തിരുവനന്തപുരം: അനിവാര്യഘട്ടത്തിൽ ആർ.എസ്.എസുമായി തങ്ങൾ കൂട്ടുകൂടിയെന്ന സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വെളിപ്പെടുത്തലിൽ വെട്ടിലായി സി.പി.എം. നിലമ്പൂരിലെ അഭിമാന പോരാട്ടത്തിന്റെ തൊട്ടുമുമ്പാണ് സെക്രട്ടറി പാർട്ടിയെയും ഇടതുമുന്നണിയെയും പ്രതിരോധത്തിലാക്കി പ്രതിപക്ഷത്തിന് ആയുധം കൊടുത്തത്.
ചാനൽ അഭിമുഖത്തിലെ ചോദ്യത്തിന് ജമാഅത്തെ ഇസ്ലാമിയുമായി ഒരിക്കലും സഹകരിച്ചില്ലെന്ന് മറുപടി പറഞ്ഞുകൊണ്ടായിരുന്നു, അടിയന്തരാവസ്ഥക്കുശേഷം ആർ.എസ്.എസുമായി സി.പി.എം ചേർന്ന് പ്രവർത്തിച്ചത് ഗോവിന്ദൻ സ്ഥിരീകരിച്ചത്.
ഭരണനേട്ടവും വർഗീയതക്കെതിരായ ചെറുത്തുനിൽപും ഉയർത്തിക്കാട്ടിയാണ് നിലമ്പൂരിൽ പാർട്ടി പ്രചാരണം കൊഴുപ്പിച്ചതെന്നതിനാൽ സി.പി.എം-ആർ.എസ്.എസ് സഹകരണവുമായി ബന്ധപ്പെട്ട സെക്രട്ടറിയുടെ തുറന്നുപറച്ചിൽ അതിവേഗമാണ് സമൂഹ മാധ്യമങ്ങളിലാകെ കത്തിപ്പടർന്നത്. ന്യൂനപക്ഷ വിഭാഗങ്ങൾ ഏറെയുള്ള നിലമ്പൂരിലെ വിജയപ്രതീക്ഷക്കുപോലും സെക്രട്ടറിയുടെ പ്രതികരണം തിരിച്ചടിയാകുമെന്നാണ് പാർട്ടി തന്നെ വിലയിരുത്തുന്നത്.
അസ്ഥാനത്തുള്ള പ്രസ്താവന തിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചതോടെ, വാർത്തസമ്മേളനം നടത്തിയ ഗോവിന്ദൻ, ആർ.എസ്.എസുമായി സി.പി.എം ഇതുവരെ ഒരു കൂട്ടുകെട്ടുമുണ്ടാക്കിയിട്ടില്ലെന്നുപറഞ്ഞ് മലക്കംമറിഞ്ഞു. ആർ.എസ്.എസ് ഉൾക്കൊള്ളുന്ന ജനസംഘമടക്കമുള്ള വിവിധ രാഷ്ട്രീയധാരകൾ ചേർന്ന ജനത പാർട്ടിയുമായാണ് സഹകരിച്ചതെന്നായിരുന്നു ഗോവിന്ദന്റെ ന്യായീകരണം.
ഇതിനിടെ, സി.പി.എം-ആർ.എസ്.എസ് സഹകരണം ശരിവെച്ച് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കെ. രാമന്‍പിള്ള രംഗത്തെത്തി. 1977ൽ സി.പി.എം മത്സരിച്ചത് ആർ.എസ്.എസ് പിന്തുണയോടെയാണെന്നും ആർ.എസ്.എസ് വോട്ട് സി.പി.എം സന്തോഷത്തോടെ സ്വീകരിച്ചെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിഷയത്തിൽ ഗോവിന്ദനെ തള്ളി സി.പി.ഐ രംഗത്തുവന്നു.
അമ്പതുവർഷം മുമ്പ് സംഭവിച്ച രാഷ്ട്രീയത്തിൽ ചുറ്റിത്തിരിയാൻ സി.പി.ഐയില്ലെന്നും എന്ത് കാര്യം എപ്പോൾ പറയണമെന്നതിൽ പാർട്ടിക്ക് വ്യക്തതയുണ്ടെന്നും പറഞ്ഞ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അതൃപ്തി പരസ്യമാക്കി. വിവാദം പാർട്ടിക്ക് പരിക്കേൽപിച്ചതോടെ, മുഖ്യമന്ത്രി വാർത്തസമ്മേളനം നടത്തി ഗോവിന്ദനെ തിരുത്തുകയും ആർ.എസ്.എസിനെ രൂക്ഷഭാഷയിൽ വിമർശിച്ച് പ്രതിരോധമൊരുക്കുകയും ചെയ്തു.
മുൻ ഉപതെരഞ്ഞെടുപ്പുകളിലേതിന് സമാനമായി നിലമ്പൂരിലും യു.ഡി.എഫിനെ വർഗീയ മുന്നണിയായി ചിത്രീകരിക്കാൻ പ്രചാരണത്തിൽ സി.പി.എം ശ്രദ്ധിച്ചിരുന്നു. ഭൂരിപക്ഷ വോട്ടിലുൾപ്പെടെ പ്രത്യേകം കണ്ണുവെച്ച്, വെൽഫെയർ പാർട്ടിയുടെ യു.ഡി.എഫ് പിന്തുണ ചൂണ്ടിക്കാട്ടിയായിരുന്നു യു.ഡി.എഫ് വർഗീയ കൂടാരമായെന്ന പ്രചാരണം.
അനിടെയാണ് പാർട്ടിയും ആർ.എസ്.എസും മുമ്പ് ഒരു കൂടാരത്തിലായിരുന്നെന്ന കാര്യം സെക്രട്ടറി തന്നെ തുറന്നുപറഞ്ഞത്. വിവാദ അഭിമുഖം പുറത്തുവന്നതോടെ, സി.പി.എമ്മിന്റെ വർഗീയവിരുദ്ധ നിലപാട് കാപട്യമെന്ന് അവർ തന്നെ സമ്മതിച്ചെന്ന് യു.ഡി.എഫ് ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.