കൊച്ചി: തിരുവോണസദ്യ മുടക്കിയ ഹോട്ടൽ വീട്ടമ്മക്ക് നഷ്ടപരിഹാരവും കോടതിച്ചെലവും നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി. തിരുവോണസദ്യയുമായി മലയാളിക്ക് വൈകാരിക ബന്ധമാണുള്ളത്. പണം നൽകി ഏറെ കാത്തിരുന്നിട്ടും സദ്യ എത്തിക്കാതെ വീട്ടമ്മയെ നിരാശയിലാഴ്ത്തിയ എതിർകക്ഷി 40,000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതിച്ചെലവും സദ്യക്ക് കൈപ്പറ്റിയ തുകയും പരാതിക്കാരിക്ക് നൽകണം.
എറണാകുളം വൈറ്റില സ്വദേശി ബിന്ധ്യ സുൽത്താൻ സമർപ്പിച്ച പരാതിയിൽ ജില്ല ഉപഭോക്തൃ കോടതി പ്രസിഡന്‍റ് ഡി.ബി. ബിനു, അംഗങ്ങളായ വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവരാണ് എറണാകുളം മെയ്സ് റസ്റ്റാറന്‍റിനെതിരെ ഉത്തരവിട്ടത്.
വീട്ടിലെത്തുന്ന അതിഥികൾക്ക് സ്പെഷൽ ഓണസദ്യ പരാതിക്കാരി ബുക്ക് ചെയ്തു. അഞ്ച് ഊണിന് 1295 രൂപയും നൽകി. എന്നാൽ, രാവിലെ 11.30 മുതൽ മൂന്നുമണി വരെ കാത്തിരുന്നിട്ടും എത്തിയില്ല. സദ്യ എത്തുമെന്ന് കരുതി വീട്ടിൽ ഭക്ഷണം ഉണ്ടാക്കിയതുമില്ല. എതിർകക്ഷിയെ ഫോണിൽ ബന്ധപ്പെടാൻ പലവട്ടം ശ്രമിച്ചിട്ടും പ്രതികരിച്ചില്ല. വൈകീട്ട് ആറായപ്പോൾ മാത്രമാണ് മറുപടി നൽകിയത്. അഡ്വാൻസ് നൽകിയ തുകപോലും തിരിച്ചുനൽകിയില്ല. എതിർകക്ഷിയുടെ നിരുത്തരവാദപരമായ പെരുമാറ്റമാണ് പരാതിക്കാരിയും കുടുംബവും അനുഭവിച്ച കടുത്ത മനോവിഷമത്തിന് കാരണമെന്ന് ഉത്തരവിൽ പറഞ്ഞു.
പരാതിക്കാരി നൽകിയ 1295 രൂപയും 40,000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതിച്ചെലവും ഒമ്പത് ശതമാനം പലിശ സഹിതം ഒരുമാസത്തിനകം പരാതിക്കാരിക്ക് നൽകണമെന്നാണ് വിധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.