കൊച്ചി: സംസ്ഥാനത്തെ മുഴുവൻ വീടുകളിലും ടാപ്പിലൂടെ കുടിവെള്ളമെത്തിക്കാൻ ലക്ഷ്യമിടുന്ന ജൽജീവൻ മിഷൻ പദ്ധതിയിൽ കരാറുകാരുടെ കുടിശ്ശിക 4874 കോടി. ഏപ്രിൽ 30 വരെയുള്ള കണക്കാണിത്. തുക ലഭിക്കാത്തതിനാൽ കരാറുകാർ ജോലി ഏറ്റെടുക്കാതായതോടെ പ്രവർത്തനങ്ങൾ പലയിടത്തും താളം തെറ്റി.
ജൽ ജീവൻ മിഷൻ പദ്ധതി ചെലവിൽ 50 ശതമാനം വീതമാണ് കേന്ദ്ര, സംസ്ഥാന വിഹിതം. കോടികളുടെ പ്രവൃത്തികൾക്ക് ഭരണാനുമതി നൽകുമ്പോഴും ഇരു സർക്കാറും അതിനനുസരിച്ച് പദ്ധതി വിഹിതം അനുവദിക്കാത്തതാണ് കരാറുകാരുടെ കുടിശ്ശിക പെരുകാൻ കാരണം. ഏപ്രിൽ 30 വരെ 44,714.78 കോടിയുടെ പ്രവൃത്തിക്ക് ഭരണാനുമതി നൽകി. എന്നാൽ, കേന്ദ്ര വിഹിതമായി 5508.92 കോടിയും സംസ്ഥാന വിഹിതമായി 5931.89 കോടിയുമടക്കം ആകെ 11,440.81 കോടി യാണ് ലഭിച്ചത്.
നടപ്പ് സാമ്പത്തിക വർഷം കേന്ദ്രം ബജറ്റ് വിഹിതമായി ഒരു തുകയും പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാന സർക്കാർ 560 കോടി പ്രഖ്യാപിച്ചിരുന്നു. ജല അതോറിറ്റി, ജലനിധി, ഭൂജല വകുപ്പ് എന്നിവയാണ് സംസ്ഥാനത്ത് പദ്ധതിയുടെ നിർവഹണ ഏജൻസികൾ. ജല അതോറിറ്റിയിൽ വരവിനേക്കാൾ കൂടുതലാണ് ചെലവ്. കേന്ദ്ര-സംസ്ഥാന സർക്കാർ ഫണ്ട് അനുവദിക്കുന്ന മുറക്കേ കരാറുകാരുടെ കുടിശ്ശിക നൽകാൻ കഴിയൂവെന്നും തനത് ഫണ്ടിൽനിന്ന് തുക നൽകാനാവില്ലെന്നുമാണ് അതോറിറ്റി നിലപാട്.
കേന്ദ്ര പദ്ധതിയെന്ന് പറയുകയും കൃത്യമായി പണം അനുവദിക്കാതിരിക്കുകയും ചെയ്യുന്നത് അനീതിയാണെന്ന് കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി പറഞ്ഞു. പണം ലഭിക്കാത്തതിനാൽ പൈപ്പിടൽ മാത്രമാണ് പലയിടത്തും നടന്നത്. ടാങ്ക് നിർമാണമടക്കം മുടങ്ങിക്കിടക്കുകയാണ്. പൈപ്പിടാൻ വെട്ടിപ്പൊളിച്ച റോഡുകൾ മഴക്കാലമെത്തിയിട്ടും പൂർവസ്ഥിതിയിലാക്കാനായിട്ടില്ല. പരിഹാരം തേടി ഹൈകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് കരാറുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.