്ച് ഡോക്ടമാരടക്കം 30 പേരെ ഐസൊലേഷൻ വാർഡിൽ നിയോഗിച്ചിട്ടുണ്ട്. കൂടാതെ താലൂക്ക് ആശുപത്രികളിലും സൗകര്യം ഒരുക്കിയിട്ടുണ്ട്.
ദിവസങ്ങൾക്ക് മുമ്പാണ് ചൈനയിലെ വൂഹാനിൽ നിന്ന് എത്തിയ വിദ്യാർഥിനിെയയും മൂന്നുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനിയും ചുമയും തൊണ്ടവേദനയുമായാണ് ചികിത്സ തേടിയത്. പുണെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് വൈറസ് ബാധ തെളിഞ്ഞത്. ആദ്യപരിശോധനയായ ആർ.ടി-പി.സി.ആർ (റിയൽ ടൈം പോളിമറൈസ് ചെയിൻ റിയാക്ഷൻ) ടെസ്റ്റിൽ പോസിറ്റിവ് ആയിരുന്നു.
അതിനിടെ, കൊറോണ വൈറസ് സംശയത്തെ തുടർന്ന് കളമശ്ശേരി ഗവ. മെഡിക്കൽ കോളജിൽ അഞ്ച് വിദ്യാർഥികളെ കൂടി പ്രവേശിപ്പിച്ചു. ചൈനയിൽ നിന്നുള്ള എം.ബി.ബി.എസ് വിദ്യാർഥികളായ ഇവർ പ്രത്യേക വാർഡിലാണ് കഴിയുന്നത്. ഇതോടെ ഏഴ് പേർ മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലുണ്ട്.
പുതുതായി 247 പേരുള്‍പ്പെടെ കേരളത്തില്‍ 1053 പേര് നിരീക്ഷണത്തിലാണ്. 15 പേര് മാത്രമാണ് ആശുപത്രികളിലുള്ളത്. വ്യാഴാഴ്ച ഏഴു പേര് അഡ്മിറ്റായി. 1038 പേര് വീട്ടിൽ നിരീക്ഷണത്തിലാണ്. 24 പേരുടെ സാമ്പിളുകള്‍ പരിശോധനക്കായി പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു. 15 പേര്‍ക്കും രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.