തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട ഗായിക കെ.എസ്. ചിത്രയുടെ വിഡിയോ സന്ദേശത്തെച്ചൊല്ലി വിവാദം. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്തെത്തി. പ്രതിഷ്ഠ ദിനത്തിൽ വീടുകളിൽ എല്ലാവരും വിളക്ക് തെളിക്കണമെന്ന ആഹ്വാനമാണ് വിവാദത്തിന് തിരികൊളുത്തിയത്.
ചിത്രയെന്ന വിഗ്രഹം ഉടഞ്ഞെന്നും ചരിത്രം മനസ്സിലാക്കാതെയാണ് ഗായിക സംസാരിക്കുന്നതെന്നുമായിരുന്നു സാമൂഹമാധ്യമങ്ങളിലെ വിമർശനങ്ങൾ. ഇതിനിടെ ഗായകൻ ജി. വേണുഗോപാൽ ചിത്രയെ പിന്തുണച്ച് ഫേസ്ബുക്ക് കുറിപ്പിട്ടു. വായനയോ, എഴുത്തോ, രാഷ്ട്രീയാഭിമുഖ്യമോ ചിത്രക്കില്ലെന്നും ഈ വിഷയത്തിൽ, ഭക്തിമാത്രമാണ് പ്രതിഫലിച്ചതെന്നുമായിരുന്നു വേണുഗോപാലിന്റെ പോസ്റ്റ്. നിഷ്ങ്കളങ്കമായി കാര്യങ്ങൾ നിസാരവത്കരിക്കരുതെന്ന വിമർശനവുമായി വേണുഗോപാലിനെതിരെയും സൈബർ ആക്രമണമുണ്ടായി.
ചിത്രയുടെ പരാമർശം വിവാദമാക്കേണ്ടതില്ലെന്നും ആർക്കും അഭിപ്രായങ്ങൾ പറയാമെന്നും സാംസ്കാരിക മന്ത്രി സജി ചെറിയാൻ മാധ്യമങ്ങളോട് പ്രതികരിച്ചു. രാമക്ഷേത്രം പണിയാൻ സുപ്രീംകോടതി അനുമതി കൊടുത്തതല്ലേ. വിശ്വാസമുള്ളവർക്ക് പോകാം, വിശ്വാസമില്ലാത്തവർക്ക് പോകാതിരിക്കാം -സജിചെറിയാൻ പറഞ്ഞു. ചിത്രക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ കേരള പൊലീസ് മൗനം പാലിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ കുറ്റപ്പെടുത്തി. ചിത്രക്ക് പിന്തുണയുമായി ശ്രീകുമാരൻ തമ്പിയും രംഗത്തെത്തി. വിളക്ക് കൊളുത്തണമെന്ന് പറഞ്ഞതിൽ എന്തിനിത്ര വിവാദമെന്നും ശ്രീരാമനെ ആർ.എസ്.എസിന്റേത് മാത്രമായി കാണേണ്ടെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.